മുംബൈ: മഹാവിഷ്ണുവിന്റെ 11–ാം അവതാരമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന വാദവുമായി മഹാരാഷ്ട്രയിലെ ബിജെപി നേതാവ് രംഗത്ത്. ബിജെപി വക്താവ് അവദൂത് വാഗാണ് ട്വിറ്ററില്‍ നരേന്ദ്രമോദി വിഷ്ണുവിന്റെ അവതാരമാണെന്നു വാദിച്ചത്. എന്നാല്‍ ദൈവങ്ങളെ അപമാനിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ദൈവത്തെപ്പോലെയുള്ള ഒരു നേതാവിനെ ലഭിച്ചത് ഇന്ത്യയുടെ ഭാഗ്യമാണെന്ന് ഒരു മഹാരാഷ്ട്ര മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലും അവദൂത് അവകാശപ്പെട്ടു. എന്നാല്‍ വാഗിന്റെത് നഷ്ടപ്പെട്ട രാഷ്ട്രീയ സ്വാധീനം വീണ്ടെടുക്കാനുള്ള ശ്രമമാണെന്നും ഇതിന് അധികം പ്രധാന്യം നല്‍കേണ്ട കാര്യമില്ലെന്നും കോണ്‍ഗ്രസ് വക്താവ് അതുല്‍ ലോന്ദെ വ്യക്തമാക്കി.
ബിജെപിയുടെ സംസ്‌കാരത്തിന്റെ കൂടി പ്രശ്‌നമാണ് പരാമര്‍ശത്തിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം എന്‍സിപി എംഎല്‍എ ജിതേന്ദ്ര അവ്ഹാദും ബിജെപി നേതാവിന്റെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തി. വാഗ് ഒരു എന്‍ജിനീയറിങ് ബിരുദധാരിയാണ്. അദ്ദേഹത്തിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് ഒറിജിനലാണോയെന്നു പരിശോധിക്കണം. അതു വ്യാജമാണെന്നാണ് എനിക്ക് തോന്നുന്നത്– എന്‍സിപി എംഎല്‍എ മുംബൈയില്‍ പറഞ്ഞു.