ക്യാപ്റ്റനായിരുന്നിട്ടും തന്നെയും ടീമില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്‌ , ‘അവഗണിക്കപ്പെട്ടവരുടെ ഗ്രൂപ്പിലേക്ക് മിതാലിയെയും സ്വാഗതം ചെയ്യുന്നു’ ഗാംഗുലി

കൊല്‍ക്കത്ത: മികച്ച ഫോമില്‍ കളിച്ചിട്ടും വനിതകളുടെ ട്വന്റി20 ലോകകപ്പ് സെമിയില്‍ പുറത്തിരുത്തപ്പെട്ട മുന്‍ ക്യാപ്റ്റന്‍ മിതാലി രാജിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുന്‍ ഇന്ത്യന്‍ താരം സൗരവ് ഗാംഗുലി രംഗത്ത്. ഇന്ത്യന്‍ ക്യാപ്റ്റനായിരുന്നിട്ടും കരിയറിന്റെ ഔന്നത്യത്തില്‍ നില്‍ക്കുമ്പോള്‍ തന്നെയും ടീമില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ഗാംഗുലി ചൂണ്ടിക്കാട്ടി. ‘അവഗണിക്കപ്പെട്ടവരുടെ ഗ്രൂപ്പിലേക്ക് മിതാലിയെയും സ്വാഗതം ചെയ്യുന്നു’വെന്നും ഗാംഗുലി പറഞ്ഞു. ഇന്ത്യന്‍ ടീമില്‍ മിതാലി യുഗം അവസാനിച്ചതായി കരുതുന്നില്ലെന്നും ഗാംഗുലി പറഞ്ഞു
വെസ്റ്റ് ഇന്‍ഡീസില്‍ സമാപിച്ച വനിതാ ട്വന്റി20 ലോകകപ്പിന്റെ സെമിയില്‍ ഇംഗ്ലണ്ടിനെ നേരിടുമ്പോള്‍, മികച്ച ഫോമിലായിരുന്നിട്ടും മിതാലി രാജിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അതിനു മുന്‍പുള്ള ഓസ്‌ട്രേലിയയ്‌ക്കെതിരായ ഗ്രൂപ്പ് മല്‍സരത്തില്‍ അസുഖം ബാധിച്ച് കളിക്കാനായിരുന്നില്ലെങ്കിലും സെമിയില്‍ മിതാലിയെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് വലിയ വിവാദമായിരുന്നു. മല്‍സരം ഇന്ത്യ തോല്‍ക്കുക കൂടി ചെയ്തതോടെ വിവാദം കൂടുതല്‍ ശക്തമായി.
വിവാദത്തിന്റെ പശ്ചാത്തലത്തില്‍, സുപ്രീം കോടതി നിയോഗിച്ച ബിസിസിഐയുടെ ഇടക്കാല ഭരണസമിതി ടീം മാനേജ്‌മെന്റിനോടു വിശദീകരണം ആരാഞ്ഞിട്ടുണ്ട്. പരിശീലകന്‍ രമേഷ് പൊവാര്‍, ടീം മാനോജര്‍ തൃപ്തി ഭട്ടാചാര്യ എന്നിവര്‍ ഈ വിഷയത്തില്‍ ഇടക്കാല ഭരണസമിതിയെ കാണാനിരിക്കുകയാണ്. ബിസിസിഐ സിഇഒ കരണ്‍ ജോഹ്‌റി ഉള്‍പ്പെടെയുള്ളവരോടും ഇടക്കാല ഭരണസമിതി വിശദീകരണം ചോദിച്ചിട്ടുണ്ട്.
