ധോനിയെ കടത്തിവെട്ടി പന്ത്; ചരിത്ര നേട്ടവുമായി പൂജാരയും

ദുബായ്: ഓസിസിനെ തോല്‍പ്പിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന് അഭിനന്ദന പ്രവാഹമാണ് ഇപ്പോള്‍. കൂടാതെ മികച്ച പ്രകടനത്തിന്റെ റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. ഐ.സി.സി ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങില്‍ ഇന്ത്യയുടെ ചേതേശ്വര്‍ പൂജാരയ്ക്കും വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനും ചരിത്രനേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഋഷഭ് പന്ത് 21 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 17ാം റാങ്കിലെത്തിയപ്പോള്‍ പൂജാര കരിയറിലെ ഏറ്റവും മികച്ച റാങ്കായ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്റെ ഏറ്റവുമയര്‍ന്ന ടെസ്റ്റ് റാങ്ക് എന്ന നേട്ടവും ഋഷഭ് സ്വന്തമാക്കി. ഫറൂഖ് എഞ്ചിനീയര്‍ക്കൊപ്പമാണ് ഋഷഭ് ഈ നേട്ടം പങ്കിടുന്നത്. 1973ലാണ് ഫറൂഖ് എഞ്ചിനീയര്‍ 17ാം റാങ്കിലെത്തിയത്.

ഋഷഭിന്റെ മുന്‍ഗാമിയായ എം.എസ് ധോനി ടെസ്റ്റ് കരിയറില്‍ 19ാം സ്ഥാനത്തെത്തിയിട്ടുണ്ട്. അതിനപ്പുറത്തേക്ക് റാങ്കിങ് മെച്ചപ്പെടുത്താന്‍ ക്യാപ്റ്റന്‍ കൂളിന് കഴിഞ്ഞിട്ടില്ല. ഋഷഭിന് 673 റേറ്റിങ് പോയിന്റും ഫാറൂഖ് എഞ്ചിനീയര്‍ക്ക് 619 പോയിന്റുമാണുള്ളത്. ധോനിയുടെ അക്കൗണ്ടിലുള്ളത് 662 റേറ്റിങ് പോയിന്റാണ്.

2016ലെ അണ്ടര്‍19 ലോകകപ്പില്‍ 18 പന്തില്‍ അര്‍ദ്ധ സെഞ്ചുറിയടിച്ചാണ് ഋഷഭ് ശ്രദ്ധാകേന്ദ്രമായത്. സിഡ്‌നി ടെസ്റ്റില്‍ പുറത്താകാതെ 159 റണ്‍സടിച്ച ഋഷഭ് ഒമ്പത് ടെസ്റ്റിനുള്ളില്‍ റാങ്കിങ്ങില്‍ ആദ്യ ഇരുപതിനുള്ളിലെത്തി. ഓസ്‌ട്രേലിയന്‍ പര്യടനം തുടങ്ങുന്നതിന് മുമ്പ് 59ാം റാങ്കിലായിരുന്ന ഇന്ത്യന്‍ താരം വന്‍കുതിപ്പാണ് നടത്തിയത്. പരമ്പരയിലാകെ 350 റണ്‍സടിച്ച ഋഷഭ് 20 ക്യാച്ചുമെടുത്തു. 521 റണ്‍സുമായി പരമ്പരയുടെ താരമായതാണ് പൂജാരയുടെ കുതിപ്പിന് പിന്നില്‍. മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിനെ പിന്തള്ളിയാണ് പൂജാര മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്.

ബാറ്റിങ് റാങ്കിങ്ങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ 22ാം സ്ഥാനത്തേക്ക് വീണു.

ബൗളര്‍മാരില്‍ സിഡ്‌നിയില്‍ അഞ്ചു വിക്കറ്റെടുത്ത കുല്‍ദീപ് യാദവ് ഒരു സ്ഥാനം മെച്ചപ്പെടുത്തി 45ാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ രവീന്ദ്ര ജഡേജ അഞ്ചാം സ്ഥാനത്ത് തിരിച്ചെത്തി. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ ആദ്യ ടെസ്റ്റില്‍ മാത്രം കളിച്ച അശ്വിന്‍ ഒമ്പതാം സ്ഥാനത്തേക്ക് താഴ്ന്നു. ബുംറ പതിനാറാം സ്ഥാനത്തും മുഹമ്മദ് ഷമി 22ാം സ്ഥാനത്തുമാണ്. ടീം റാങ്കിങ്ങില്‍ 116 പോയന്റുമായി ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ 108 പോയന്റുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്താണ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7