രാജ്‌കോട്ട്: വിന്‍ഡീസിനെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തിലെ ആദ്യ ദിനത്തില്‍ ശ്രദ്ധാകേന്ദ്രമായത് പൃഥ്വി ഷാ ആയിരുന്നു. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറിയും റെക്കോര്‍ഡുകളും അടിച്ചുകൂട്ടിയാണ് ഈ 18കാരന്‍ തിളങ്ങിയത്. ഇത്രയൊക്കെ ആയിട്ടും പൃഥ്വി ഷാ നിരാശനാണ്. ദേവേന്ദ്ര ബിഷുവിന്റെ പന്തില്‍ താന്‍ പുറത്തായ രീതിയാണ് തന്നെ ഏറെ നിരാശപ്പെടുത്തുന്നതെന്ന് പൃഥ്വി ഷാ ആദ്യ ദിവസത്തെ കളിക്കുശേഷം പറഞ്ഞു. ബാറ്റിംഗിന് അനുകൂലമായ പിച്ചില്‍ സെഞ്ചുറി മാത്രം മതിയായിരുന്നില്ല. ഞാന്‍ ബാറ്റിംഗ് തുടരണമായിരുന്നു. ആദ്യ ദിനം ചായക്ക് പിരിയാന്‍ 10 മിനിട്ട് മാത്രം ബാക്കിയിരിക്കെയാണ് ഞാന്‍ പുറത്തായത്. ഇനി 10 മിനിട്ട് കൂടി കഴിഞ്ഞാല്‍ ടീ ബ്രേക്കാവുമെന്നും കുറച്ചുകൂടി കരുതലോടെ ബാറ്റ് ചെയ്യണമെന്നും എന്റെ മനസിലുണ്ടായിരുന്നു.
അപ്പോഴാണ് ബിഷുവിന്റെ ആ പന്ത് എത്തിയത്. സാധാരണയില്‍ നിന്ന് അല്‍പം കുത്തി ഉയര്‍ന്ന പന്തില്‍ എനിക്ക് വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. സെഞ്ചുറിക്ക് മുമ്പ് ചെറിയ സമ്മര്‍ദ്ദമൊക്കെ ഉണ്ടായിരുന്നു. എന്നാല്‍ സെഞ്ചുറി അടിച്ചശേഷം ഞാന്‍ തീര്‍ത്തും റിലാക്‌സ്ഡ് ആയിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ഇന്ത്യ എക്കായി കളിക്കുമ്പോഴും എങ്ങനെയാണോ കളിക്കുക അതേരീതിയില്‍ കളിക്കാനാണ് ഞാന്‍ ശ്രമിച്ചത്. ഇതെന്റെ ആദ്യ കളിയാണെന്നൊന്നും ചിന്തിക്കാതെയാണ് ഞാന്‍ ബാറ്റ് ചെയ്ത്.
മറ്റേതൊരു കളിയുംപോലെയായിരുന്നു ബാറ്റ് ചെയ്യുമ്പോള്‍ എനിക്ക് ഈ കളിയും. ആദ്യ 1015 ഓവറുകള്‍ കഴിഞ്ഞപ്പോള്‍ എനിക്ക് ആത്മവിശ്വാസമായി. ഇംഗ്ലണ്ട് പരമ്പരയില്‍ ടീമലുണ്ടായിരുന്നത് വലിയ അനുഭവമായിരുന്നു. ക്യാപ്റ്റന്‍ വിരാട് കോലി എന്നോട് പറഞ്ഞത് ഈ ടീമില്‍ സീനിയര്‍ ജൂനിയര്‍ വ്യത്യാസമൊന്നുമില്ലെന്നാണ്. വര്‍ഷങ്ങളായി രാജ്യാന്തര ക്രിക്കറ്റ് കളിക്കുന്നവര്‍ക്കൊപ്പം ഡ്രസ്സിംഗ് റൂം പങ്കിടാനായത് വലിയ അനുഭവമായിരുന്നു. ടീമിലുള്ള എല്ലാവരും ഇപ്പോള്‍ എന്റെ സുഹൃത്തുക്കളാണ്.
ഈ സെഞ്ചുറി തന്റെ പിതാവിനാണ് സമര്‍പ്പിക്കുന്നതെന്നും പൃഥ്വി ഷാ പറഞ്ഞു. എന്റെ കരിയറില്‍ എന്റെ കൂടെ പാറപോലെ ഉറച്ചുനിന്ന വ്യക്തിയാണ് അദ്ദേഹം. എനിക്കുവേണ്ടി പലതും ത്യജിച്ച വ്യക്തി. ഇന്ത്യക്കായി കളിക്കാനായി ലഭിച്ച അവസരം ശരിക്കും അഭിമാന മുഹൂത്തമാണ്. ഈ അവസരം ഒരിക്കലും നഷ്ടപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും പൃഥ്വി ഷാ പറഞ്ഞു.