21ാം നൂറ്റാണ്ടിനെ വിമര്‍ശിച്ച അധ്യാപികയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം. പ്രണവ് മോഹന്‍ലാലിന്റെ പുതിയ സിനിമയുടെ ഓരോ പോരായ്മകളും അക്കമിട്ടു നിരത്തിയെന്നു മാത്രമല്ല, പ്രണവിനെ ഈ പണിക്ക് പറ്റില്ല എന്നുവരെ പറഞ്ഞ മിത്ര സിന്ധു എന്ന അധ്യാപികയ്‌ക്കെതിരെയാണ് കേട്ടാലറയ്ക്കുന്ന തെറിയഭിഷേകവുമായി മോഹന്‍ലാല്‍ ആരാധകര്‍ രംഗത്ത് വന്നിരിക്കുന്നത്.
തെറിവിളിക്കുന്നവര്‍ക്ക് അധ്യാപിക മറുപടിയായി മറ്റൊരു പോസ്റ്റും ഇട്ടിട്ടുണ്ട്.
അഖില ലോക ഫാന്‍സ് ചങ്ങാതിമാരേ…
ശരീരത്തില്‍ മാലിന്യം നിറഞ്ഞു കവിയുമ്പോള്‍ തീര്‍ച്ചയായും അത് വിസര്‍ജിക്കേണ്ടതുണ്ട്. നിങ്ങളുടെ ഉള്ളില്‍ നിറഞ്ഞു കവിഞ്ഞ മാലിന്യങ്ങളാണല്ലോ തെറി രൂപത്തില്‍ പുറത്തു വരുന്നത്!
കേട്ടോളൂ ഇതാണ് തെറിയുടെ മന:ശാസ്ത്രം.. നിങ്ങള്‍ പറയുന്ന തെറികള്‍ യഥാര്‍ത്ഥത്തില്‍ നിങ്ങളെത്തന്നെ വിവസ്ത്രരാക്കി സമൂഹ മധ്യത്തില്‍ നിര്‍ത്തുകയാണ്..
തെറി, കേള്‍ക്കുന്നവനെയല്ല അലോസരപ്പെടുത്തുന്നത്; മറിച്ച് പറയുന്നവനെയാണെന്നറിയുക.
മാലിന്യത്തിന്റെയും അശുദ്ധിയുടെയും കൂമ്പാരമാണ് നിങ്ങളെന്ന് സ്വയം വിളിച്ചു പറയലാണത്..
അതുകൊണ്ട് വേണ്ടത്ര വിസര്‍ജിച്ച് സ്വയം വിശുദ്ധരാകൂ… അത് സ്വന്തം ഐ.ഡി ഉപയോഗിച്ച് നിര്‍വഹിക്കാനുള്ള ആഢ്യത്വവും ധീരതയും കാണിക്കൂ..
എല്ലാ തെറിവിളിയന്‍ മാര്‍ക്കും നല്ല നമസ്‌കാരം…
മിത്ര സിന്ധു..
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് മിത്ര പ്രണവ് ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പോസ്റ്റ് ചെയ്തത്. പത്മഭൂഷന്‍ മോഹന്‍ലാല്‍ സ്വന്തം കാശ് മുടക്കി പ്രവിന്റെയും അരുണ്‍ ഗോപിയുടേയും രണ്ടാമൂഴം കാണണമെന്നും എന്നിട്ട് ഈ നിഷ്‌കളങ്കനും നിര്‍മമനുമായ മകന് പറ്റിയ ഒരു ജോലി കണ്ടെത്തിക്കൊടുക്കണമെന്നുമായിരുന്നു. പോസ്റ്റ്. അല്ലെങ്കില്‍ പണ്ട് പാച്ചിക്ക ചെയ്തത് പോലെ മകനെ ഏതെങ്കിലും സ്‌കൂളില്‍ അഭിനയം പഠിപ്പിക്കാന്‍ വിടണമെന്നും മിത്ര വിമര്‍ശിച്ചിരുന്നു.
