ന്യൂഡല്‍ഹി: സെന്റ്രല്‍ ഡല്‍ഹിയിലെ കരോള്‍ ബാഗിലെ ഹോട്ടലില്‍ ഉണ്ടായ അഗ്‌നിബാധയില്‍ കാണാതായ മൂന്ന് മലയാളികളും മരിച്ചു. എറണാകുളം ചേരാനല്ലൂര്‍ സ്വദേശികളായ നളിനിയമ്മയും വിദ്യാസാഗറിനെയുമാണ് ഇപ്പോള്‍ ബന്ധുവെത്തി തിരിച്ചറിഞ്ഞത്. നേരത്തെ സംഘത്തിലുണ്ടായിരുന്ന ജയശ്രീയെ തിരിച്ചറിഞ്ഞിരുന്നു. മരിച്ചവര്‍ അമ്മയും മക്കളുമാണ്. സംഘത്തിലുണ്ടായിരുന്ന മറ്റ് 10 പേരും സുരക്ഷിതരാണ്.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ സ്ഥലത്ത് സന്ദര്‍ശനം നടത്തി. അപകടത്തില്‍ ഇതുവരെ മരിച്ചത് 17 പേരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് തീപിടുത്തം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അഞ്ചു നിലകളിലായി 48 മുറികളുള്ള ഹോട്ടലില്‍ ഇതില്‍ 40 മുറികളിലും ആളുകളുണ്ടായിരുന്നു. രണ്ടാം നിലയില്‍ നിന്നുമാണ് തീപര്‍ന്നു കയറിയത്. ഗാസിയാബാദിലെ ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ് 13 അംഗസംഘം ഡല്‍ഹിയില്‍ എത്തിയത്. വിവാഹശേഷം അടുത്തുള്ള സ്ഥലങ്ങള്‍ കാണാന്‍ പോകാനിരിക്കെയാണ് അപകടമുണ്ടായത്.
വെള്ളിയാഴ്ച വൈകീട്ടാണ് 13 അംഗ സംഘം ചോറ്റാനിക്കരയിലെ ചേരാനല്ലൂരില്‍ നിന്ന് ദില്ലിക്ക് തിരിക്കുന്നത്. ജയശ്രീയുടെ അമ്മ നളിനിയമ്മ മക്കളായ വിദ്യാസാഗര്‍, സോമശേഖരന്‍, സുധ, വിദ്യാസാഗറിന്റെ ഭാര്യ മാധുരി മകന്‍ വിഷ്ണു സോമശേഖരന്റെ ഭാര്യ ബീന, സുധയുടെ ഭര്‍ത്താവ് സുരേന്ദ്രന്‍ ,ജയശ്രീ യുടെ മക്കള്‍ ,ഹരിഗോവിന്ദ്, ഗൗരി ശങ്കര്‍ നളിനിയമ്മയുടെ സഹോദരിയുടെ മകള്‍ സരസ്വതി, ഭര്‍ത്താവ് വിജയകുമാര്‍, മകന്‍ ശ്രീകേഷ് എന്നിവരായിരുന്നു സംഘത്തില്‍.