ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ സുരക്ഷാ കവചമൊരുക്കിയ തദ്ദേശീയമായി വികസിപ്പിച്ച ഡ്രോണ്‍വേധ സംവിധാനം.
മൈക്രോ ഡ്രോണുകളെ വരെ മൂന്നു കിലോമീറ്റര്‍ ദൂരത്തുനിന്നു തിരിച്ചറിഞ്ഞു മരവിപ്പിക്കാന്‍ കഴിയുന്ന സംവിധാനം വികസിപ്പിച്ചത് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ആണ്. 1-2.5 കിലോമീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യത്തെ ലേസര്‍ ഉപയോഗിച്ചു വീഴ്ത്താനും ഇതിനു കഴിയും. ഞൊടിയിടയ്ക്കുള്ളില്‍ ശത്രുഡ്രോണുകളെ തിരിച്ചറിയാനും നിഷ്‌ക്രിയമാക്കാനും കഴിയുന്ന സംവിധാനമാണിത്.
രാജ്യത്തിന്റെ പടിഞ്ഞാറ്, വടക്കന്‍ മേഖലകളില്‍ ഡ്രോണുകള്‍ ഉപയോഗിച്ചു നടത്തുന്ന ആക്രമണശ്രമങ്ങളെ തകര്‍ക്കാനാണ് ഈ സംവിധാനം ഉപയോഗിക്കുന്നത്. വിദൂരനിയന്ത്രിത ഡ്രോണുകള്‍ ഉപയോഗിച്ച് സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്യുന്ന ഭീകരരര്‍ക്കു തടയിടാനാണ് ഈ സംവിധാനം രൂപകല്‍പന ചെയ്തിരിക്കുന്നത്. ബ്രസീല്‍ പ്രസിഡന്റ് ജയര്‍ ബൊല്‍സനോര മുഖാതിഥി ആയിരുന്ന റിപ്പബ്ലിക് ദിന ചടങ്ങിലും ഈ ഡ്രോണ്‍വേധ സംവിധാനം വിന്യസിച്ചിരുന്നു. അഹമ്മദാബാദില്‍ ട്രംപ്-മോദി റോഡ്ഷോയ്ക്ക് സുരക്ഷ ഒരുക്കിയതും ഈ സംവിധാനം തന്നെ.
രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ലക്ഷക്കണക്കിനു സമരസേനാനികളുടെ ത്യാഗമനോഭാവത്തിന്റെ ഫലമായാണ് നമുക്ക് സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാനാവുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന സേനാവിഭാഗങ്ങള്‍ക്കും പൊലീസിനും അദ്ദേഹം നന്ദി അറിയിച്ചു