ഹൈദരാബാദ്: അരങ്ങേറ്റത്തില്‍ തന്നെ തകര്‍പ്പന്‍ സെഞ്ച്വറിയടിച്ച് ക്രിക്കറ്റ് ആരാധകരുടെ മനം കവര്‍ന്ന തുടര്‍ച്ചയായ പൃഥ്വി ഷാ രണ്ടാം ടെസ്റ്റിലും സെഞ്ചുറിയിലേക്ക് കുതിച്ചു. എന്നാല്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയെന്ന മോഹം പാതിവഴിയില്‍ അവസാനിച്ചു. എങ്കിലും മിന്നും പ്രകടനത്തിലൂടെ ഹൈദരാബാദിലും ഇന്ത്യന്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയാണ് കരിയറിലെ രണ്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന പതിനെട്ടുകാരന്‍ പൃഥ്വി ഷാ ക്രീസ് വിട്ടത്. രാജ്‌കോട്ടില്‍ നടന്ന ഇന്ത്യ–വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അരങ്ങേറി ഉജ്വല സെഞ്ചുറിയിലൂടെ വരവറിയിച്ച ഷാ, ഹൈദരാബാദില്‍ മിന്നല്‍ ബാറ്റിങ്ങിലൂടെയാണ് ആരാധകരുടെ മനം കവര്‍ന്നത്. സാങ്കേതികത്തികവാര്‍ന്ന ഷോട്ടുകള്‍, മികച്ച ഫുട്‌വര്‍ക്ക്, പേസ് ബോളര്‍മാര്‍ക്കെതിരെയും സ്പിന്നര്‍മാര്‍ക്കെതിരെയും വ്യത്യസ്ത ടെക്‌നിക് എന്നിങ്ങനെ വിശേഷങ്ങളേറെയുള്ള ഇന്നിങ്‌സിനൊടുവില്‍ 70 റണ്‍സുമായാണ് ഷാ കൂടാരം കയറിയത്.
തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും സെഞ്ചുറിയിലേക്ക് കുതിച്ച ഷായെ ഒരു നിമിഷത്തെ അശ്രദ്ധയില്‍ പുറത്താക്കിയത് ജോമല്‍ വറീകനാണ്. 53 പന്തില്‍ 11 ബൗണ്ടറിയും ഒരു സിക്‌സും സഹിതമാണ് ഷാ 70 റണ്‍സെടുത്തത്. അങ്ങനെ രണ്ടാം മല്‍സരത്തിലെത്തി നില്‍ക്കുന്ന ഷായുടെ രാജ്യാന്തര കരിയര്‍ ഇങ്ങനെ വായിക്കാം; 134, 70,
ഈ നൂറ്റാണ്ടില്‍ സ്വന്തം മണ്ണില്‍ ഒരു ഇന്ത്യന്‍ പേസ് ബോളറുടെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടം എന്ന ഖ്യാതിയോടെ ആറു വിക്കറ്റു വീഴ്ത്തിയ ഉമേഷ് യാദവിന്റെ മികവില്‍ ഒന്നാം ഇന്നിങ്‌സില്‍ 311 റണ്‍സിന് വിന്‍ഡീസിനെ പുറത്താക്കിയ ഇന്ത്യയ്ക്ക്, മിന്നും തുടക്കമാണ് ഷാ നല്‍കിയത്. ഇനിയും പൂര്‍ണ മികവിലേക്കുയരാത്ത ലോകേഷ് രാഹുലിനെ ഒരറ്റത്ത് കാഴ്ചക്കാരനാക്കി തകര്‍ത്തടിച്ച ഷാ, അതിവേഗമാണ് ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡില്‍ റണ്‍സെത്തിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ ഷായ്‌ക്കൊപ്പം 61 റണ്‍സ് കൂട്ടിച്ചേര്‍ത്ത് രാഹുല്‍ പുറത്താകുമ്പോള്‍ താരത്തിന്റെ വ്യക്തിഗത സ്‌കോര്‍ നാലു റണ്‍സ് മാത്രം. ഈ സമയം ഷായുടെ സ്‌കോര്‍ 42ഉം
രാഹുല്‍ പുറത്തായ ശേഷവും തകര്‍ത്തടിച്ചു മുന്നേറിയ യുവതാരം, ഒരു നിമിഷത്തെ അശ്രദ്ധയിലാണ് ജോമല്‍ വറീകന്റെ പന്തില്‍ പുറത്തേക്കുള്ള വഴി കണ്ടത്. 19–ാം ഓവറിലെ നാലാം പന്ത് എക്‌സ്ട്രാ കവറിലൂടെ ബൗണ്ടറി കടത്താനുള്ള ഷായുടെ ശ്രമം ഹെറ്റ്മയറിന്റെ കൈകളില്‍ അവസാനിക്കുമ്പോള്‍, ഇന്ത്യന്‍ സ്‌കോര്‍ നൂറിന് രണ്ടു റണ്‍സ് മാത്രം അകലെയായിരുന്നു. എന്തായാലും ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍ തന്റെ സ്ഥാനം ഉറപ്പിക്കുന്ന പ്രകടനത്തോടെയാണ് ഷാ പവലിയനിലേക്കു മടങ്ങിയത്.
അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡുമായാണ് വിന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റില്‍ പൃഥ്വി ഷാ അരങ്ങേറിയത്. 99 പന്തില്‍ 15 ബൗണ്ടറികളോടെയാണ് പൃഥ്വി ഷാ കന്നി ടെസ്റ്റ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 154 പന്തില്‍ 19 ബൗണ്ടറികളോടെ 134 റണ്‍സുമായി ദേവേന്ദ്ര ബിഷൂവിന് റിട്ടേണ്‍ ക്യാച്ച് സമ്മാനിച്ചാണ് അന്ന് ഷാ പുറത്തായത്.
രഞ്ജി ട്രോഫി, ദുലീപ് ട്രോഫി എന്നീ ആഭ്യന്തര ടൂര്‍ണമെന്റുകളിലും അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടി അദ്ഭുതപ്പെടുത്തിയ ഷാ, രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റത്തിലും അതേ മികവ് ആവര്‍ത്തിച്ചാണ് വരവറിയിച്ചത്. സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറിനുശേഷം ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരം കൂടിയായി പൃഥ്വി ഷാ. 18 വര്‍ഷവും 329 ദിവസവുമായിരുന്നു കന്നി ടെസ്റ്റ് സെഞ്ചുറി നേടുമ്പോള്‍ ഷായുടെ പ്രായം. 17 വര്‍ഷവും 112 ദിവസവും പ്രായമുള്ളപ്പോഴാണ് സച്ചിന്‍ 1990ല്‍ ഇംഗ്ലണ്ടിനെതിരെ മാഞ്ചസ്റ്ററില്‍ സെഞ്ചുറി നേടിയത്. ഷാ രണ്ടാം സ്ഥാനത്തെത്തിയതോടെ കപില്‍ ദേവ് മൂന്നാമതായി. 20 വര്‍ഷവും 21 ദിവസവും പ്രായമുള്ളപ്പോഴാണ് കപില്‍ ആദ്യ ടെസ്റ്റ് സെഞ്ചുറി നേടിയത്.