മണ്ഡലം കണ്‍വെന്‍ഷനുകളില്‍ ആവേശത്തിരയിളക്കം; കോട്ടയത്തിന്റെ ഹൃദയമറിഞ്ഞ് ചാഴിക്കാടന്റെ പ്രചാരണം

കോട്ടയം: കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്റെ പ്രചാരണത്തിന് കൊഴുപ്പേകി മണ്ഡലം കണ്‍വന്‍ഷനുകള്‍ക്ക് തുടക്കമായി. മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി എംഎല്‍എ തന്നെ നേരിട്ടെത്തിയതോടെയാണ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിന് ചൂടേറിയത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്ഥാനാര്‍ത്ഥിയ്ക്കൊപ്പം ഉമ്മന്‍ചാണ്ടി സമയം ചിലവഴിക്കുന്നത്. ഇന്നലെ രാവിലെ വൈക്കം മണ്ഡലത്തിലായിരുന്നു സ്ഥാനാര്‍ത്ഥിയുടെ പ്രചാരണം. വൈക്കം എച്ച്.എന്‍.എല്ലില്‍ എത്തിയ സ്ഥാനാര്‍ത്ഥിയെ തൊഴിലാളികള്‍ നിറഞ്ഞ കയ്യടികളോടെയും, മുദ്രാവാക്യം വിളികളോടെയുമാണ് സ്വീകരിച്ചത്. രാഷ്ട്രീയ വ്യത്യാസമില്ലാതെ തൊഴിലാളികള്‍ ഒറ്റക്കെട്ടായി തങ്ങളുടെ പ്രിയ സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടി രംഗത്തിറങ്ങി.

എച്ച്.എന്‍.എല്‍ സ്വകാര്യ വത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പാര്‍ലമെന്റില്‍ പോരാടിയ ജോസ് കെ.മാണി എംപിയുടെ പിന്‍ഗാമിയായി തോമസ് ചാഴിക്കാടനെ തന്നെ ന്യൂഡല്‍ഹിയിലേയ്ക്ക് അയക്കുമെന്ന് ഉറപ്പിച്ചായിരുന്നു സ്ഥാനാര്‍ത്ഥിയ്ക്ക് എച്ച്എന്‍എല്‍ തൊഴിലാളികള്‍ നല്‍കിയ സ്വീകരണം. തുടര്‍ന്ന് വൈക്കത്ത് മഹാനായ സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ വീട് സന്ദര്‍ശിച്ച സ്ഥാനാര്‍ത്ഥി ഇവിടെയുള്ളവരുമായി ആശയവിനിമയം നടത്തി. തുടര്‍ന്ന് ബഷീറിന്റെ ബന്ധുക്കളുടെ അനുഗ്രഹം തേടി. ഇവിടെ നിന്നിറങ്ങി തലയോലപ്പറമ്പിലെ മസ്ജിദുകളില്‍ സ്ഥാനാര്‍ത്ഥി സന്ദര്‍ശനം നടത്തി.

തുടര്‍ന്ന് നീര്‍പ്പാര ബധിരവിദ്യാലയത്തിലും, വൈക്കം നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ വീടുകളിലും സ്ഥാപനങ്ങളിലും പ്രചാരണം നടത്തുകയായിരുന്നു സ്ഥാനാര്‍ത്ഥി. ഉച്ചയ്ക്ക് ശേഷം കൂരോപ്പട, അകലക്കുന്നം, അയര്‍ക്കുന്നം, മണര്‍കാട് എന്നിവിടങ്ങളിലെ മണ്ഡലം കണ്‍വന്‍ഷനുകളില്‍ സ്ഥാനാര്‍ത്ഥി പങ്കെടുത്തു. ഈ മണ്ഡലം കണ്‍വന്‍ഷനുകളെല്ലാം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയ്ക്കൊപ്പം പ്രദേശങ്ങളിലെ വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാനാര്‍ത്ഥി പ്രചാരണം നടത്തി.

ഇന്ന് പിറവം പുതുപ്പള്ളി, വാകത്താനം, പാമ്പാടി, മീനടം എന്നിവിടങ്ങളില്‍ സ്ഥാനാര്‍ത്ഥി പ്രചാരണ രംഗത്ത് സജീവമാകും. യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്റെ വിജയത്തിനായി ഐ.എന്‍.റ്റി.യു.സി. ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ രാഷ്ട്ര രക്ഷാ ഭവന സന്ദര്‍ശന പദയാത്ര തലയോലപ്പറമ്പ് സെന്‍ട്രല്‍ ജംഗ്ഷനില്‍ കെ.പി.സി.സി വക്താവ് ജോസഫ് വാഴക്കന്‍ ഉദ്ഘാടനം ചെയ്തു.

ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 40 കേന്ദ്രങ്ങളിലെ ഭവന സന്ദര്‍ശനമാണ് ഐ.എന്‍.റ്റി.യു.സി.പ്രവര്‍ത്തകര്‍ ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫിന്റെ നേതൃത്വത്തില്‍ നടത്തുന്നത്. ഒരു ദിവസം 400ഓളം ഭവനങ്ങള്‍ സന്ദര്‍ശിച്ചു. ഐ.എന്‍.റ്റി.യു.സി. ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അക്കരപ്പാടം ശശി, അഡ്വ.വി.വി.സത്യന്‍, പി.വി.പ്രസാദ്, എം.എന്‍.ദിവാകരന്‍ നായര്‍ ,വി.ടി ജയിംസ്, എം.വി.മനോജ്, സാബു പുതുപ്പറമ്പില്‍, അഡ്വ.പി.വി.സുരേന്ദ്രന്‍, വിജയമ്മ ബാബു,ഇടവട്ടം ജയകുമാര്‍, കെ.ആര്‍.സജീവന്‍, കെ.വി.ചിത്രാംഗദന്‍, കെ.പി.ജോസ്, ബാബു പുവ നേഴത്ത്, ജെസി വര്‍ഗ്ഗീസ്, കെ. ഡി. ദേവരാജന്‍ ,മോഹനന്‍ തോട്ടുപുറം, എം.ശശി, എം.ജെ.ജോര്‍ജ്ജ്, രാജു തറപ്പേല്‍ എന്നിവര്‍ പ്രസംഗിച്ചു

Similar Articles

Comments

Advertismentspot_img

Most Popular