തിരുവനന്തപുരം: കരിപ്പൂരില്‍ അപകടത്തില്‍പെട്ട വിമാനം ലാന്‍ഡിങ് പാളിയതോടെ പറന്നുയരാന്‍ ശ്രമിച്ചിരുന്നതായാണു കോക്പിറ്റ് ചിത്രങ്ങള്‍ നല്‍കുന്ന സൂചനയെന്ന് വ്യോമയാന വിദഗ്ധര്‍. വിമാനത്തിന്റെ ത്രസ്റ്റ് ലീവര്‍, ടേക്ക് ഓഫ് പൊസിഷനിലാണ്. എന്‍ജിന്‍ സ്റ്റാര്‍ട്ട് ലീവര്‍, ഓഫ് സ്ഥാനത്തല്ല. അതേസമയം ചിറകുകളിലെ ഫ്‌ലാപ്പുകള്‍ നിയന്ത്രിക്കുന്ന ലീവര്‍, ലാന്‍ഡിങ് പൊസിഷനില്‍ തന്നെയാണ്.
പകടത്തിനു ശേഷം വിമാനത്തിനുള്ളില്‍ നിന്നു പകര്‍ത്തിയ കോക്പിറ്റിന്റെ ചിത്രങ്ങള്‍ കണ്ട വിദഗ്ധരുടെ നിഗമനം ഇങ്ങനെ: റണ്‍വേയില്‍ ഏറെ മുന്നോട്ടുപോയി നിലം തൊട്ടതിനാല്‍ വേഗം നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ വീണ്ടും പറന്നുയരാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരിക്കാം. ടേക്ക് ഓഫിന് വിമാനച്ചിറകുകളിലെ ഫ്‌ലാപ്പുകള്‍ 10 ഡിഗ്രിയില്‍ താഴെയാണു ക്രമീകരിക്കേണ്ടത്. എന്നാല്‍ അവ 40 ഡിഗ്രിയിലാണെന്നു ചിത്രത്തില്‍ വ്യക്തം. ഇത് ലാന്‍ഡിങ് സമയത്തു മാത്രം നടത്തുന്ന ക്രമീകരണമാണ്.
തീപിടിത്തം ഒഴിവാക്കാന്‍ എന്‍ജിന്‍ ഓഫ് ചെയ്തിരിക്കാമെന്ന നിഗമനങ്ങള്‍ ശരിയല്ലെന്നാണു ചിത്രത്തിലെ എന്‍ജിന്‍ സ്റ്റാര്‍ട്ട് ലീവറിന്റെ സ്ഥാനം നല്‍കുന്ന സൂചന. വിമാനം താഴെ വീണു പിളര്‍ന്നതോടെ തനിയെ എന്‍ജിന്‍ പ്രവര്‍ത്തനം നിലച്ചതാകാമെന്നാണ് അനുമാനം.
അപകടത്തിന്റെ ആഘാതത്തിലോ കോക്പിറ്റിലെ പൈലറ്റുമാരെ രക്ഷിക്കുന്നതിനിടയിലോ ലീവറുകളുടെ സ്ഥാനം മാറിയതാകില്ലേ എന്ന ചോദ്യത്തിന് അത് സംഭവിക്കില്ല എന്നാണു വിദഗ്ധര്‍ പറയുന്നത്.