തെലുങ്ക് സിനിമാ മേഖലയില്‍ കാസ്റ്റിംഗ് കൗച്ച് വിവാദം ആളിക്കത്തിക്കൊണ്ടിരിക്കുകയാണ്. നടി ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തലിന് പിന്നാലെ നിരവധി പേര്‍ പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിന്നു. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് ഗാനരചയിതാവ് ശ്രേഷ്ഠ. ഇന്ത്യ ടുഡേയുമായുള്ള അഭിമുഖത്തിലാണ് ഗാനരചയിതാക്കളും ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നുവെന്ന വെളിപ്പെടുത്തല്‍ നടത്തിയത്.
സിനിമയിലെ ആദ്യകാലങ്ങളില്‍ ഒരു നിര്‍മാതാവിന്റെ ഭാര്യതന്നെ അദ്ദേഹത്തിന്റെ ലൈംഗിക താല്‍പര്യം സാധിച്ചുകൊടുക്കാനാവശ്യപ്പെട്ട് തന്നെ സമീപിച്ചിട്ടുണ്ടെന്ന് ശ്രേഷ്ഠ വെളിപ്പെടുത്തി. ഞാനിപ്പോള്‍ സിനിമയുമായുള്ള ബന്ധം നിര്‍ത്തിവെച്ചിരിക്കുകയാണ്. കുറച്ചു ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നതിന്റെ പശ്ചാത്തലത്തിലാണിത്. ചില വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറാകാതെ സിനിമാരംഗത്ത് പിടിച്ചു നില്‍ക്കാനാവില്ലെന്ന് പലരും എന്നോട് പറഞ്ഞു ശ്രേഷ്ഠ പറഞ്ഞു.
നടി ശ്രീ റെഡ്ഡിയാണ് തെലുങ്ക് സിനിമയിലെ കാസ്റ്റിംഗ് കൗച്ച് തുറന്നുപറച്ചിലുകള്‍ക്ക് തുടക്കമിട്ടത്. ആദ്യം സംവിധായകനും നടനുമായ ശേഖര്‍ കമ്മൂലക്കെതിരെയാണ് ശ്രീ റെഡ്ഡി കാസ്റ്റിംഗ് കൗച്ച് ആരോപണമുന്നയിച്ചത്. ഗായകന്‍ ശ്രീറാം, നടന്‍ റാണാ ദഗ്ഗുബാട്ടിയുടെ സഹോദരന്‍ അഭിറാം ദഗ്ഗുബാട്ടി, സംവിധായകനും തിരക്കഥാകൃത്തുമായ ശിവ കൊരട്ടാല തുടങ്ങിയവര്‍ക്കെതിരേയും ഗുരുതരമായ ആരോപണങ്ങളുമായി ശ്രീ റെഡ്ഡി രംഗത്ത് വന്നിരുന്നു. അതില്‍ ഏറ്റവും അവസാനം രംഗത്ത് വന്നത് നാനിക്കെതിരെ ആയിരുന്നു.