ഗംഭീര തുടക്കവുമായി ചെന്നൈ; ബംഗളൂരുവിനെ 7 വിക്കറ്റിന് തകര്‍ത്തു

ചെന്നൈ: ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ ഏഴു വിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഗംഭീര തുടക്കമിട്ടു. 71 റണ്‍സെന്ന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ 14 പന്ത് ബാക്കിനില്‍ക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയതീരത്തെത്തി.

10 പന്ത് നേരിട്ടിട്ടും അക്കൗണ്ട് തുറക്കാനാകാത്ത അവസ്ഥയില്‍ ഓപ്പണര്‍ ഷെയ്ന്‍ വാട്‌സണെ ചാഹല്‍ പുറത്താക്കിയെങ്കിലും പിന്നീട് ചെന്നൈ തിരിച്ചുവരികയായിരുന്നു. രണ്ടാം വിക്കറ്റില്‍ അമ്പാട്ടി റായുഡുവും സുരേഷ് റെയ്‌നയും ചേര്‍ന്ന് 32 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 19 റണ്‍സെടുത്ത റെയ്‌നയെ പുറത്താക്കി മോയിന്‍ അലിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 28 റണ്‍സടിച്ച റായുഡുവിനെ സിറാജ് തിരിച്ചയച്ചു. 13 റണ്‍സോടെ കേദര്‍ ജാദവും ആറു റണ്‍സോടെ രവീന്ദ്ര ജഡേജയും പുറത്താകാതെ നിന്നു.

നേരത്തെ ചെന്നൈയുടെ സ്പിന്‍ ബൗളിങ്ങിന് മുന്നില്‍ കളിമറന്ന ബാംഗ്ലൂര്‍ 17.1 ഓവറില്‍ 70 റണ്‍സിന് എല്ലാവരും പുറത്തായി. ഹര്‍ഭജന്‍ സിങ്ങും ഇമ്രാന്‍ താഹിറും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി. രവീന്ദ്ര ജഡേജ രണ്ടു വിക്കറ്റെടുത്തപ്പോള്‍ അവസാന വിക്കറ്റ് ബ്രാവോ വീഴ്ത്തി. 29 റണ്‍സെടുത്ത പാര്‍ഥിവ് പട്ടേലാണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറര്‍. ബാക്കി ഒരൊറ്റ ബാറ്റ്‌സ്മാന്‍മാരും രണ്ടക്കം കണ്ടില്ല.

ഇതിനിടെ ആദ്യ മത്സരത്തില്‍ തന്നെ ചരിത്ര നേട്ടവുമായി ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരങ്ങളായ ഹര്‍ഭജന്‍ സിംഗും സുരേഷ് റെയ്‌നയും ഉദ്ഘാടനം ഗംഭീരമാക്കി.. വിരാട് കോലിയുടെ ബംഗലൂരുവിനെതിരെ 15 റണ്‍സിലെത്തിയപ്പോള്‍ ഐപിഎല്‍ ചരിത്രത്തില്‍ 5000 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡ് സുരേഷ് റെയ്‌ന സ്വന്തമാക്കി.

ഐപിഎല്‍ ചരിത്രത്തില്‍ 2000, 3000, റണ്‍സ് തികച്ച ആദ്യ ബാറ്റ്‌സ്മാനുമാണ് റെയ്‌ന. ബംഗലൂരു നായകന്‍ വിരാട് കോലിയാണ് റണ്‍നേട്ടത്തില്‍ റെയ്‌നയ്ക്ക് പിന്നിലുള്ളത്. ബംഗലൂരുവിനെതിരെ 21 പന്തില്‍ 19 റണ്‍സെടുത്ത റെയ്‌ന മോയിന്‍ അലിക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.

ചെന്നൈക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങിയ ഹര്‍ഭജന്‍ സിംഗാണ് റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടി ചെന്നൈയുടെ മറ്റൊരു താരം. ബംഗലൂരുവിന്റെ മോയിന്‍ അലിയെ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കിയതോടെ ഹര്‍ഭജന്‍ ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റിട്ടേണ്‍ ക്യാച്ച് വിക്കറ്റുകള്‍ സ്വന്തമാക്കുന്ന ആദ്യ ബൗളറായി.

10 പേരെ പുറത്താക്കിയ ഡ്വയിന്‍ ബ്രാവോയ്ക്ക് ഒപ്പമായിരുന്നു ഹര്‍ഭജന്‍ ഇതുവരെ. അലിയെ വീഴ്ത്തിയതോടെ 11 പുറത്താക്കലുകളുമായി ഹര്‍ഭജന്‍ തലപ്പത്തെത്തി.

Similar Articles

Comments

Advertismentspot_img

Most Popular