നാല് കാശിനു വേണ്ടി വര്‍ഗീയതയുമായി കൂട്ടുപിടിച്ചാല്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാകും: പിണറായി വിജയന്‍

തൃശ്ശൂര്‍: നാലു കാശിനും കുറച്ചു വോട്ടിനും വേണ്ടി ഏത് വര്‍ഗീയതയുമായും സമരസപ്പെടാന്‍ കോണ്‍ഗ്രസ് തയ്യാറാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചാലക്കുടിയിലെ ഇടതു സ്ഥാനാര്‍ഥിക്കുവേണ്ടി സംഘടിപ്പിച്ച പ്രാചരണ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. ഇതിന്റെ ഫലമായി മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസില്‍ നിന്ന് കൊഴിഞ്ഞുപോകുമെന്നും പിണറായി വിമര്‍ശിച്ചു.

പ്രബലമായി ഇടതുപക്ഷത്തിന് സ്വാധിനമുള്ള കേരളത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നു എന്ന് പറയുമ്പോള്‍ അതു നല്‍കുന്ന സന്ദേശം ഇടതുപക്ഷമാണ് പ്രധാന ശത്രുവെന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷം വര്‍ഗീയ ശക്തികള്‍ക്ക് പ്രധാന ശത്രുവാണ്. കുത്തക മുതലാളിമാരുടെ ശത്രുവാണ്. ഇവരെല്ലാം ആഗ്രഹിക്കുന്നതുപോലെ വളഞ്ഞുകൊടുക്കാന്‍ തയ്യാറുള്ളവരല്ല ഇടതുപക്ഷം. അങ്ങനെയുള്ള ഇടതുപക്ഷത്തിനെ നേരിടാന്‍ രാഹുല്‍ ഗാന്ധി വരുന്നത് ആരുടെ താത്പര്യത്തിലാണെന്ന് അവരുതന്നെ വ്യക്തമാക്കേണ്ടതാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പിന് ശേഷമാണ് ആര് പ്രധാനമന്ത്രിയാകണമെന്ന് കാര്യം തീരുമാനിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുമ്പും അങ്ങനെതന്നെയാണ് ഉണ്ടായിട്ടുള്ളത്. ഇത്തവണയും അതുതന്നെയാണ് സംഭവിക്കുക. ഇതില്‍ ഇടതുപക്ഷത്തിന് നിര്‍ണായകമായ പങ്കാണുള്ളതെന്നും പിണറായി വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular