ശ്രീനഗര്‍: ജമ്മു കശ്മീരിലെ അവന്തിപ്പുരയില്‍ ഭീകരര്‍ നടത്തിയ ചാവേര്‍ സ്‌ഫോടനത്തില്‍ മലയാളി ഉള്‍പ്പെടെ 44 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. എണ്‍പതോളം പേര്‍ക്കു പരുക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്ക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തു. വയനാട് ലക്കിടി സ്വദേശി വി.വി. വസന്തകുമാറാണ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി. 2001ല്‍ സിആര്‍പിഎഫില്‍ ചേര്‍ന്ന വസന്തകുമാര്‍ സ്ഥാനക്കയറ്റത്തോടെ ശ്രീനഗറില്‍ ചുമതലയേല്‍ക്കാന്‍ പോകുകയായിരുന്നു. രാജ്യത്തിന് വേണ്ടി തന്റെ സഹോദരന്‍ ജീവത്യാഗം ചെയ്തതില്‍ അഭിമാനിക്കുന്നുവെന്ന് വസന്തിന്റെ സഹോദരന്‍ സജീവന്‍ പറഞ്ഞു. വസന്തകുമാറിന്റെ ബറ്റാലിയന്‍ നമ്പര്‍ അറിയാത്തതിനാല്‍ സ്ഥിരീകരണം വൈകിയെന്നും നെഞ്ചിടിപ്പ് അങ്ങേയറ്റമായിരുന്നെന്നും സജീവന്‍ പറഞ്ഞു. ഇന്നലെ വൈകീട്ടോടെയാണ് വസന്തകുമാര്‍ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട വിവരം വസന്തകുമാറിന്റെ ഭാര്യാ സഹോദരന്‍ വിളിച്ചു പറയുന്നത്. അതേസമയം വാര്‍ത്ത സ്ഥിരീകരിക്കാന്‍ സുഹൃത്തുമായി ബന്ധപ്പെട്ടിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ കുറച്ച് സമയങ്ങള്‍ക്കുള്ളില്‍ വാട്‌സാപ്പില്‍ വസന്തകുമാറിന്റെ ഫോട്ടോ ആക്രമണത്തില്‍ മരിച്ചവരുടെ കൂടെ പ്രചരിച്ചിരുന്നു. പിന്നീട് അഞ്ച് മണിയോടെയാണ് ഔദ്യോഗീക സ്ഥിരീകരണം ലഭിച്ചതെന്നും സജീവന്‍ പറഞ്ഞു. ബറ്റാലിയന്‍ മാറുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച അഞ്ച് ദിവസത്തെ ലീവിന് വീട്ടിലെത്തിയിരുന്ന വസന്തകുമാര്‍ കഴിഞ്ഞ ഒമ്പതാം തിയതിയാണ് തിരിച്ച് ജമ്മുകാശ്മീരിലേക്ക് പോയതെന്നും അദ്ദേഹം പറഞ്ഞു.
പതിനെട്ട് വര്‍ഷത്തെ സൈനീക സേവനം പൂര്‍ത്തയാക്കിയ വസന്തകുമാര്‍ രണ്ട് വര്‍ഷത്തിന് ശേഷം തിരിച്ചുവരാന്‍ ഒരുങ്ങവേയാണ് ആക്രമണത്തില്‍ വീര്യമൃത്യു വരിക്കുന്നത്.
ഭീകരാക്രമണത്തെ കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം തുടങ്ങി. വെള്ളിയാഴ്ച രാവിലെ എന്‍ഐഎയുടെ 12 അംഗ സംഘം സംഭവ സ്ഥലം സന്ദര്‍ശിക്കും. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും സംഘത്തെ നയിക്കുക. ആക്രമണമുണ്ടായ ബസിനുള്ളില്‍ 40 ജവാന്മാര്‍ ഉണ്ടായിരുന്നതായാണു വിവരം.
2016 ലെ ഉറി ആക്രമണത്തിനു ശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇത്. ജയ്‌ഷെ മുഹമ്മദിന്റെ ഓപ്പറേഷന്‍ ചീഫ് ആയിരുന്ന ഖാലിദിനെ 2017ല്‍ ഇന്ത്യന്‍ സേന വെടിവച്ചു കൊന്നിരുന്നു. ഇതിനു തിരിച്ചടിയായി കശ്മീരില്‍ ഭീകരര്‍ വ്യാപക ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നുണ്ടായിരുന്നു.
ജമ്മുവില്‍നിന്നു ശ്രീനഗറിലേക്കു പോയ സൈനിക വാഹനവ്യൂഹത്തിനു നേരെയായിരുന്നു ആക്രമണം. സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം സൈനിക വാഹനങ്ങള്‍ക്കു നേരെ ഭീകരര്‍ ഇടിച്ചു കയറ്റുകയായിരുന്നു. 2500 ലേറെ സൈനികരാണ് ആക്രമണം നടക്കുമ്പോള്‍ 70 വാഹനങ്ങളിലായി ഉണ്ടായിരുന്നത്.
പുല്‍വാമ സ്വദേശിയും ജയ്‌ഷെ ഭീകരനുമായ ആദില്‍ അഹമ്മദ് ധര്‍ ആണു ചാവേറാക്രമണം നടത്തിയതെന്നു ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഉഗ്രശേഷിയുള്ള ഇംപ്രവൈസ്ഡ് എക്‌സ്പ്‌ളോസീവ് ഡിവൈസ് (ഐഇഡി) ഉപയോഗിച്ചായിരുന്നു സ്‌ഫോടനം. 350 കിലോയോളം സ്‌ഫോടക വസ്തുക്കള്‍ ആക്രമണത്തിന് ഉപയോഗിച്ചെന്നാണു കരുതുന്നത്. ആക്രമണത്തില്‍ പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. ചാവേര്‍ ആക്രമണത്തിനു പിന്നാലെ വെടിവയ്പും ഉണ്ടായതായി പരിസരവാസികള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്നു പ്രദേശത്തു വന്‍ സൈനിക സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.