‘സുഡാനി ഫ്രം നൈജീരിയ’യില്‍ പ്രധാനവേഷത്തിലെത്തിയ നൈജീരിയന്‍ നടന്‍ സാമുവല്‍ റോബിന്‍സണ്‍ തനിക്ക് നല്‍കിയ പ്രതിഫലം കുറഞ്ഞു പോയെന്നു കാട്ടി രംഗത്തെത്തിയിരുന്നു. എന്നാല്‍ വംശീയതയല്ല തന്നോടുള്ള വിവേചനത്തിന് കാരണമെന്ന് സാമുവല്‍ റോബിന്‍സണ്‍ ഇപ്പോള്‍ പറയുന്നു. മുന്‍പ് താന്‍ അങ്ങനെ കരുതിയിരുന്നുവെന്നും സാമുവല്‍ വ്യക്തമാക്കി. നിര്‍മാതാക്കളുടെ പ്രതികരണത്തിന് പിന്നാലെ കരാര്‍ രേഖകളും തനിക്ക് ലഭിച്ച പ്രതിഫലത്തിന്റെ കണക്കുകളും സാമുവല്‍ പ്രേക്ഷകരുമായി പങ്കുവെച്ചു. സിനിമയ്ക്കായി തനിക്ക് ആകെ ലഭിച്ചത് ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപയാണ്(യാത്രാച്ചെലവടക്കം) കരാര്‍ രേഖ അടക്കം സാമുവല്‍ ഫേസ്ബുക്കിലൂടെ ഹാജരാക്കി. ഇതില്‍ അഭിനയത്തിനുള്ള പ്രതിഫലമായി നല്‍കിയത് ഒരു ലക്ഷത്തോളം രൂപയാണെന്നും അദ്ദേഹം പുതിയ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
തനിക്ക് അര്‍ഹിക്കുന്ന പ്രതിഫലം ലഭ്യമാക്കാന്‍ കേരളീയര്‍ കൂടെ നില്‍ക്കണമെന്നും സാമുവല്‍ അഭ്യര്‍ഥിക്കുന്നു. ഇതൊരു ചെറിയ സിനിമയാണെന്ന് മനസ്സിലായത് കൊണ്ടാണ് മേല്‍പറഞ്ഞ തുകയ്ക്ക് അഭിനയിക്കാമെന്ന് സമ്മതിച്ചത് . ചിത്രീകരണം തുടങ്ങിയപ്പോഴാണ് തന്റെ ധാരണ തെറ്റാണെന്ന് മനസ്സിലായത്. ഈ ഓഫര്‍ സ്വീകരിച്ചതിന് പിന്നില്‍ കേരളത്തിന്റെ സൗന്ദര്യവും മനസ്സും അറിയണമെന്ന ആഗ്രഹവും ഉണ്ടായിരുന്നു. ആഫ്രിക്ക, ദുബൈ അടക്കമുള്ള രാജ്യങ്ങളില്‍ സിനിമയ്ക്ക് റിലീസ് ഉണ്ടെന്നത് അറിയുന്നത് ഇപ്പോഴാണെന്നും സാമുവല്‍ പറയുന്നു.
‘ചിത്രീകരണം പൂര്‍ത്തിയാക്കി മടങ്ങവേ ദുബൈയില്‍ നിന്ന് ബാക്കി പ്രതിഫല വിഷയങ്ങള്‍ പറഞ്ഞ് നിര്‍മാണക്കമ്പനിയ്ക്ക് ഇ-മെയില്‍ അയച്ചിരുന്നു. എന്നാല്‍ അതിന് മറുപടി കിട്ടിയില്ല. താന്‍ കേരളത്തിന് എതിരല്ല. ഞാന്‍ പറഞ്ഞതിലേറെ ദിവസം ഇവിടെ കഷ്ടപ്പെട്ടതിന് അനുസരിച്ചുള്ള പ്രതിഫലം എനിക്ക് കിട്ടിയില്ല. അതുമാത്രമാണ് എന്റെ പ്രശ്നം. എന്റെ പ്രായവും നിറവും അതിന് കാരണമായി എന്നായിരുന്നു ഞാന്‍ മനസിലാക്കിയത്. ഇപ്പോള്‍ അതല്ല കാരണം എന്ന് മനസ്സിലാക്കുന്നു. കേരള സര്‍ക്കാരും ചലച്ചിത്ര സമൂഹവും തനിക്ക് അര്‍ഹതപ്പെട്ട പ്രതിഫലം ലഭിക്കാന്‍ ഒപ്പം നില്‍ക്കണം’ -സാമുവല്‍ റോബിന്‍സണ്‍