സിനിമയെ കുറിച്ച് മിത്ര സിന്ധുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
ഇരുപത്തൊന്നാം നൂറ്റാണ്ട്
————————-
പദ്മഭൂഷണ്‍ മോഹന്‍ലാല്‍ സ്വന്തം കാശു മുടക്കി പ്രണവ് മോഹന്‍ലാലിന്റെയും അരുണ്‍ ഗോപിയുടെയും ഈ രണ്ടാമൂഴമൊന്നു കാണണം.. എന്നിട്ട് ഈ നിഷ്‌കളങ്കനും നിര്‍മമനുമായ മകന് പറ്റിയ ഒരു ജോലി കണ്ടെത്തിക്കൊടുക്കണംഇല്ലേല്‍ അന്തസ്സായി പണ്ട് പാച്ചിക്ക ചെയ്ത പോലെ ഏതേലും നല്ല സ്‌കൂള് കണ്ടെത്തി മോനെ അവിടെ അഭിനയം പഠിക്കാന്‍ വിടണം.. ഒരു നടന് തന്നെ അടയാളപ്പെടുത്തുന്നതിനുള്ള ഉപാധി ശരീരവും ശബ്ദവുമാണല്ലോ.. പ്രണയം ,വിരഹം, വിഷാദം ,കലഹം എന്നീ അവസ്ഥകളിലെല്ലാം ശരീരഭാഷയും ഭാവശബ്ദാദികളും
ഏകതാനമായി നിലനിര്‍ത്താ നേ ഈ പാവം പയ്യന് ആകുന്നുള്ളൂ. നിഷ്‌കളങ്കതയും നിര്‍വികാരതയും ഒരു പക്ഷേ ജീവിതത്തില്‍ നല്ല താകും എന്നാല്‍ അഭിനയത്തില്‍ അതൊട്ടും ഗുണം ചെയ്യില്ലെന്ന് ഞങ്ങളേക്കാളേറെ താങ്കള്‍ക്കറിയുമല്ലോ..
പിന്നെ ആ മുളക് പാടം മൊതലാളിയോടൊന്നു പറയണം നൂറ്റാണ്ടിലെ കിട്ടിയ സിനിമകളില്‍ നിന്നൊക്കെ എടുത്ത സന്ദര്‍ഭങ്ങളും ഡയലോഗും കൂട്ടിക്കലര്‍ത്തി ആരേലും പടം പിടിക്കാന്‍ കഥയും കൊണ്ടു വന്നാ കാശിങ്ങനെ വാരിക്കോരി ക്കൊടുത്തേക്കരുതെന്ന്! പൂത്ത പണം കൂടുതലാണെങ്കി മുഖ്യമന്ത്രീടെ ദുരിതാശ്വാസ നിധിയി ലിട്ടേച്ചാ മതീന്ന്! ഒരു ഉപകാരത്തില്‍ പെടുമല്ലോ.
ആ അരുണ്‍ ഗോപിയോട് പറയണം ജയിലില് നൂറു ദിവസം കെടന്ന ഒരു പാവം ചേട്ടന്റെ പടമായോണ്ട് മാത്രാ ഞങ്ങളന്ന് രാമലീല കണ്ട് സഹകരിച്ച് തന്നതെന്ന്! ഇനി ണ്ടാവില്ലാന്നാ സത്യായിട്ടും അന്ന് കരുതീത്. അതും കഴിഞ്ഞ് ഇരുപത്തൊന്നാം നൂറ്റാണ്ട് എന്ന് പേരിട്ട് പത്തൊമ്പതാം നൂറ്റാണ്ടിലെ ട്രെയിന്‍ ഫൈറ്റ് ഒക്കെ കാണിച്ച് ഞങ്ങളെയൊന്നും പറ്റിക്കരുതെന്ന്!.. വാട്‌സാപ്പും ഫേസ് ബുക്ക് ലൈവും ഒക്കെ ഉപയോഗിച്ച് ധര്‍മ്മജന്‍ ബോള്‍ഗാട്ടി വരെ ‘വീര ശൂര ഓപ്പറേഷന്‍ ‘ നടത്തുമ്പോ പാവം പോലീസുകാര് മാത്രം റോഡ് ഷോ നടത്തുന്ന കാഴ്ച അതീവ ദയനീയമായിപ്പോയി… ഇതൊന്നും ആ കൊച്ചന്റെ ചങ്ക് ഫാന്‍സ് പോലും സഹിക്കൂലാ ട്ടോ.. പാര്‍ക്വാറിന് പകരം സര്‍ഫിങ് ഒന്നും കൊണ്ടു വന്നാലൊന്നും ഇരുപത്തൊന്നാം നൂറ്റാണ്ടാവില്ലെന്ന് ഗോപിക്കൊന്നു പറഞ്ഞു കൊടുക്കണേ!
