അവനില്‍ സച്ചിനുണ്ട്.., ലാറയുണ്ട്, സെവാഗുമുണ്ട്..!!!

ഹൈദരാബാദ്: ‘കളി കാണുന്നവരെ ഉന്‍മാദിയാക്കുന്ന ബാറ്റിങ് ശൈലിയാണ് അവന്റേത്. സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ അംശം അവനിലുണ്ട്. വീരേന്ദര്‍ സേവാഗിന്റെ അംശമുണ്ട്. ബ്രയാന്‍ ലാറയുടെയും’ – പരിശീലകന്‍ രവി ശാസ്ത്രി പറഞ്ഞു. അവന്‍ അരങ്ങേറ്റ ടെസ്റ്റില്‍ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം, അരങ്ങേറ്റ പരമ്പരയില്‍ മാന്‍ ഓഫ് ദ് സീരീസ് പുരസ്‌കാരവും നേടിയ പൃഥ്വിഷായെ കുറിച്ചാണ് പറയുന്നത്. ഈ പ്രകടനം തലയ്ക്കു പിടിക്കാതെ കഠിനാധ്വാനം തുടര്‍ന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ ഭാവിയുള്ള താരമാണ് പൃഥ്വിയെന്നും ശാസ്ത്രി ചൂണ്ടിക്കാട്ടി. ക്രിക്കറ്റ് കളിക്കാനായി ജനിച്ചവനാണ് ഷായെന്നായിരുന്നു പരിശീലകന്‍ രവി ശാസ്ത്രിയുടെ പ്രതികരണം. എട്ടാം വയസ്സു മുതല്‍ മുംബൈയിലെ മൈതാനങ്ങളില്‍ ക്രിക്കറ്റ് കളിച്ചു വളര്‍ന്നവനാണ് ഷാ. ചെറുപ്രായം മുതലുള്ള കഠിനാധ്വാനത്തിന്റെ ഗുണം ഷായുടെ പ്രകടനത്തില്‍ നിഴലിക്കുന്നുണ്ടെന്നും പരമ്പര വിജയത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കവെ ശാസ്ത്രി ചൂണ്ടിക്കാട്ടി.
വെറും പതിനെട്ടു വയസ്സു മാത്രമുള്ള പൃഥ്വി ഷായുടെ പ്രകടനം കണ്ട് അന്ധാളിച്ചവരില്‍ ആരാധകര്‍ മാത്രമല്ല, ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുമുണ്ട്..!!! പതിനെട്ടാം വയസ്സില്‍ ക്രിക്കറ്റ് താരമെന്ന നിലയില്‍ തങ്ങളിലാരും പൃഥ്വി ഷായുടെ 10 ശതമാനം പോലും ഇല്ലായിരുന്നുവെന്ന കോഹ്‌ലിയുടെ വാക്കുകളിലുണ്ട് ഷായുടെ മഹത്വം.

അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡുമായാണ് രാജ്‌കോട്ട് ടെസ്റ്റില്‍ പൃഥ്വി ഷാ അരങ്ങേറിയത്. 99 പന്തില്‍ 15 ബൗണ്ടറികളോടെയാണ് പൃഥ്വി ഷാ കന്നി ടെസ്റ്റ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 154 പന്തില്‍ 19 ബൗണ്ടറികളോടെ 134 റണ്‍സുമായി ദേവേന്ദ്ര ബിഷൂവിന് റിട്ടേണ്‍ ക്യാച്ച് സമ്മാനിച്ചാണ് അന്ന് ഷാ പുറത്തായത്.

രഞ്ജി ട്രോഫി, ദുലീപ് ട്രോഫി എന്നീ ആഭ്യന്തര ടൂര്‍ണമെന്റുകളിലും അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടി അദ്ഭുതപ്പെടുത്തിയ ഷാ, രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റത്തിലും അതേ മികവ് ആവര്‍ത്തിച്ചു. സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറിനുശേഷം ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരവുമായി പൃഥ്വി ഷാ. 18 വര്‍ഷവും 329 ദിവസവുമായിരുന്നു കന്നി ടെസ്റ്റ് സെഞ്ചുറി നേടുമ്പോള്‍ ഷായുടെ പ്രായം. 17 വര്‍ഷവും 112 ദിവസവും പ്രായമുള്ളപ്പോഴാണ് സച്ചിന്‍ 1990ല്‍ ഇംഗ്ലണ്ടിനെതിരെ മാഞ്ചസ്റ്ററില്‍ സെഞ്ചുറി നേടിയത്.

രാജ്‌കോട്ടില്‍ ഇന്ത്യയെ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റു ചെയ്യാതെ വിന്‍ഡീസ് തോറ്റതിനാല്‍ ഷായ്ക്ക് വീണ്ടും ബാറ്റു ചെയ്യേണ്ടി വന്നില്ല. ഈ കുറവ് ഹൈദരാബാദില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ തീര്‍ത്തു, യുവതാരം. ഒന്നാം ഇന്നിങ്‌സില്‍ ട്വന്റി20 ക്രിക്കറ്റിനെ അനുസ്മരിപ്പിക്കുന്ന വേഗത്തില്‍ 53 പന്തില്‍ 70 റണ്‍സ്. രണ്ടാം ഇന്നിങ്ങ്‌സില്‍ പുറത്താകാതെ 33 റണ്‍സും! പരമ്പരയിലാകെ രണ്ടു മല്‍സരങ്ങളില്‍നിന്ന് 237 റണ്‍സ്! ഏറ്റവും കൂടുതല്‍ റണ്‍സുമായി പരമ്പരയുടെ താരവുമായി, ഷാ.

