മുംബൈ: ‘മോദി മുക്ത ഭാരത’ത്തിനായി പ്രതിപക്ഷകക്ഷികള്‍ ഒന്നാകെ അണിചേരണമെന്നാണ് എംഎന്‍എസ് മേധാവി രാജ് താക്കറെ. 2014ലെ പൊതു തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ശിവസേനയെക്കൂടാതെ നരേന്ദ്ര മോദിക്ക് ഉറച്ച പിന്തുണ നല്‍കിയ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയാണ് ഇപ്പോള്‍ മോദിയെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ, എംഎന്‍എസും ബിജെപി വിരുദ്ധ ചേരിയിലേക്കു പോകുകയാണെന്ന സൂചനയാണു താക്കറെ നല്‍കിയത്.
2014ലെ തിരഞ്ഞെടുപ്പ് പ്രചാരണസമയത്തു നല്‍കിയ വാഗ്ദാനങ്ങളൊന്നും നരേന്ദ്ര മോദി പാലിക്കുന്നില്ല. 2014ല്‍ മോദിയെ പിന്തുണച്ചതു തന്റെ തെറ്റാണ്. മറാത്തികള്‍ക്കെതിരെ മോദി സര്‍ക്കാര്‍ ഗൂഢാലോചന നടത്തുന്നുവെന്നും അതില്‍ കരുതിയിരിക്കണമെന്നും ശിവജി പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ താക്കറെ മുന്നറിയിപ്പു നല്‍കി.
മറാത്തികള്‍ക്കെതിരെ ഗൂഢാലോചനയെന്ന ആരോപണത്തെ സാധൂകരിക്കാന്‍ ബുള്ളറ്റ് ട്രെയിന്‍, എയര്‍ ഇന്ത്യ ആസ്ഥാനം മാറ്റിയത് തുടങ്ങിയ കാര്യങ്ങളാണു രാജ് താക്കറെ ഉയര്‍ത്തുന്നത്. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമെന്ന് അറിയപ്പെടുന്ന മുംബൈയെ തകര്‍ക്കാന്‍ രാജ്യാന്തര സാമ്പത്തിക കേന്ദ്രമെന്ന നിലയില്‍ ഗുജറാത്തിനെ ഉയര്‍ത്തിക്കൊണ്ടുവരികയാണ്. എയര്‍ ഇന്ത്യയുടെ ആസ്ഥാനം ഡല്‍ഹിയിലേക്കു മാറ്റി. ഗുജറാത്തികള്‍ക്കുപോലും ബുള്ളറ്റ് ട്രെയിന്‍ ആവശ്യമില്ല. റെയില്‍വേയുടെ സര്‍വേയുടെ അടിസ്ഥാനത്തില്‍ മുംബൈയില്‍നിന്നു ഗുജറാത്തിലേക്കു പോകുന്ന 40% ട്രെയിനുകളും കാലിയായാണു പോകുന്നത്, താക്കറെ പറഞ്ഞു. സമീപഭാവിയില്‍ത്തന്നെ രാജ്യത്തു വര്‍ഗീയ കലാപം ഉണ്ടായേക്കാം. രാമക്ഷേത്ര വിഷയമായിരിക്കും അതിലേക്കു നയിക്കുക. വിഷയം ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അതിലൊരു ഗൂഢാലോചന ഒരുങ്ങുന്നുണ്ട്. ഹിന്ദുക്കളും മുസ്‌ലിംകളും തമ്മില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ചില സംഘടനകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നിട്ടു തിരഞ്ഞെടുപ്പു സമയത്ത് ഈ സഹതാപം വോട്ടാക്കി മാറ്റും. രാമക്ഷേത്രം നിര്‍മിക്കണം, എന്നാല്‍ ഇത്തരം കാരണങ്ങള്‍ വച്ചായിരിക്കരുത് അത്, താക്കറെ വ്യക്തമാക്കി.’കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ആശയം മോദിയാണ് കൊണ്ടുവന്നത്. എന്നാല്‍ ഇപ്പോള്‍ വേണ്ടത് മോദി മുക്ത ഭാരതമാണ്. 1947ലാണ് നമുക്ക് ആദ്യം സ്വാതന്ത്ര്യം ലഭിച്ചത്. 1977ല്‍ രണ്ടാം സ്വാതന്ത്ര്യവും ലഭിച്ചു. 2019ല്‍ നമ്മള്‍ മൂന്നാം സ്വാതന്ത്ര്യത്തിനായി കാത്തിരിക്കുകയാണ്. അതു മോദി മുക്ത ഭാരതമാണ്’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നോട്ട് നിരോധനം, റഫാല്‍ ഇടപാട് തുടങ്ങിയവ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്നും രാജ് താക്കറെ പറഞ്ഞു. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളെ സര്‍ക്കാരിനെതിരെ സംസാരിച്ചാല്‍ സര്‍ക്കാര്‍ വിരുദ്ധരാക്കി മാറ്റുകയാണ്. സര്‍ക്കാരിന് അനുകൂല വിധികള്‍ പുറപ്പെടുവിക്കാന്‍ ജുഡീഷ്യറിയെയും സമ്മര്‍ദ്ദത്തിലാക്കുന്നു. നീരവ് മോദി വിഷയത്തില്‍നിന്നു രക്ഷപ്പെടാന്‍ മാധ്യമങ്ങളെ കാര്യമായി ഉപയോഗിച്ചു. ശ്രീദേവിയുടെ മരണം വന്നപ്പോള്‍, ഇതു കൃത്യമായി ഉപയോഗിച്ചെന്നും താക്കറെ പറഞ്ഞു