മുംബൈ: ഐപിഎല്‍ സമയക്രമം പൊതു തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ച ശേഷമെ പ്രഖ്യാപിക്കൂവെന്ന് റിപ്പോര്‍ട്ട്. ഇക്കുറി മത്സരങ്ങള്‍ പൂര്‍ണമായി ഇന്ത്യയില്‍ തന്നെ നടക്കുമെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു.
‘ഐപിഎല്‍ തിയതികള്‍ പ്രഖ്യാപിക്കാന്‍ കൂടുതല്‍ സമയം അനിവാര്യമാണ്. കേന്ദ്ര തെഞ്ഞെടുപ്പ് കമ്മീഷന്‍ പൊതു തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് അത് സാധ്യമല്ല. ഇന്ത്യയില്‍ ഈ വര്‍ഷത്തെ ഏറ്റവും പ്രധാനപ്പെട്ട ഇവന്റാണ് തെരഞ്ഞെടുപ്പ്. അതുകൊണ്ട് തെരഞ്ഞെടുപ്പിനെ ബാധിക്കാത്ത രീതിയില്‍ ഐപിഎല്‍ നടത്താനാണ് ശ്രമം. തെരഞ്ഞെടുപ്പില്‍ ഒരുക്കേണ്ട ക്രമീകരണങ്ങളെ കുറിച്ച് തങ്ങള്‍ക്കറിയാം. അതിനാണ് പ്രാഥമിക പരിഗണനയെന്നും’ ബിസിസിഐ ഒഫീഷ്യലിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
മാര്‍ച്ച് 23ന് ലീഗ് ആരംഭിക്കുമെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇലക്ഷന്‍ പരിഗണിച്ച് ഫെബ്രുവരി നാലിന് പുതുക്കിയ സമയക്രമം പ്രഖ്യാപിക്കുമെന്ന് പിന്നീട് വാര്‍ത്തകള്‍വന്നു. എന്നാല്‍ അതുണ്ടായില്ല. മത്സരങ്ങള്‍ വിദേശത്തേക്ക് മാറ്റില്ലെന്ന് ബിസിസിഐ അറിയിച്ചതോടെ തെരഞ്ഞെടുപ്പുകാലത്ത് ആദ്യമായാണ് രാജ്യം ഐപിഎല്ലിന് പൂര്‍ണമായി വേദിയാവുന്നത്. പൊതു തെരഞ്ഞെടുപ്പുകള്‍ നടന്ന 2009ല്‍ ദക്ഷിണാഫ്രിക്കയിലും 2014ല്‍ ചില മത്സരങ്ങള്‍ യുഎഇയിലുമാണ് നടന്നത്.