ചെന്നൈ: ചെപ്പോക്കിലെ മഞ്ഞക്കടലിന് മുന്നില്‍ നാണംകെട്ട് കോലിപ്പട. ഐ.പി.എല്‍ പന്ത്രണ്ടാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് തങ്ങളുടെ ആധിപത്യം ഒരിക്കല്‍ കൂടി തെളിയിച്ചു. ചെന്നൈയുടെ സ്പിന്‍ ബൗളിങ്ങിന് മുന്നില്‍ കളിമറന്ന ബാംഗ്ലൂര്‍ 17.1 ഓവറില്‍ 70 റണ്‍സിന് എല്ലാവരും പുറത്തായി.
ഹര്‍ഭജന്‍ സിങ്ങും ഇമ്രാന്‍ താഹിറും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി. രവീന്ദ്ര ജഡേജ രണ്ടു വിക്കറ്റെടുത്തപ്പോള്‍ അവസാന വിക്കറ്റ് ബ്രാവോ വീഴ്ത്തി. 29 റണ്‍സെടുത്ത പാര്‍ഥിവ് പട്ടേലാണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറര്‍. ബാക്കി ഒരൊറ്റ ബാറ്റ്‌സ്മാന്‍മാരും രണ്ടക്കം കണ്ടില്ല.
ടോസ് സ്‌കോര്‍ ബോര്‍ഡില്‍ 16 റണ്‍സെത്തിയപ്പോഴേക്കും കോലിയെ ഭാജി രവീന്ദ്ര ജഡേജയുടെ കൈയിലെത്തിച്ചു. മോയിന്‍ അലിയെ സ്വന്തം പന്തില്‍ ഹര്‍ഭജന്‍ തന്നെ ക്യാച്ചെടുക്കുകയായിരുന്നു. ഡിവില്ലിയേഴ്‌സിന് ജഡേജയുടെ ക്യാച്ചില്‍ ക്രീസ് വിടാനായിരുന്നു വിധി.
ഐ.പി.എല്ലില്‍ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ഹെറ്റ്‌മെയര്‍ നേരിട്ട രണ്ടാം പന്തില്‍ റണ്‍ഔട്ടായി. റെയ്‌നയുടെ ത്രോയില്‍ ധോനി കുറ്റി തെറിപ്പിക്കുകയായിരുന്നു. അടുത്ത ഊഴം ഇമ്രാന്‍ താഹിറിന്റേതായിരുന്നു. രണ്ട് റണ്‍സെടുത്ത ശിവന്‍ ധൂപായിരുന്നു താഹിറിന്റെ ആദ്യ ഇര. പിന്നാലെ നാല് റണ്‍സുമായി ക്രീസിലുണ്ടായിരുന്ന ഗ്രാന്ദ്‌ഹോമിനെ ജഡേജ, ധോനിയുടെ കൈയിലെത്തിച്ചു.
ആറു റണ്‍സിന്റെ ഗ്യാപ്പില്‍ നവദീപ് സയ്‌നിയേയും (2) യുസ്‌വേന്ദ്ര ചാഹലിനേയും (4) ഇമ്രാന്‍ താഹിര്‍ മടക്കി. ഒരു റണ്ണെടുത്ത ഉമേഷ് യാദവിനെ ജഡേജ ക്ലീന്‍ ബൗള്‍ഡാക്കി. 29 റണ്‍സുമായി ചെറുത്തുനില്‍പ്പ് നടത്തിയ പാര്‍ത്ഥിവ് പട്ടേലിനെ പുറത്താക്കി ബ്രാവോ ബാംഗ്ലൂരിന്റെ ഇന്നിങ്‌സിന് കര്‍ട്ടനിട്ടു.