ഐപിഎല്‍ 12ാം സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ആറ് വിക്കറ്റിന്റെ ജയം. 148 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് പന്ത് ബാക്കിനില്‍ക്കേയാണ് ചെന്നൈ സ്വന്തമാക്കിയത്. ധോണിയും(32) ബ്രാവോയും(4) പുറത്താകാതെ നിന്നു. ബൗളിംഗില്‍ ബ്രാവോയുടെ പ്രകടനവും ചെന്നൈയുടെ ജയത്തില്‍ നിര്‍ണായകമായി.
മറുപടി ബാറ്റിംഗില്‍ അമ്പാട്ടി റായുഡുവിനെ(5) തുടക്കത്തിലെ നഷ്ടമായെങ്കിലും വാട്സണും മൂന്നാമന്‍ റെയ്നയും തിളങ്ങി. എന്നാല്‍ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെക്കവെ ഏഴാം ഓവറില്‍ അമിത് മിശ്രയുടെ പന്തില്‍ വാട്സണെ(26 പന്തില്‍ 44) ഋഷഭ് പന്ത് മിന്നില്‍ സ്റ്റംപിങിലൂടെ പറഞ്ഞയച്ചു. 16 പന്തില്‍ 30 റണ്‍സെടുത്ത റെയ്നയ്ക്കും മികച്ച തുടക്കം നിലനിര്‍ത്താനായില്ല. മിശ്രയുടെ തന്നെ 11-ാം ഓവറില്‍ പന്തിന്റെ സുരക്ഷിത കൈകളില്‍ റെയ്നയുടെ പോരാട്ടം അവസാനിച്ചു.
എന്നാല്‍ ക്രീസില്‍ ഒന്നിച്ച നായകന്‍ എം എസ് ധോണിയും കേദാര്‍ യാദവും ചെന്നൈയെ വീണ്ടും മുന്നോട്ട് നയിച്ചു. അവസാന നാല് ഓവറില്‍ 23 റണ്‍സായിരുന്നു ചെന്നൈയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഈ ലക്ഷ്യം അനായാസം ധോണിപ്പട സ്വന്തമാക്കി. 19-ാം ഓവറില്‍ അമിത് മിശ്രയെ സിക്സറടിച്ച് ധോണി കളി കൈയിലാക്കി. അവസാന ഓവറില്‍ രണ്ട് റണ്‍സ് മാത്രമായിരുന്നു ചെന്നൈയ്ക്ക് വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ ജാദവ്(27) പുറത്തായെങ്കിലും ചെന്നൈ ലക്ഷ്യത്തിലെത്തി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ ആറ് വിക്കറ്റിന് 147 റണ്‍സെടുത്തു. മൂന്ന് വിക്കറ്റുമായി ഡ്വെയ്ന്‍ ബ്രാവോയാണ് ഡല്‍ഹി ക്യാപിറ്റല്‍സിനെ ചെറിയ സ്‌കോറില്‍ ചുരുട്ടിക്കെട്ടിയത്. പൃഥ്വി ഷാ തുടക്കത്തിലെ അടി തുടങ്ങിയെങ്കിലും 16 പന്തില്‍ 24 റണ്‍സെടുത്ത് പുറത്തായി. ഷായെ അഞ്ചാം ഓവറില്‍ ദീപക് ചഹാര്‍, വാട്സന്റെ കൈകളിലെത്തിച്ചു. ഓപ്പണര്‍ ശിഖര്‍ ധവാനെ കൂട്ടുപിടിച്ച് നായകന്‍ ശ്രേയാസ് അയ്യര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. എന്നാല്‍ 12-ാം ഓവറില്‍ അയ്യറെ(18) താഹിര്‍ എല്‍ബിയില്‍ കുടുക്കി.
പിന്നാലെ ഋഷഭ് പന്തിന്റെ വിളയാട്ടം കണ്ടെങ്കിലും അതിനും അധികം ആയുസുണ്ടായിരുന്നില്ല. 16-ാം ഓവര്‍ എറിഞ്ഞ ഡ്വെയ്ന്‍ ബ്രാവോ ഡല്‍ഹിയെ പിടിച്ചുകുലുക്കി. രണ്ടാം പന്തില്‍ ഠാക്കൂറിന്റെ തകര്‍പ്പന്‍ ക്യാച്ചില്‍ ഋഷഭ് പന്ത്(13 പന്തില്‍ 25) പുറത്ത്. നാലാം പന്തില്‍ ഇന്‍ഗ്രാം(2) റെയ്നയുടെ കൈയില്‍. തൊട്ടടുത്ത ഓവറില്‍ കീമോ പോളിനെ(0) ജഡേജ ബൗള്‍ഡാക്കി. ഇതിനിടയില്‍ ധവാന്‍ അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ 17-ാം ഓവറിലെ ആദ്യ പന്തില്‍ ധവാനെ(51) ബ്രാവോ പറഞ്ഞയച്ചു. അക്ഷാര്‍ പട്ടേലും(9) രാഹുല്‍ തിവാട്ടിയയും(11) പുറത്താകാതെ നിന്നു.