ഷില്ലോങ്: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,000 കോടി തട്ടി രാജ്യം വിട്ട നീരവ് മോദി വിഷയത്തില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷമായി ആക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ‘എല്ലാവര്‍ക്കും വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഒരു അപേക്ഷയുണ്ട്. അടുത്ത വിദേശ യാത്രയ്ക്ക് പോയി വരുമ്പോള്‍ മറ്റേ മോദിയെ കൂടി കൊണ്ടുവരണം’, രാഹുല്‍ ആവശ്യപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മേഘാലയയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനായി എത്തിയതായിരുന്നു രാഹുല്‍.
ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് പണം തട്ടിച്ച് രക്ഷപെട്ട ചില സമ്പന്നരായ ഇന്ത്യക്കാര്‍ ബിജെപിയെ പിന്തുണക്കുന്നവരാണെന്ന് അറിയാം. ബിജെപിയെ ഒരു പാഠം പഠിപ്പിക്കാനും അദ്ദേഹം മേഘാലയയിലെ വോട്ടര്‍മാരോട് ആവശ്യപ്പെട്ടു. മേഘാലയയിലെ പള്ളികള്‍ മോടി കൂട്ടുന്നതിന് പണം അനുവദിച്ച കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ നടപടിയേയും രാഹുല്‍ വിമര്‍ശിച്ചു. ഞങ്ങളുടെ ചില പാര്‍ട്ടി അംഗങ്ങളെ ബിജെപി വിലക്കെടുത്തു. ആ അഹങ്കാരത്തില്‍ അവര്‍ ചിന്തിക്കുന്നത് ദൈവങ്ങളേയും വിലയ്‌ക്കെടുക്കാമെന്നാണ്. പള്ളികളും ക്ഷേത്രങ്ങളും ഗുരുദ്വാരകളും മോസ്‌കുകളും ആത്മീയതയും വില്‍പ്പനയ്ക്കുള്ളതല്ലെന്ന് ഓര്‍ക്കണമെന്നും രാഹുല്‍ പറഞ്ഞു. രണ്ട് പള്ളികള്‍ കേന്ദ്രത്തിന്റെ സഹായം നിരാകരിച്ചതും അദ്ദേഹം പറഞ്ഞു.