ബംഗളൂരു: കോലിയുടെ ഇന്നിങ്സിന് മാക്സ്വെല്ലിന്റെ സെഞ്ചുറിയിലൂടെ ഓസീസ് മറുപടി നല്‍കിയപ്പോള്‍ രണ്ടാം ട്വന്റി 20-യിലും ഇന്ത്യയ്ക്ക് തോല്‍വി. ഏഴു വിക്കറ്റിനാണ് രണ്ടാം മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടത്.
191 വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഓസീസ് രണ്ടു പന്തുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യത്തിലെത്തി. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ട ഒമ്പത് റണ്‍സ് വെറും നാലു പന്തുകളില്‍ മാക്സ്വെല്‍ നേടി.
തന്റെ മൂന്നാം ട്വന്റി 20 സെഞ്ചുറി കണ്ടെത്തിയ മാക്സ്വെല്‍ 55 പന്തില്‍ നിന്ന് ഒമ്പത് സിക്സും ഏഴു ബൗണ്ടറികളും സഹിതം 113 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. നീണ്ട 11 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഓസീസ് ഇന്ത്യയ്ക്കെതിരേ ട്വന്റി 20 പരമ്പര വിജയിക്കുന്നത്.
22 റണ്‍സിനിടെ മാര്‍ക്കസ് സ്റ്റോയിനിസ് (7), ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (8) എന്നിവരെ നഷ്ടമായ ഓസീസിനെ മൂന്നാം വിക്കറ്റില്‍ 73 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഡാര്‍സി ഷോര്‍ട്ട് – ഗ്ലെന്‍ മാക്സ് വെല്‍ സഖ്യമാണ് മത്സരത്തിലേക്ക് തിരികെയെത്തിച്ചത്. 28 പന്തില്‍ 40 റണ്‍സുമായി ഷോര്‍ട്ട് മടങ്ങിയ ശേഷം പീറ്റര്‍ ഹാന്‍ഡ്സ്‌കോമ്പുമൊത്ത് മാക്സ് വെല്‍ ഓസീസ് ഇന്നിങ്സ് മുന്നോട്ടു നയിച്ചു. 18 പന്തില്‍ നിന്ന് 20 റണ്‍സുമായി ഹാന്‍ഡ്സ്‌കോമ്പ് പുറത്താകാതെ നിന്നു.
നേരത്തെ, കെ.എല്‍. രാഹുല്‍ (47), വിരാട് കോലി (38 പന്തില്‍ 72), എം.എസ്. ധോണി (23 പന്തില്‍ 40) എന്നിവരുടെ ഇന്നിങ്സാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഓസീസിന് വേണ്ടി ബെഹ്രന്‍ഡോര്‍ഫ്, കൗള്‍ട്ടര്‍നൈല്‍, ഡാര്‍സി ഷോര്‍ട്ട്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ കെ.എല്‍ രാഹുല്‍- ശിഖര്‍ ധവാന്‍ സഖ്യം 61 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ എന്നാല്‍ തുടരെ മൂന്ന് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. രാഹുല്‍, ധവാന്‍ (24 പന്തില്‍ 14), ഋഷബ് പന്ത് (1) എന്നിവരാണ് മടങ്ങിയത്. നാല് സിക്സും മൂന്ന് ഫോറും അടങ്ങുന്നതാണ് രാഹുലിന്റെ ഇന്നിങ്സ്.
എന്നാല്‍ പിന്നീട് ഒത്തുച്ചേര്‍ന്ന് കോലി- ധോണി സഖ്യം ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചു. ഇരുവരും 100 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ആറ് സിക്സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിങ്സ്. അക്രമിച്ച് കളിച്ച ധോണി മൂന്ന് വീതം സിക്സും ഫോറും നേടി. അവസാനങ്ങളില്‍ ദിനേശ് കാര്‍ത്തികും (മൂന്ന് പന്തില്‍ 8) തിളങ്ങിയതോടെ ഇന്ത്യയുടെ സ്‌കോര്‍ 190ലെത്തി.