ബംഗളുരൂ: പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന തുടരുന്നത് കേന്ദ്രസര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ഇതിനിടെ ഇന്ധനവില നികുതിയില്‍ കുറവ് വരുത്താന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. കര്‍ണാടകയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് രണ്ടുരൂപ വീതം കുറയ്ക്കുമെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പറഞ്ഞു. കല്‍ബുര്‍ഗിയില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
‘ഇന്ധനവില എല്ലാദിവസവും വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. നികുതി കുറയ്ക്കുന്നതിലൂടെ സംസ്ഥാന സര്‍ക്കാരിന് ഇന്ധനവിലയില്‍ കുറവു വരുത്താനാകുമെന്നാണ് കര്‍ണാടകയിലെ ജനങ്ങള്‍ വിചാരിക്കുന്നത്. കര്‍ണാടകയിലെ സഖ്യകക്ഷി സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് രണ്ടുരൂപ വീതം കുറയ്ക്കാന്‍ തീരുമാനിച്ചതായി ഞാന്‍ നിങ്ങളെ അറിയിക്കുകയാണ്. സര്‍ക്കാരിന്റെ ഈ നീക്കം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് കുറച്ച് ആശ്വാസം പകരുമെന്നാണ് ഞാന്‍ വിചാരിക്കുന്നത്’ കുമാരസ്വാമി പറഞ്ഞു.
ആന്ധ്രാപ്രദേശും പശ്ചിമ ബെംഗാളും രാജസ്ഥാനും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചിരുന്നു. ഇതിനു പിന്നാലെയാണ് കുമാരസ്വാമിയുടെ പ്രഖ്യാപനം.