വരാപ്പുഴ കസ്റ്റഡി മരണം പ്രത്യേക സംഘം അന്വേഷിക്കും; അന്വേഷണ ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ മുന്‍വിധി വേണ്ടെന്ന് ഡി.ജി.പി

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. അന്വേഷണ ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ മുന്‍വിധി വേണ്ട. എല്ലാ വശവും വിശദമായി പരിശോധിക്കുമെന്നും ബെഹ്റ പറഞ്ഞു.

പൊലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനമേറ്റ ശ്രീജിത്ത് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ടോടെയാണ് മരിച്ചത്.

ഉത്സവവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ വെള്ളിയാഴ്ച ശ്രീജിത്തുള്‍പ്പടെയുള്ള പതിനഞ്ചോളം പേര്‍ വാസുദേവന്‍ എന്നയാളുടെ വീട് തകര്‍ക്കുകയും വീട്ടിലുള്ളവര്‍ക്ക് നേരെ ആക്രമണം നടത്തുകയും ചെയ്തെന്ന പരാതിയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ശ്രീജിത്തടക്കം പത്തുപേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ആക്രമണത്തില്‍ മനംനൊന്ത് വാസുദേവന്‍ പിന്നീട് ആത്മഹത്യ ചെയ്തിരുന്നു.

കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ ബൂട്ടിട്ട് അടിവയറ്റില്‍ ശക്തിയായി തൊഴിക്കുകയും ചവിട്ടുകയും ചെയ്തതോടെ മൂത്ര തടസം ഉണ്ടാവുകയും പ്രതി അവശനാകുകയുമായിരുന്നു. തുടര്‍ന്ന് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതി തന്റെ അവസ്ഥ കോടതിയില്‍ പറയുകയും തുടര്‍ന്ന് ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ഇവിടെ നിന്ന് ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഞായറാഴ്ച ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തു. എന്നാല്‍ പൊലീസ് മര്‍ദനത്തില്‍ അവശനായ പ്രതി മരിക്കുകയായിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പിന്നീട് സ്ഥിരീകരിച്ചു.

ശ്രീജിത്തിനെതിരായ മര്‍ദനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു.
അതേസമയം മരണത്തിന് ഇടയാക്കിയത് പൊലീസ് മര്‍ദനമാവാന്‍ ഇടയില്ലെന്നാണ് പൊലീസിന്റെ വാദം. നാട്ടുകാരുമായുള്ള സംഘര്‍ഷത്തില്‍ മര്‍ദനമേറ്റതായി ശ്രീജിത് തന്നെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പറഞ്ഞിരുന്നെന്നും കോടതിയില്‍ കൊണ്ടു പോകുന്നതിനു മുമ്പ് വയറ്റില്‍ വേദനയുണ്ടെന്നു പറഞ്ഞപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു എന്നും റൂറല്‍ എസ്പി എ.വി.ജോര്‍ജ് പറഞ്ഞു.

ശ്രീജിത്തിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ഇന്ന് വാരപ്പുഴയില്‍ ബിജെപി ഹര്‍ത്താല്‍ ആചരിക്കുകയാണ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7