വെസ്റ്റ് ഇന്‍ഡീസിനെതിരെ പൃഥ്വി ഷാ പുറത്തെടുത്ത പ്രകടനത്തിന് വീരേന്ദര്‍ സേവാഗിന്റെ പ്രകടനവുമായി അസാധാരണമാം വിധം സാമ്യമുണ്ട്. വിന്‍ഡീസിനെതിരെ കളിച്ച ഒന്നാം ഇന്നിങ്‌സില്‍ സേവാഗ് സെഞ്ചുറി നേടിയിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ അര്‍ധസെഞ്ചുറിയും മൂന്നാം ഇന്നിങ്‌സില്‍ 33 റണ്‍സും നേടി. സമാനമാണ് പൃഥ്വി ഷായുടെ പ്രകടനവും. ഒന്നാം ഇന്നിങ്‌സില്‍ സെഞ്ചുറി, രണ്ടാം ഇന്നിങ്‌സില്‍ അര്‍ധസെഞ്ചുറി, മൂന്നാം ഇന്നിങ്‌സില്‍ 33 റണ്‍സ്.

രണ്ടു ടെസ്റ്റുകളേ കളിച്ചിള്ളൂവെങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ ശരാശരിയുള്ള ബാറ്റ്‌സ്മാനാണ് പൃഥ്വി ഷാ. 118.50 ആണ് പൃഥ്വിയുടെ ടെസ്റ്റ് ശരാശരി.

ഹൈദരാബാദ് ടെസ്റ്റില്‍ ഇന്ത്യയുടെ വിജയറണ്‍ കുറിച്ച പൃഥ്വി ഷാ, ടെസ്റ്റ് മല്‍സരത്തില്‍ വിജയറണ്‍ കുറിക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി മാറി. വിന്‍ഡീസിനെതിരെ വിജയ റണ്‍ നേടുമ്പോള്‍ 18 വര്‍ഷവും 339 ദിവസവുമാണ് പൃഥ്വിയുടെ പ്രായം. 2011ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 18 വര്‍ഷവും 198 ദിവസവും പ്രായമുള്ളപ്പോള്‍ വിജയ റണ്‍ നേടിയ ഓസീസ് താരം പാറ്റ് കുമ്മിന്‍സാണ് ഇക്കാര്യത്തില്‍ ഒന്നാമത്.

വെസ്റ്റ് ഇന്‍ഡീസ് ഏറ്റവും ഒടുവില്‍ ഇന്ത്യയില്‍ കളിച്ച മൂന്നു ടെസ്റ്റ് പരമ്പരകളിലും ‘മാന്‍ ഓഫ് ദ് സീരീസ്’ ആയി തിരഞ്ഞെടുക്കപ്പെട്ടത് അരങ്ങേറ്റ പരമ്പര കളിച്ച ഇന്ത്യന്‍ താരങ്ങളാണ്. 2011ല്‍ ഇന്ത്യ 2–0ന് വിജയിച്ച പരമ്പരയില്‍ ‘മാന്‍ ഓഫ് ദ് സീരീസ്’ ആയത് അരങ്ങേറ്റ പരമ്പര കളിച്ച രവിചന്ദ്രന്‍ അശ്വിനായിരുന്നു. 2013ല്‍ ഇന്ത്യ 2-–0ന് ജയിച്ചപ്പോള്‍ അത് അരങ്ങേറ്റം കുറിച്ച രോഹിത് ശര്‍മയായി. ഇക്കുറി ‘മാന്‍ ഓഫ് ദ് സീരീസ്’ പുരസ്‌കാരം ഏറ്റുവാങ്ങാനുള്ള നിയോഗം അരങ്ങേറ്റ പരമ്പരയ്ക്കിറങ്ങിയ പൃഥ്വി ഷായ്ക്കായി.

അരങ്ങേറ്റ പരമ്പരയില്‍ ‘മാന്‍ ഓഫ് ദ് സീരീസ്’ പുരസ്‌കാരം നേടുന്ന പത്താമത്തെ താരമാണ് പൃഥ്വി ഷാ. നാലാമത്തെ ഇന്ത്യന്‍ താരവും. സൗരവ് ഗാംഗുലി (1996, ഇംഗ്ലണ്ടിനെതിരെ), ജാക്ക് റുഡോള്‍ഡ് (2003, ബംഗ്ലദേശിനെതിരെ), സ്റ്റുവാര്‍ട്ട് ക്ലാര്‍ക്ക് (2006, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ), അജാന്ത മെന്‍ഡിസ് (2008, ഇന്ത്യയ്‌ക്കെതിരെ), രവിചന്ദ്രന്‍ അശ്വിന്‍ (2011, വെസ്റ്റ് ഇന്‍ഡീസിനെതിരെ), വെര്‍നോണ്‍ ഫിലാന്‍ഡര്‍ (2011, ഓസ്‌ട്രേലിയയ്‌ക്കെതിരെ), ജയിംസ് പാറ്റിന്‍സണ്‍ (2011, ന്യൂസീലന്‍ഡിനെതിരെ), രോഹിത് ശര്‍മ (2013, വെസ്റ്റ് ഇന്‍ഡീസിനെതിരെ), മെഹ്ദി ഹസന്‍ (2016, ഇംഗ്ലണ്ടിനെതിരെ) എന്നിവരാണ് ഇക്കാര്യത്തില്‍ ഷായ്ക്കു മുന്നിലുള്ളത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7