പനാജി: ഗോവ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹര്‍ പരീക്കര്‍ (63) അന്തരിച്ചു. രോഗബാധിതനായതിനെത്തുടര്‍ന്ന് ഏറെക്കാലമായി ചികില്‍സയിലായിരുന്നു അദ്ദേഹം. സന്ധ്യയോടെ പനജിയിലെ വസതിയിലായിരുന്നു അന്ത്യം. പാന്‍ക്രിയാസില്‍ രോഗം ബാധിച്ചതിനെ തുടര്‍ന്ന് യുഎസിലും ഇന്ത്യയിലുമായി വിദഗ്ധ ചികില്‍സയിലായിരുന്നു പരീക്കര്‍. ചികില്‍സാകാലത്തും നിയമസഭയില്‍ എത്താനും ജോലികള്‍ ചെയ്യാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. 2014 മുതല്‍ 2017 വരെ കേന്ദ്രപ്രതിരോധമന്ത്രിയായിരുന്ന അദ്ദേഹം നാലു തവണ മുഖ്യമന്ത്രിയുമായി.
ഗോവയിലെ മാപുസയില്‍ 1955 ഡിസംബര്‍ 13–ന് ജനിച്ച മനോഹര്‍ പരീക്കര്‍ ആര്‍എസ്എസിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തി. മുംബൈ ഐഐടിയില്‍ നിന്ന് എന്‍ജിനീയറിങ് ബിരുദം നേടിയ അദ്ദേഹം ബിജെപിയിലൂടെ 1994–ല്‍ നിയമസഭാംഗമായി. രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവില്‍ 2000 ഒക്ടോബറില്‍ ബിജെപി ആദ്യമായി ഗോവയില്‍ ഭരണത്തിലെത്തിയപ്പോള്‍ പരീക്കറെയാണ് മുഖ്യമന്ത്രിസ്ഥാനം ഏല്‍പ്പിച്ചത്. 2002 ഫെബ്രുവരിയില്‍ നിയമസഭ പിരിച്ചുവിട്ടെങ്കിലും തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് കൂട്ടുകക്ഷി മന്ത്രിസഭയെ നയിച്ച് ജൂണില്‍ വീണ്ടും മുഖ്യമന്ത്രിയായി. 2005–ല്‍ ഭരണം നഷ്ടപ്പെട്ടു.
2012 ല്‍ മൂന്നാം വട്ടം മുഖ്യമന്ത്രിസ്ഥാനത്ത്. 2014–ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് കേന്ദ്രപ്രതിരോധമന്ത്രിയായി. 2014 നവംബര്‍ മുതല്‍ 2017 മാര്‍ച്ച് വരെ ആ സ്ഥാനത്ത് തുടര്‍ന്നു. 2017–ല്‍ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കാനായി രാജിവെച്ച മനോഹര്‍ പരീക്കര്‍ തന്റെ സ്ഥിരം മണ്ഡലമായ പനജിയില്‍ വിജയിച്ച് നിയമസഭാംഗമായി.
പരേതയായ മേധയാണ് ഭാര്യ. ഉത്പല്‍, അഭിജിത്ത് എന്നിവര്‍ മക്കളാണ്.
President of India announces that Goa Chief Minister Manohar Parrikar has passed away pic.twitter.com/PS8ocF395S
— ANI (@ANI) March 17, 2019