തീര്‍ന്നില്ല, ഗോപീ സുന്ദറിനോടും ഒരു കാര്യം പറയാനുണ്ട്.. ഒരാള്‍ടെ എല്ലാ സിനിമക്കും ഒരേ സംഗീതം എടുത്തിടുന്നത് ശരിയല്ലാന്ന്!. പത്തു വയസ്സുകാരി മോള് സിനിമക്കിടയില്‍ പറഞ്ഞു ‘ മമ്മാ ഇത് രാമലീലേലെ മ്യൂസിക് ആണല്ലോ ‘ എന്ന്.. (അവള്‍ക്ക് നേരായിട്ടും അറിയില്ലാര്ന്നു ഇത് രാമലീലേടെ ആള്‍ടെ ലീല തന്നെ ആണെന്ന്!)
എന്ത്? ആ ചെഗുവേര ചുരുട്ടു വലിച്ച് വന്നപ്പോള്ള സീനിലെ മ്യൂസിക് ! ഒന്നും കൂടി കേട്ടു നോക്കണേ! ഒരു പാവം സംവിധായകനെ, തിരക്കഥാകൃത്തിനെ ഇങ്ങനെ പറ്റിക്കാന്‍ പാടില്ലായിരുന്നു… ല്ലേ?അതോ ആ ഗോപി ഈ ഗോപിയെ പറ്റിച്ചതോ?! സത്യായിട്ടും ഈ സിനിമേല് ആകെ ഇഷ്ടായാ ഒന്നായിരുന്നു മദര്‍ തെരേസയും
ചെഗുവേരയും കൂടിളള ആ കോമ്പിനേഷന്‍! എന്നാല്‍ അതു പോലും ഇവിടെ ഞങ്ങടെ എട്ടാം ക്ലാസ്‌കാര് അവരുടെ സാഹിത്യ സമാജം പീരിയഡില്‍ ചെയ്യുന്ന ഒന്നായിപ്പോയി..
പിന്നേ സായക്കുട്ടിയോട് പറയണം.പുരികം മേലോട്ടും താഴോട്ടും ചലിപ്പിച്ചാലും ചുണ്ട് ഇടത്തോട്ടും വലത്തോട്ടും വലിച്ചിട്ടാലും അഭിനയം ആവില്ലാന്ന്.. ഇതൊക്കെ ആ സംവിധായകന്‍ പറഞ്ഞു കൊടുത്തതാകുമോ!?ഏതായാലും അടുത്ത സിനിമേലെങ്കിലും കുട്ടിക്ക് നന്നാവാന്‍ കഴിയട്ടെ.
ഇനി ഇവരെല്ലം കൂടി ‘മൂന്നാം പിറ ‘ക്കുള്ള വട്ടം കൂട്ടലാണെന്ന ഒരു അനൗണ്‍സ്‌മെന്റും കേട്ടു..
ദൈവമേ.. ഇവരെ രക്ഷിക്കണേ.. സ്വന്തം ഫാന്‍സ്‌കാര്‌ടെ കൂടി തല്ലുമേടിക്കാനിടവരുത്താതെ ഈ കൊച്ചുങ്ങളെ കാത്തോളണേ.!
വാല് : പിന്നേയ് ,ഒരു കാര്യം ണ്ട്
അടുത്ത പടം ഇതിലും പൊളിയാണെങ്കി ഒരു ഗുണം കിട്ടും.. ചില വല്യ നിരൂപകമ്മാര് ഇത് വമ്പന്‍ സിനിമയായിരുന്നു എന്നൊക്കെ എഴുതിയങ്ങ് വൈറലാക്കിത്തരും.. ഇരുപത്തൊന്നാം നൂറ്റാണ്ട് രാമലീല പോലെ ശക്തമായ സിനിമയായില്ല എന്നൊക്കെ പറഞ്ഞ് രാമലീലയെ എട്ത്തങ്ങ് ഉയര്‍ത്തിയ പോലെ..!
ലാലേട്ടാ..അപ്പൊ ശരി.. എല്ലാം പറഞ്ഞപോലെ..
മിത്ര സിന്ധു..