പുറത്തിരുത്തപ്പെട്ട മിതാലിയെ, തന്റെ അനുഭവം പങ്കുവച്ചാണ് ഗാംഗുലി ആശ്വസിപ്പിച്ചത്. കരിയറിന്റെ ഔന്നത്യത്തില്‍ നില്‍ക്കുമ്പോള്‍ മുന്‍ ക്യാപ്റ്റനായിരുന്നിട്ടു കൂടി തന്നെ പുറത്തിരുത്തിയ സംഭവമുണ്ടെന്ന് ഗാംഗുലി ചൂണ്ടിക്കാട്ടി. ‘ഇല്ല. ഇന്ത്യന്‍ ടീമിനെ വര്‍ഷങ്ങളോളം നയിച്ചശേഷം ഞാനും പുറത്തിരുന്നിട്ടുണ്ട്. ലോകകപ്പ് സെമിയില്‍ മിതാലി പുറത്തിരിക്കുന്നതു കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു, ഞങ്ങളുടെ ഗ്രൂപ്പിലേക്കു സ്വാഗതം’ ഒരു സ്വകാര്യ ചടങ്ങില്‍ സംസാരിക്കവെ ഗാംഗുലി പറഞ്ഞു.’ക്യാപ്റ്റന്‍മാര്‍ പുറത്തിരിക്കാന്‍ പറഞ്ഞാല്‍ അനുസരിക്കുക. ഫൈസാബാദില്‍ ഞാനും ഇപ്രകാരം പുറത്തിരുന്നിട്ടുണ്ട്. ഏകദിനത്തില്‍ ഞാന്‍ ഏറ്റവും മികച്ച താരമായിരുന്ന സമയത്ത് ഏതാണ്ട് 15 മാസത്തോളം ഒരു ഏകദിനം പോലും കളിക്കാതിരുന്നിട്ടുണ്ട്. ഇതൊക്കെ ജീവിതത്തില്‍ സംഭവിക്കുന്നതാണ്. ലോകത്തിലെ ഏറ്റവും മികച്ച താരമാണെങ്കിലും ചിലപ്പോള്‍ പുറത്തേക്കുള്ള വാതില്‍ നമുക്കു മുന്നില്‍ തുറക്കപ്പെടും’ 2006ല്‍ പാക്കിസ്ഥാനെതിരായ ടീമില്‍നിന്നു പുറത്താക്കപ്പെട്ട സംഭവം അനുസ്മരിച്ച് ഗാംഗുലി പറഞ്ഞു.അതേസമയം, ഇതോടെ മിതാലിയുടെ കരിയര്‍ അവസാനിച്ചുവെന്ന് താന്‍ കരുതുന്നില്ലെന്നും ഗാംഗുലി പറഞ്ഞു. ‘നിങ്ങള്‍ തന്നെയാണ് ഇപ്പോഴും ഏറ്റവും മികച്ചയാളെന്ന് എപ്പോഴും ഓര്‍ക്കണം. അങ്ങനെ പറയിക്കാനായി ചില തകര്‍പ്പന്‍ പ്രകടനങ്ങള്‍ നിങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇനിയും അവസരങ്ങള്‍ വരും. അതുകൊണ്ടുതന്നെ മിതാലി രാജിനെ പുറത്തിരുത്തിയ വാര്‍ത്ത എന്നെ അത്രയ്ക്കങ്ങ് അതിശയിപ്പിക്കുന്നില്ല. മൈതാനത്തെ പ്രതികരണങ്ങള്‍ എന്നെ ഒരിക്കലം നിരാശനാക്കിയിട്ടുമില്ല’ ഗാംഗുലി പറഞ്ഞു.
അതേസമയം, ഇന്ത്യന്‍ ടീം സെമിയില്‍ തോറ്റതില്‍ തനിക്കു കടുത്ത നിരാശയുണ്ടെന്നും ഗാംഗുലി പറഞ്ഞു. ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാന്‍ സാധിക്കുന്ന മികച്ച ടീം നമുക്കുണ്ടായിരുന്നു. ജീവിതത്തില്‍ പ്രത്യേകിച്ച് ഗ്യാരണ്ടിയൊന്നുമില്ലാത്തതു കൊണ്ട് ഇത്തരം പല അനുഭവങ്ങളും ഉണ്ടാകുമെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7