വി.കെ. ശ്രീകണ്ഠന്‍ നയിക്കുന്ന ജയ്‌ഹോയുടെ ഭാഗമാകാന്‍ ചെന്നിത്തലയും; അണികളില്‍ ആവേശം ഇരട്ടിക്കുന്നു

പാലക്കാട്: ജില്ലയില്‍ ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്‍ നയിക്കുന്ന ജയ് ഹോ പദയാത്രയില്‍ അണിനിരക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എത്തുന്നു. മാര്‍ച്ച് 10ന് തച്ചമ്പാറയില്‍ നിന്ന് കല്ലടിക്കോട് വരെയാണ് ചെന്നിത്തല യാത്രയുടെ ഭാഗമാകുക. ഇതിനോടകം തന്നെ യാത്രയ്ക്ക് ജില്ലയില്‍ വലിയ ആവേശമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് കൂടി എത്തുന്നതോടെ ഇത് ഇരട്ടിയാകുമെന്നും കൂടുതല്‍ പ്രവര്‍ത്തകര്‍ മറ്റ് പാര്‍ട്ടികളില്‍ നിന്നും കോണ്‍ഗ്രസിലേക്ക് എത്തുമെന്നുമുള്ള വിശ്വാസത്തിലാണ് നേതാക്കള്‍.

പൂക്കോട്ട്കാവില്‍ നിന്നാണ് പതിനഞ്ചാം ദിവസത്തെ യാത്ര ആരംഭിച്ചത്. പ്രതീക്ഷിച്ചതിനെക്കാള്‍ അധികം പ്രവര്‍ത്തകരാണ് കനത്ത ചൂടിലും യാത്രയുടെ ഭാഗമായത്. കഴിഞ്ഞ ദിവസം തൃത്താലയിലും വന്‍ സ്വീകരണമാണ് യാത്രക്ക് ലഭിച്ചത്.

അതിനിടെ, ശ്രീകണ്ഠന്റെ ജയ്ഹോ യാത്രയുടെ ഇതുവരെയുള്ള മുഴുവന്‍ റിപ്പോര്‍ട്ടും വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കൈമാറാന്‍ എ ഐ സി സി ആവശ്യപ്പെട്ടുവെന്ന് ഇന്നലെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നികാണ് ജയ്ഹോയുടെ ഇതുവരെയുള്ള പൂര്‍ണ്ണ റിപ്പോര്‍ട്ട് അടിയന്തിരമായി സമര്‍പ്പിക്കാന്‍ പാലക്കാട് ഡി സി സിക്ക് നിര്‍ദ്ദേശം നല്‍കിയത്. ഇനി തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് പാര്‍ട്ടിയെ സജ്ജമാക്കാന്‍ ഡി സി സി പ്രസിഡന്റുമാരോട് ജയ്ഹോ മോഡലില്‍ പദയാത്രകള്‍ക്ക് രൂപം നല്‍കി ജനങ്ങള്‍ക്ക് ഇടയിലേക്ക് ഇറങ്ങാനുള്ള നിര്‍ദ്ദേശം നല്‍കുമെന്നാണ് എഐസിസി നീക്കമെന്നും അറിയുന്നു?

പാലക്കാട് ജില്ലയില്‍ മാത്രമായി 361 കി.മീ.യാണ് വി കെ ശ്രീകണ്ഠന്റെ ജയ്ഹോ പദയാത്ര സഞ്ചരിക്കുന്നത്. ജില്ലയിലെ 80 പഞ്ചായത്തുകളിലൂടെയും 8 നഗരസഭകളിലൂടെയും യാത്ര കടന്നുപോകും. ഒരു ദിവസം 4 പഞ്ചായത്ത് കേന്ദ്രങ്ങളില്‍ യാത്രയ്ക്ക് സ്വീകരണം നല്‍കും. മറ്റൊരു ജില്ലാ നേതൃത്വവും സഞ്ചരിക്കാത്ത പ്രവര്‍ത്തന വഴികളിലൂടെയാണ് ശ്രീകണ്ഠന്‍ പദയാത്ര നയിക്കുന്നത്.

മാത്രമല്ല 25 ദിവസങ്ങള്‍കൊണ്ട് 100 പൊതുയോഗങ്ങളാണ് നടത്തുക. ഗ്രാമങ്ങള്‍ തോറും കാല്‍നടയായുള്ള ഡി സി സി അധ്യക്ഷന്റെ യാത്രയെ കാലാകാലങ്ങളായി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലാതെ മാറി നിന്നിരുന്ന പ്രവര്‍ത്തകര്‍ പോലും ആവേശത്തോടെയാണ് സ്വീകരിച്ചത്.

‘ജയ്ഹോ’ യാത്രയിലൂടെ രണ്ടര വര്‍ഷമായി പാര്‍ട്ടിയുമായി അകന്ന് നിന്നിരുന്ന പ്രമുഖ നേതാക്കള്‍ പോലും പാര്‍ട്ടിയിലേക്ക് മടങ്ങിവന്നു. ബി ജെ പി, ജനതാദള്‍, സി പി എം പാര്‍ട്ടികളില്‍ നിന്നായി ഇതിനോടകം അഞ്ഞൂറിലേറെ പ്രവര്‍ത്തകര്‍ യാത്രാമദ്ധ്യേ കോണ്‍ഗ്രസില്‍ ചേര്‍ന്നത് ജയ്ഹോ സ്വീകരണ വേദികളില്‍ വച്ചുതന്നെയായിരുന്നു.

സംസ്ഥാന തലത്തില്‍ തന്നെ കോണ്‍ഗ്രസുകാര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറിയ ജയ്ഹോ സംബന്ധിച്ച് എ ഐ സി സി നടത്തുന്ന വിലയിരുത്തല്‍ ദേശീയ തലത്തില്‍ തന്നെ പ്രാദേശിക മേഖലകളില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയാക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ഇപ്പോള്‍ മേലനങ്ങാതെ നടക്കുന്ന ഡി സി സി അധ്യക്ഷന്മാര്‍ക്ക് ഇനി വെയിലും ചൂടും കൊണ്ട് പ്രവര്‍ത്തകര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലേണ്ടി വരും.

തെരഞ്ഞെടുപ്പുകള്‍ക്ക് പാര്‍ട്ടിയെ സജ്ജമാക്കേണ്ട സമയത്ത് ഡി സി സി അധ്യക്ഷന്‍ സീറ്റ് തരപ്പെടുത്താന്‍ നെട്ടോട്ടമോടുമ്പോള്‍ പ്രവര്‍ത്തകരെയുമായി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ തീരുമാനിച്ച പാലക്കാട് ഡി സി സി അധ്യക്ഷന്‍ തന്നെയാണ് ഇപ്പോള്‍ എ ഐ സി സിയില്‍ ഹീറോ !

ഇത്തവണ പാലക്കാട് സീറ്റില്‍ കോണ്‍ഗ്രസ് മറ്റൊരു പേരും പരിഗണിക്കേണ്ടതില്ലെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ കാലങ്ങളായി കുത്തകയാക്കി വച്ചിരിക്കുന്ന മണ്ഡലത്തില്‍ സി പി എമ്മിന് ഇത്തവണ കൂടുതല്‍ വിയര്‍പ്പൊഴുക്കേണ്ടിവരുമെന്നാണ് സൂചനകള്‍.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7