ചെന്നൈ: ഐ.പി.എല്‍ പതിനൊന്നാം സീസണിന് അരങ്ങുണരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് കാവേരി വിഷയത്തില്‍ കടുത്ത തീരുമാനവുമായി സമരക്കാര്‍ രംഗത്ത്. പ്രതിഷേധ സൂചകമായി ഐ.പി.എല്‍ മത്സരങ്ങള്‍ തടയാനാണ് സമരക്കാരുടെ തീരുമാനം.
കാവേരി ബോര്‍ഡ് രൂപീകരിക്കുന്നതുവരെ ചെന്നൈയില്‍ ഐ.പി.എല്‍ മല്‍സരങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്നാണ് സമരക്കാര്‍ പറയുന്നത്. ഇതിന് തമിഴ് സിനിമ ലോകത്ത് നിന്നും രാഷ്ട്രീയ രംഗത്തുനിന്നും പിന്തുണ ലഭിക്കുന്നുണ്ട്.
ഇതേ ആവശ്യമുന്നയിച്ച് നാം തമിഴര്‍ കക്ഷി, തമിഴക വാഴ്വുരുമൈ കക്ഷി, മനിതനേയ ജനനായക കക്ഷി തുടങ്ങിയ പാര്‍ട്ടികളും ചില തമിഴ് അനുകൂല സംഘടനകളും രംഗത്ത് വന്നിരുന്നു. ഐ.പി.എല്‍. മത്സരങ്ങള്‍ ബഹിഷ്‌കരിക്കാന്‍ സംഗീത സംവിധായകന്‍ ജെയിംസ് വസന്തനും ആഹ്വാനം ചെയ്തു. തുടര്‍ന്ന് മത്സരങ്ങള്‍ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതിരാജയും രംഗത്തെത്തുകയായിരുന്നു.
സംസ്‌കാരത്തെയും ഭാഷയെയും അവകാശത്തെയും ഇല്ലാതാക്കിയിട്ടും നാം നിശ്ശബ്ദരായിരുന്നുവെന്നും ഇനി അത് പാടില്ലെന്നും ഭാരതിരാജ അഭിപ്രായപ്പെട്ടു. ക്രിക്കറ്റ് മത്സരം നടക്കുന്ന സ്റ്റേഡിയത്തിലെ ഇരിപ്പിടങ്ങളല്ല, സമരം നടന്നിടമായിരിക്കണം ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കേണ്ടത്. ഐ.പി.എല്‍. ഉപേക്ഷിക്കണമെന്നല്ല, നീട്ടിവെക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും ഭാരതിരാജ പറഞ്ഞു. ഈ മാസം 10-നാണ് ഈ സീസണില്‍ ചെന്നൈയിലെ ആദ്യ ഐ.പി.എല്‍. മത്സരം.
ഐ.പി.എല്‍ മല്‍സരം റദ്ദാക്കണമെന്നും എതിര്‍പ്പ് അവഗണിച്ചു നടത്തിയാല്‍ വന്‍ പ്രതിഷേധമുയര്‍ത്തുമെന്നും ചില തീവ്ര തമിഴ് സംഘടനകള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇതിനെ പിന്തുണച്ചു സംവിധായകന്‍ ഭാരതി രാജയും രംഗത്തെത്തി.
മത്സരം ബഹിഷ്‌കരിച്ചു പ്രതിഷേധം ലോക ശ്രദ്ധയിലെത്തിക്കാമെന്ന ആശയമണ് സംവിധായകന്‍ ജയിംസ് വസന്ത മുന്നോട്ട് വെച്ചത്. തമിഴ്‌നാട്ടിലെ ഏഴരക്കോടി ജനങ്ങള്‍ക്കുവേണ്ടി ഇതിനകം ടിക്കറ്റെടുത്ത അര ലക്ഷം പേര്‍ ഈ ത്യാഗം സഹിക്കണമെന്ന് അദ്ദേഹം ബ്ലോഗില്‍ കുറിച്ചു. ഇരുപക്ഷത്തെയും അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച നടക്കുന്നുണ്ട്.
രണ്ടു വര്‍ഷത്തെ വിലക്കിനുശേഷമാണു ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐ.പി.എല്ലി.ലേക്കു തിരിച്ചുവരുന്നത്. മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ആദ്യ ഹോം മല്‍സരം.
സീസണിലെ മത്സരങ്ങള്‍ ഏപ്രില്‍ ഏഴിനാണ് തുടങ്ങുക. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍കിങ്‌സും ഏറ്റുമുട്ടും.