ധോണിയുമായി താരതമ്യം ചെയ്യരുതെന്ന് വ്യക്തമാക്കി ഋഷഭ് പന്ത് തന്നെ രംഗത്തെത്തി. അത്തരം താരതമ്യങ്ങളെ കുറിച്ചൊന്നും ഞാന്‍ കൂടുതല്‍ ആലോചിക്കുന്നില്ല. ഒരു കളിക്കാരനെന്ന നിലയില്‍ എനിക്ക് അദ്ദേഹത്തില്‍ നിന്ന് പഠിക്കാനുണ്ട്. അദ്ദേഹം ഒരു ഇതിഹാസമാണ്, ആളുകള്‍ അദ്ദേഹവുമായി എന്നെ താരതമ്യം ചെയ്യുന്നതില്‍ താത്പര്യമില്ല. എനിക്ക് അദ്ദേഹവുമായി നല്ല അടുപ്പമുണ്ട്. എന്റെ കളി എങ്ങനെ മെച്ചപ്പെടുത്തും എന്നതിനെ കുറിച്ച് അദ്ദേഹവുമായി ഒരുപാട് സംസാരിക്കാറുണ്ട്” -പന്ത് പറഞ്ഞു.
ധോണിയുടെ അഭാവത്തില്‍ ഇന്ത്യയ്ക്കായി വിക്കറ്റിനു പിന്നില്‍ വരുത്തിയ പിഴവുകളുടെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് ഇരയാകേണ്ടി വന്ന താരമാണ് യുവതാരം പന്ത്. ഓസീസിനെതിരേ മൊഹാലിയില്‍ നടന്ന ഏകദിനത്തിലായിരുന്നു പിഴവുകളുടെ പേരില്‍ പന്തിനെതിരേ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.
നേരത്തെ ഓസീസിനെതിരായ പരമ്പരയ്ക്കു പിന്നാലെ മുന്‍ ഇന്ത്യന്‍ താരം ബിഷന്‍ സിങ് ബേദി പന്തിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. പന്ത് ഒരേ തെറ്റു തന്നെ ആവര്‍ത്തിക്കുന്നു എന്നതായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
എന്നാല്‍ ഇതിനു പിന്നാലെ താരത്തിന് പിന്തുണയുമായി മുന്‍ ഓസീസ് നായകനും പന്തിന്റെ ഐ.പി.എല്‍ ടീം ഡല്‍ഹി ക്യാപ്പിറ്റലിന്റെ പരിശീലകനുമായ റിക്കി പോണ്ടിങ് രംഗത്തെത്തിയിരുന്നു. പന്ത് ധോനിക്ക് പകരക്കാരനാകാന്‍ കെല്‍പ്പുള്ള താരമാണെന്നായിരുന്നു പോണ്ടിങ്ങിന്റെ വാക്കുകള്‍.