ബംഗളൂരു: ബംഗളൂരുവില്‍ ബാര്‍ കം റെസ്റ്ററന്റിനു തീപിടിച്ച് അഞ്ച് മരണം. ഉറങ്ങിക്കിടന്ന ജീവനക്കാരാണു മരിച്ചത്. പച്ചക്കറി ചന്തയിലെ കുമ്പാര സംഘ കെട്ടിടത്തിന്റെ താഴത്തെനിലയില്‍ പ്രവര്‍ത്തിക്കുന്ന കൈലാഷ് ബാര്‍ ആന്‍ഡ് റെസ്റ്ററന്റിലാണു തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ മൂന്നോടെയായിരുന്നു അപകടം. അഗ്‌നിശമനസേനയെത്തി തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണു പ്രാഥമിക വിലയിരുത്തല്‍.
തുംകൂര്‍ സ്വദേശികളായ സ്വാമി (23), പ്രസാദ് (20), മഹേഷ് (35), ഹസന്‍ സ്വദേശിയായ മഞ്ജുനാഥ് (45), മാണ്ഡ്യ സ്വദേശിയായ കീര്‍ത്തി (24) എന്നിവരാണ് മരിച്ചത്. റെസ്റ്ററന്റില്‍ പുക ഉയരുന്നത് കണ്ടവരാണ് അഗ്‌നിശമനസേനയെ വിവരം അറിയിച്ചത്. അന്വേഷണം നടന്നുവരികയാണ്.