ദിലീപിനെ തിരിച്ചെടുത്ത നടപടിയില്‍ എതിര്‍പ്പറിയിച്ച് ‘അമ്മ’യ്ക്ക് കന്നഡ സിനിമാ സംഘടനയുടെ തുറന്ന കത്ത്

നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തില്‍ എതിര്‍പ്പറിയിച്ച് താരസംഘടനയായ ‘അമ്മ’യ്ക്ക് കന്നഡ സിനിമാ സംഘടനയുടെ തുറന്ന കത്ത്. തീരുമാനം തിടുക്കത്തിലായി പോയെന്നും സിനിമാരംഗത്ത് ജോലി ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് സംഘടനയുടെ ഉത്തരവാദിത്വമാണെന്നും തീരുമാനം പുനപരിശോധിക്കണമെന്നും കത്തില്‍ പറയുന്നു. കന്നഡ ഫിലിം ഇന്‍ഡസ്ട്രി, ഫിലിം ഇന്‍ഡസ്ട്രി ഫോര്‍ റൈറ്റ്സ് ആന്‍ഡ് ഇക്വാലിറ്റി എന്നീ സംഘടനകള്‍ സംയ്ുക്തമായി അയച്ചിരിക്കുന്ന കത്തില്‍ 50 സിനിമാപ്രവര്‍ത്തകര്‍ ഒപ്പു വെച്ചിട്ടുണ്ട്.

പ്രതിയായ നടനും ആക്രമിക്കപ്പെട്ട നടിയും സംഘടനയുടെ ഭാഗമായിരിക്കെ, കുറ്റം തെളിയിക്കും വരെ നിരപരാധിയാണെന്നു പറഞ്ഞ് സംഘടന നടനെ തിരിച്ചെടുത്ത നടപടി ഒട്ടും അനുയോജ്യമല്ലെന്നും ഇടവേളബാബുവിന് അയച്ച് കത്തില്‍ പറയുന്നു. സ്ത്രീകളുടെ സുരക്ഷയും ലിംഗ സമത്വവുമെല്ലാം രാജ്യത്തെ പ്രധാന ചര്‍ച്ചാ വിഷയങ്ങളായിരിക്കെ സമൂഹത്തോട് സിനിമാ മേഖലയ്ക്കുള്ള ഉത്തരവാദിത്തം വളരെ വലുതാണ്. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും തന്റെ നിരപരാധിത്വം തെളിയിച്ചതിനു ശേഷം മാത്രമേ ദിലീപിനെ തിരിച്ചെടുക്കാവുള്ളുവെന്നും കെഎഫ്‌ഐ, എഫ്‌ഐആര്‍ആ എന്നീ സംഘടനയിലെ അംഗങ്ങളായ തങ്ങള്‍ അമ്മയോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും കത്തില്‍ പറയുന്നു.

സംവിധായിക കവിതാ ലങ്കേഷ്, മേഘ്ന രാജ്, ശ്രുതി ഹരിഹരന്‍, പ്രകാശ് റായ്, രൂപ അയ്യര്‍, രക്ഷിത് ഷെട്ടി, ശ്രദ്ധ ശ്രീനാഥ് തുടങ്ങിയവരും ഈ കത്തില്‍ ഒപ്പിട്ടിട്ടുണ്ട്. അതേസമയം സംഭവത്തില്‍ മലയാള സിനിമാരംഗത്തും പ്രതിഷേധം ഇരമ്പുകയാണ് . താര സംഘടനയുടെ തീരുമാനത്തിനെതിരെ രാജിവെച്ച നടിമാര്‍ക്കും പിന്തുണ നല്‍കി കൊണ്ട് 98 സിനിമാ പ്രവര്‍ത്തകര്‍ ഒപ്പുവെച്ച പ്രസ്താവന പുറത്തിറക്കി.

അഭിനേതാക്കളായ വിനായകന്‍, അനുമോള്‍, സൃന്ദ, കുക്കു സരിത, അലന്‍സിയര്‍, അര്‍ച്ചന പദ്മിനി തുടങ്ങിയവരും സംവിധായകരായ ദിലീഷ് പോത്തന്‍, അമല്‍ നീരദ്, രാജീവ് രവി, ഡോ.ബിജു, സമീര്‍ താഹിര്‍, വിധു വിന്‍സെന്റ് തുടങ്ങിയവരും മറ്റ് അഭിനേതാക്കളും അണിയറ പ്രവര്‍ത്തകും സാങ്കേതിപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരാണ് ഒപ്പിട്ട് പ്രസ്താവന ഇറക്കിയിരിക്കുന്നത്.

അതേസമയം ദിലീപിനെ ‘അമ്മ’യില്‍ തിരിച്ചെടുത്ത നടപടി ശരിയായില്ലെന്ന് മുതിര്‍ന്ന നടന്‍ ടി.പി.മാധവന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പ്രതിഷേധം ഉയര്‍ത്തി നടിമാര്‍ രാജിവച്ചത് ധീരമായ നടപടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അമ്മയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയാണ് ടി.പി.മാധവന്‍. എന്നാല്‍ ഇപ്പോള്‍ ആരും നോക്കാനില്ലാതെ കൊല്ലം പത്തനാപുരത്തെ ഗാന്ധി ഭവനിലാണ് മാധവന്‍ കഴിയുന്നത്. 2015 ല്‍ ഹരിദ്വാറില്‍വച്ച് പക്ഷാഘാതം ഉണ്ടായ ശേഷം കേരളത്തില്‍ തിരിച്ചെത്തിയത് മുതല്‍ മാധവന്‍ ഗാന്ധിഭവനിലെ അന്തേവാസിയാണ്.

ദിലീപിനെതിരെ കേസ് ഇപ്പോഴും നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ തിരിച്ചെടുത്തത് ശരിയായില്ല. ‘അമ്മ’യില്‍ നിന്ന് ചിലര്‍ വിളിക്കാറുണ്ട്. സംഘടനയില്‍ നിന്ന് 5000 രൂപ പെന്‍ഷന്‍ ലഭിക്കുന്നുണ്ടെന്നും ടി.പി മാധവന്‍ കൂട്ടിച്ചേര്‍ത്തു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7