കോഴിക്കോട്/ ഇടുക്കി/ തിരുവനന്തപുരം: വനിതാ മതില്‍ സംഘടിപ്പിക്കുന്നതിനാല്‍ ഗതാഗത തടസം ഒഴിവാക്കാന്‍ കോഴിക്കോട് ജില്ലയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്കു ജനുവരി ഒന്നിന് ഉച്ചയ്ക്കുശേഷം അവധിയാണെന്ന് ഡിഡിഇ ഇ.കെ.സുരേഷ് കുമാര്‍ അറിയിച്ചു. ആദ്യം മുഴുവന്‍ ദിവസ അവധി പ്രഖ്യാപിച്ച ഡിഡിഇ പിന്നീട് ഉത്തരവ് തിരുത്തി ഉച്ചയ്ക്കുശേഷം മാത്രം എന്നാക്കുകയായിരുന്നു. വനിതാമതില്‍ മൂലമുള്ള ഗതാഗതക്കുരുക്കിന്റെ പേരിലാണ് അവധിയെന്നാണു വിശദീകരണം. അതേസമയം മലപ്പുറം ജില്ലയില്‍ സ്‌കൂളുകള്‍ക്ക് അവധിയില്ലെന്നും ഗതാഗതക്കുരുക്കിനു സാധ്യതയുള്ള സ്ഥലങ്ങളില്‍ അവസ്ഥ നോക്കി ആവശ്യമെങ്കില്‍ നേരത്തേ സ്‌കൂള്‍ വിടാന്‍ വാക്കാല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മലപ്പുറം ഡിഡിഇ അറിയിച്ചു. ഇക്കാര്യത്തില്‍ എഡിപിഐ നല്‍കിയ നിര്‍ദേശം എഇഒമാരെ അറിയിച്ചിട്ടുണ്ട്. ടൗണുകളില്‍ ഗതാഗതക്കുരുക്കുണ്ടായി കുട്ടികള്‍ വീട്ടിലെത്താന്‍ വൈകുന്ന സ്ഥിതിയുണ്ടാകിതിരിക്കാനാണു നടപടി. ഇടുക്കി ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം അവധിയായിരിക്കുമെന്നും പകരം 19 ന് പ്രവര്‍ത്തിദിനമായിരിക്കുമെന്നും ഡിഡിഇ അറിയിച്ചു.
വനിതാമതിലില്‍ തദ്ദേശ സ്ഥാപനങ്ങളിലെയും ഓഫിസുകളിലെയും ജീവനക്കാരുടെ ചുമതല നിശ്ചയിച്ചുകൊണ്ട് കോഴിക്കോട് കലക്ടര്‍ ഉത്തരവ് പുറത്തിറക്കി. ഓരോ സ്ഥലത്തും പങ്കെടുക്കുന്ന വനിതകളുടെ എണ്ണവും സംഘാടന ചുമതലയുള്ള ഉദ്യോഗസ്ഥന്റെ പേരും മൊബൈല്‍ നമ്പറും ഉത്തരവിലുണ്ട്.
എല്ലാ വനിതാ ജീവനക്കാരെയും മെഡിക്കല്‍, പാരാ മെഡിക്കല്‍, ഫാര്‍മസി വിദ്യാര്‍ഥിനികള്‍, പിജി വിദ്യാര്‍ഥിനികള്‍, സീനിയര്‍ റസിഡന്റുമാര്‍ എന്നിവരെയും വനിതാ മതിലില്‍ പങ്കെടുപ്പിക്കണമെന്നു നിര്‍ദേശിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും ഉത്തരവിറക്കി.
ക്യാംപെയ്‌നുമായി ബന്ധപ്പെട്ടു യോഗങ്ങള്‍ ചേരാത്ത വകുപ്പുകള്‍ അടിയന്തരമായി യോഗങ്ങള്‍ ചേരണം. കല്ലംപള്ളി മുതല്‍ ചാവടിമുക്ക് വരെയുള്ള സ്ഥലത്താണു കാര്യാലയത്തിലുള്ളവര്‍ നില്‍ക്കേണ്ടതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. വാഹനം പുറപ്പെടുന്ന സ്ഥലവും സമയവും ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.