‘ചില അപഥ സഞ്ചാരിണികള്‍ സ്ത്രീസുരക്ഷാ നിയമം മുതലെടുക്കുന്നു’ ബിഷപ്പിനെയും ദിലീപിനെയും പി.കെ ശശിയേയും ന്യായീകരിച്ച് പി.സി ജോര്‍ജ്

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരായി പരാതി ഉന്നയിച്ച കന്യാസ്ത്രീയെ ആക്ഷേപിച്ചും വനിതാ കമ്മീഷനെ വെല്ലുവിളിച്ചും പി.സി ജോര്‍ജ്ജ് എം.എല്‍.എ. ചില അപഥ സഞ്ചാരിണികള്‍ സ്ത്രീസുരക്ഷാ നിയമം മുതലെടുക്കുന്നുവെന്നും ഇതിനെതിരെ പ്രതികരിക്കേണ്ടത് പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ തന്റെ ഉത്തരവാദിത്തമാണെന്നും ജോര്‍ജ്ജ് പറഞ്ഞു.

ഇര കന്യാസ്ത്രീയാണോ അതോ ബിഷപ്പാണോയെന്ന് സംശയമുണ്ട്. കന്യാസ്ത്രീകള്‍ക്ക് പരാതിയുണ്ടെങ്കില്‍ സമരം നടത്താതെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്.

സഭയെ അവഹേളിക്കുന്നവരുടെ പിന്തുണയോടെയാണ് ഇപ്പോഴത്തെ അവരുടെ സമരം. കന്യാസ്ത്രീ നിയമ പരിരക്ഷയാണ് തേടുന്നതെങ്കില്‍ താന്‍ പിന്തുണയ്ക്കും. എന്നാല്‍, മാന്യമായി ജീവിക്കുന്ന വൈദിക സമൂഹത്തെ അപമാനിക്കാന്‍ അനുവദിക്കില്ല. ക്രൈസ്തവ സമൂഹത്തെ അപമാനിക്കണം എന്ന ലക്ഷ്യത്തോടെ ലോകവ്യാപകമായി സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ബിഷപ്പ് തെറ്റ് ചെയ്യാനുള്ള സാദ്ധ്യത ഉണ്ടെന്ന് തന്നെ കരുതുന്നു. താനിതുവരെ ബിഷപ്പിനെ കണ്ടിട്ടില്ല. അദ്ദേഹത്തെ പരിചയവുമില്ലെന്നും ജോര്‍ജ് പറഞ്ഞു

പരാതി നല്‍കിയ കന്യാസ്ത്രീയുടെ ബന്ധുക്കള്‍ കോടനാട് വലിയ വീടും ഷോപ്പിംഗ് കോംപ്ലക്സും വച്ചത് വെറും മൂന്ന് കൊല്ലം കൊണ്ടാണ്. ബിഷപ്പിനെതിരായ പരാതിയില്‍ കന്യാസ്ത്രീയ്ക്ക് വേണ്ടി സമരത്തിനിറങ്ങിയ കന്യാസ്ത്രീകള്‍ സഭയില്‍ നിന്നും വേറിട്ടു നില്‍ക്കുന്നുവരാണെന്നും പി.സി.ജോര്‍ജ് ആരോപിച്ചു.

തന്നെ മര്യാദ പഠിപ്പിക്കാന്‍ ആരും വരണ്ടെന്നും വനിതാ കമ്മീഷന്‍ തന്റെ മൂക്കു ചെത്തുമോയെന്നും പി.സി ജോര്‍ജ്ജ് ചോദിച്ചു. കൃത്യമായി തെളിവില്ലാതെ പി.കെ.ശശി എം.എല്‍.എയ്ക്കെതിരെ കേസെടുക്കരുതെന്നും നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഇരയാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular