ജക്കാര്‍ത്ത: ലോകത്തെ ഞെട്ടിച്ചുകൊണ്ട് വീണ്ടും വിമാന ദുരന്തം. 188 യാത്രക്കാരുമായി പറന്നുയര്‍ന്ന ഇന്തൊനീഷ്യന്‍ വിമാനം കടലില്‍ തകര്‍ന്നുവീണു. ടേക്ക് ഓഫിനു തൊട്ടുപിന്നാലെയാണ് വിമാനം തകര്‍ന്നത്. വിമാനം തകര്‍ന്നായി ഇന്തൊനീഷ്യയുടെ രക്ഷാപ്രവര്‍ത്തക ഏജന്‍സി വക്താവ് യുസുഫ് ലത്തീഫ് സ്ഥിരീകരിച്ചു. പറന്നുയര്‍ന്ന് 13 മിനിറ്റു കഴിഞ്ഞപ്പോള്‍ തന്നെ വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് വിമാനം തകര്‍ന്നതായി കണ്ടെത്തിയത്.
പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 6.20നാണ് ബോയിങ് 737 മാക്‌സ് 8 വിമാനം ജക്കാര്‍ത്തയില്‍നിന്ന് പറന്നുയര്‍ന്നത്. ബങ്കാ ദ്വീപിലെ പങ്കാല്‍ പിനാങ്കിലേക്കു പോകുകയായിരുന്നു. അതേസമയം, വിമാനത്തിന്റെ സീറ്റുകളടക്കമുള്ള അവശിഷ്ടങ്ങള്‍ ജാവാ കടലിടുക്കില്‍നിന്ന് കണ്ടെത്തിയതായി രക്ഷാപ്രവര്‍ത്തക ഏജന്‍സി അറിയിച്ചു. അപകടത്തില്‍ ആരെങ്കിലും രക്ഷപെട്ടതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
210 ആളുകള്‍ക്ക് യാത്രചെയ്യാവുന്ന വിമാനമാണു തകര്‍ന്നു വീണത്. പടിഞ്ഞാറന്‍ ജാവ പ്രവിശ്യയില്‍ വച്ചാണ് വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമായത്.