ജി.എന്‍.പി.സി പൂട്ടിക്കെട്ടിക്കാന്‍ എക്‌സൈസ്; ഗ്രൂപ്പ് ഡിലീറ്റ് ചെയ്യാന്‍ ഋഷിരാജ് സിംഗ് ഫേസ്ബുക്കിന് കത്ത് നല്‍കി

ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും പൂട്ടിക്കാന്‍ എക്‌സൈസ് നീക്കങ്ങള്‍ ആരംഭിച്ചു. ഗ്രൂപ്പ് ഡീലീറ്റ് ചെയാന്‍ എക്സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗ് ഫെയ്സ്ബുക്കിന് കത്ത് നല്‍കി. ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ജിഎന്‍പിസിക്കതിരെ ചുമത്തിയിരിക്കുന്നത്. ഗ്രൂപ്പില്‍ മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകള്‍ ഉള്ളതായി പൊലീസ് സ്ഥീകരിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഗ്രൂപ്പിന്റെ 38 അഡ്മിന്‍മാര്‍ക്ക് എതിരെയും കേസെടുക്കാന്‍ തീരുമാനിച്ചു. വിവരം പുറത്ത് വന്നതോടെ ഇന്നലെ അറസ്റ്റിലായ അഡ്മിന്‍ ടി എല്‍ അജിത്ത് കുമാര്‍ ഒഴികെ എല്ലാവരും ഒളിവിലാണ്.

മദ്യത്തിനൊപ്പം പിഞ്ചുകുഞ്ഞുങ്ങളുടെ ചിത്രവും വ്യാപകമായി ഗ്രൂപ്പില്‍ പ്രചരിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ കുട്ടികളുടെ സാന്നിദ്ധ്യത്തില്‍ മദ്യപിക്കുന്ന ദൃശ്യങ്ങളും ഗ്രൂപ്പിലുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജുവൈനല്‍ ജസ്റ്റിസ് വകുപ്പ് പ്രകാരവും കേസെടുത്തു.

ഇതു കൂടാതെ ശവക്കല്ലറയ്ക്ക് മുകളില്‍ മദ്യം വച്ചുള്ള ചിത്രവും ജിഎന്‍പിസിയിലുണ്ടായിരുന്നതായി സൈബര്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് പൊതുസ്ഥലത്ത് മദ്യാപനത്തെ പ്രേത്സാഹിപ്പിക്കുന്നതായി അന്വേഷണ സംഘം വിലയിരുത്തുന്നു. ഇതിന്റെ പേരിലും കേസെടുക്കാന്‍ നീക്കമുണ്ട്. കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ സാധിക്കുന്ന കുറ്റകൃത്യങ്ങളുടെ തെളിവുകളും ജിഎന്‍പിസിയിലെ പോസ്റ്റുകളില്‍ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

ഇന്നലെ ജിഎന്‍പിസി ഗ്രൂപ്പ് അഡ്മിന്‍ നേമം കാരയ്ക്കാമണ്ഡപം ആമിവിളാകം സരസില്‍ അജിത് കുമാറിനെയാണ് (40) എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. കൂപ്പണ്‍ ഉപയോഗിച്ച് വീട്ടില്‍ മദ്യവില്‍പ്പന നടത്തിയ കേസിലാണ് അറസ്റ്റ്. ഗ്രൂപ്പിലൂടെ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടികാണിച്ച് എക്സൈസ് വകുപ്പ് അജിത്ത് കുമാറിനും ഭാര്യക്കും എതിരെ നേരത്തെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ഇവരുടെ വീട്ടില്‍ എക്സൈസ് റെയ്ഡ് നടത്തുകയും ചെയ്തു.

നിലവില്‍ 18 ലക്ഷം പേരാണ് ജിഎന്‍പിസിയില്‍ അംഗങ്ങളായുള്ളത്. ഗ്രൂപ്പില്‍ മദ്യപിക്കുന്ന ഫോട്ടോയും വീഡിയോയും പോസ്റ്റ് ചെയ്യാന്‍ അഡ്മിന്‍ നിര്‍ദേശിച്ചിരുന്നതായി എക്സൈസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ജിഎന്‍പിസി അംഗങ്ങള്‍ക്ക് ബാറുകളില്‍ നിരക്ക് ഇളവുണ്ടെന്ന വിവരം ലഭിച്ചതിന് പിന്നാലെയാണ് ഇവര്‍ക്കെതിരെ എക്സൈസ് അന്വേഷണം ആരംഭിച്ചത്. നിലവില്‍ കേരളത്തിലെ നൂറോളം ബാറുകളും ജിഎന്‍പിസി അംഗങ്ങള്‍ക്ക നിരക്ക് ഇളവുകള്‍ നല്‍കി വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാറുകള്‍ നല്‍കുന്ന പ്രത്യേക ഓഫറുകളും ഗ്രൂപ്പില്‍ പ്രസിദ്ധീകരിക്കുന്നുമുണ്ട്.

സര്‍ക്കാരും എക്സൈസും ലഹരിക്കെതിരെ ബോധവത്കരണം നടത്തുന്ന അവസരത്തില്‍ ഈ ഗ്രൂപ്പിലൂടെ മദ്യപിക്കേണ്ട രീതികള്‍, ഇതിന്റെ കൂടെ കഴിക്കേണ്ട ഭക്ഷണങ്ങള്‍, പുതിയ ബ്രാന്‍ഡുകള്‍ തുടങ്ങിയവ പ്രചരിക്കുന്നുണ്ട്. ഇതു മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതായി മദ്യവിരുദ്ധ സംഘടനകള്‍ അഭിപ്രായപ്പെടുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7