ഐഫോണിനെ കോപ്പിയടിച്ചെന്ന കേസില്‍ സാംസങ്ങിന് വന്‍ തിരിച്ചടി. വര്‍ഷങ്ങള്‍ നീണ്ട നിയമപ്പോരാട്ടത്തിനൊടുവില്‍ കേസില്‍ ആപ്പിളിന് അനുകൂല വിധി. ഐഫോണിന്റെ ചില ഫീച്ചറുകള്‍ നിയമവിരുദ്ധമായി പകര്‍ത്തിയതിന് സാംസങ്ങിന് വന്‍തുകയാണ് പിഴ വിധിച്ചിരിക്കുന്നത്. ആപ്പിളിന് 53.9 കോടി (ഏകദേശം 3651 കോടി രൂപ ) ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി ഉത്തരവ്. 2011 ല്‍ ആരംഭിച്ച നിയമയുദ്ധത്തിനാണ് പുതിയ വിധിയിലൂടെ ഒരു വഴിത്തിരിവുണ്ടായിരിക്കുന്നത്.
ഐഫോണിന്റെ സാങ്കേതിക വിദ്യ പകര്‍ത്തുകയും അവ സമാനമായ ആന്‍ഡ്രോയിഡ് ഉപകരണ നിര്‍മ്മാണത്തിന് വേണ്ടി ഉപയോഗിക്കുകയും ചെയ്തില്ലായിരുന്നുവെങ്കില്‍ സാംസങ് ലോകത്തെ മുന്‍നിര വില്‍പ്പനക്കാരായി മാറില്ലായിരുന്നുവെന്ന് ആപ്പിള്‍ ആരോപിക്കുന്നു.
സാംസങ് ആപ്പിളിന്റെ ചില പേറ്റന്റ് അവകാശങ്ങള്‍ ലംഘിച്ചതായി നേരത്തെ തന്നെ കോടതി സ്ഥിരീകരിച്ചതാണ്. എന്നാല്‍ നഷ്ടപരിഹാര തുകയുടെ പേരിലാണ് കേസ് ഇത്രയും നാള്‍ നീണ്ടു പോയത്.
2012 ല്‍ നടന്ന വിചാരണയില്‍ സാംസങ് ആപ്പിളിന് 105 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചിരുന്നു. എന്നാല്‍ യു.എസ് ജില്ലാ ജഡ്ജി ലൂസി കോഹ് ഇത് 54.8 കോടി ഡോളറായി വെട്ടിച്ചുരുക്കി.
തുടര്‍ന്ന് കേസ് സുപ്രീംകോടതിയിലെത്തി. എന്നാല്‍ 54.8 കോടി ഡോളര്‍ എന്നത് 39.9 കോടി ഡോളറാക്കി ചുരുക്കാനായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. ഐഫോണ്‍ ഡിസൈനുകള്‍ പകര്‍ത്തി നിര്‍മിച്ച ഉല്‍പന്നങ്ങളില്‍ നിന്നെല്ലാം സാംസങ് നേടിയ മൊത്തം ലാഭത്തെ അടിസ്ഥാനമാക്കിയാവരുത് നഷ്ടപരിഹാരം നിശ്ചയിക്കേണ്ടതെന്നും ചില പേറ്റന്റുകള്‍ മാത്രമാണ് സാംസങ് ലംഘിച്ചിട്ടുള്ളതെന്നുമായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. 100 കോടി ഡോളറിലധികം തങ്ങള്‍ക്ക് കടബാധ്യതയുണ്ടെന്ന് ആപ്പിള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ നഷ്ടപരിഹാരത്തുക 39.9 കോടിയെന്നത് 28 ലക്ഷം ഡോളറാക്കി ചുരുക്കണമെന്നായിരുന്നു സാംസങിന്റെ ആവശ്യം.