കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്ന് സര്‍വേഫലം; കണക്കുകള്‍ ഇങ്ങനെ…

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് സീറ്റുകള്‍ വര്‍ധിപ്പിച്ച് ഭരണം നിലനിര്‍ത്തുമെന്ന് സര്‍വേഫലം. കോണ്‍ഗ്രസിന്റെ വോട്ടുവിഹിതത്തിലും വര്‍ധനവുണ്ടാകുമെന്ന് സര്‍വേ നടത്തിയ സി–ഫോര്‍ വ്യക്തമാക്കുന്നു. മുന്‍പു നടന്ന തിരഞ്ഞെടുപ്പില്‍ (2013) ഫലത്തോട് അടുത്തു നില്‍ക്കുന്ന പ്രവചനം നടത്തിയ സി–ഫോര്‍ പുറത്തുവിട്ട സര്‍വേഫലം, കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം കൂട്ടും.

കോണ്‍ഗ്രസിന് 119-–120 സീറ്റ് കിട്ടുമെന്നായിരുന്നു 2013ല്‍ സി–ഫോറിന്റെ പ്രവചനം. അന്ന് അവര്‍ക്കു ലഭിച്ചതാകട്ടെ, 122 സീറ്റുകള്‍. ഇത്തവണ വോട്ടുവിഹിതത്തില്‍ ഒന്‍പതു ശതമാനം വര്‍ധനയോടെ കോണ്‍ഗ്രസ് 46 ശതമാനം വോട്ട് നേടുമെന്നാണ് പ്രവചനം. ബിജെപിക്ക് 31 ശതമാനം, ജെഡിഎസിന് 16 ശതമാനം എന്നിങ്ങനെയാകും വോട്ടുവിഹിതം. പ്രവചനത്തില്‍ ഒരു ശതമാനത്തിന്റെ തെറ്റു മാത്രമേ വരാന്‍ സാധ്യതയുള്ളൂവെന്നാണു സി–ഫോറിന്റെ അവകാശവാദം.

224 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് 122ല്‍ നിന്ന് ഇത്തവണ സീറ്റെണ്ണം 126 ആക്കും. ബിജെപിക്കും നേട്ടമുണ്ടാകും. 2013ല്‍ നേടിയ 40 സീറ്റ് ബിജെപി 70 സീറ്റുകളാക്കി വര്‍ധിപ്പിക്കും. അതേസമയം ജെഡിഎസിന്റെ 40 സീറ്റുകള്‍ 27 ആയി കുറയും. മറ്റുള്ളവര്‍ക്ക് ഒരു സീറ്റും ഏഴു ശതമാനം വോട്ടും മാത്രമേ ലഭിക്കൂവെന്നും സര്‍വേ പറയുന്നു.
മാര്‍ച്ച് ഒന്നിനും 25നും ഇടയില്‍ തിരഞ്ഞെടുത്ത 154 മണ്ഡലങ്ങളിലെ 22,357 വോട്ടര്‍മാരെ ഉള്‍പ്പെടുത്തിയായിരുന്നു സര്‍വേ. പുരുഷന്മാരില്‍ 44 ശതമാനവും സ്ത്രീകളില്‍ 48 ശതമാനവും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നു. 33 ശതമാനം പുരുഷന്മാരും 29 ശതമാനം സ്ത്രീകളും ബിജെപിയെ പിന്തുണയ്ക്കുന്നു. എല്ലാ പ്രായക്കാരിലും കോണ്‍ഗ്രസിനാണു മുന്‍തൂക്കം; 1825 (46%), 2635 (47%), 3650 (43%) മിറ 50+ (50%).

അതേസമയം സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്തു തുടരണമെന്ന് 45 ശതമാനം ആളുകള്‍ ആഗ്രഹിക്കുന്നു. സര്‍വേയില്‍ പങ്കെടുത്തവരില്‍ 21 ശതമാനം സിദ്ധരാമയ്യ സര്‍ക്കാരില്‍ പൂര്‍ണ തൃപ്തിയും 54 ശതമാനം തൃപ്തിയും 25 ശതമാനം അതൃപ്തിയും രേഖപ്പെടുത്തി. ബിജെപിയുടെ ബി.എസ്. യെഡിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് 26 ശതമാനവും എച്ച്.ഡി. കുമാരസ്വാമിക്ക് 13 ശതമാനവുമാണു പിന്തുണ. കുടിവെള്ളമാണു സംസ്ഥാനത്തെ മുഖ്യവിഷയമായി ജനങ്ങള്‍ ചൂണ്ടിക്കാട്ടിയത്. കൃത്യമായ അഴുക്കുചാല്‍ സംവിധാനമില്ലാത്തതും മോശം റോഡുകളും പ്രശ്‌നമായി ഉന്നയിക്കപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ടിറക്കിയാണു കര്‍ണാടകയില്‍ ബിജെപിയുടെ പ്രചാരണം. രാഹുല്‍ ഗാന്ധിയാണു കോണ്‍ഗ്രസ് പ്രചാരണത്തിന്റെ മുഖം. യെഡിയൂരപ്പയും സിദ്ധരാമയ്യയും സംസ്ഥാന മുഖങ്ങളായും കളത്തിലുണ്ട്. ഭരണത്തില്‍ തുടരാന്‍ കോണ്‍ഗ്രസും തിരിച്ചുപിടിക്കാന്‍ ബിജെപിയും ആഞ്ഞുശ്രമിക്കുകയാണ്.

Similar Articles

Comments

Advertismentspot_img

Most Popular