ന്യൂഡൽഹി/ബെംഗളൂരു: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ നടത്തുന്ന പ്രതിഷേധം മൂന്നാംദിനവും തുടരുന്നു. ആദ്യദിനം തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്കും രണ്ടാംദിനം ജന്തർ മന്തറിലേക്കും മാർച്ച് നടത്തിയ എംപിമാർ ഇന്ന് രാജ്ഘട്ടിലേക്ക് നീങ്ങുകയാണ്. വോട്ടർപട്ടികയിലെ ക്രമക്കേടുകളും തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികളും ഉയർത്തിക്കാട്ടിയാണ് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം.
ബുധനാഴ്ചത്തേതിന് സമാനമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കൊണാട്ട് പ്ലേസിലെ റെസ്റ്റോറന്റിൽ പ്രതിപക്ഷ എംപിമാർക്ക് ഉച്ചഭക്ഷണം ഒരുക്കി. ഇതിനുശേഷം നടത്തിയ കൂടിയാലോചനകൾക്കൊടുവിലാണ് എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചത്. യാത്രയ്ക്കായി ബസുകൾ സജ്ജമാക്കിയിരുന്നു. നൂറുകണക്കിന് പാർട്ടി പ്രവർത്തകരും പ്രതിഷേധത്തിന് പിന്തുണയുമായി എംപിമാരെ അനുഗമിക്കുന്നുണ്ട്.
ഗ്യാനേഷ് കുമാറിന്റെ രാജിയെന്ന ആവശ്യത്തിൽ മാറ്റമില്ലെന്ന് കോൺഗ്രസ് എംപി പവൻ ഖേര വ്യക്തമാക്കി. ഇത് ഇന്ത്യ സഖ്യത്തിന്റെ മാത്രം ആവശ്യമല്ലെന്നും രാജ്യത്തിന്റെ പൊതുവായ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധക്കാരെ എവിടെ തടഞ്ഞാലും അവിടെ പ്രതിഷേധം തുടരുമെന്നും പവൻ ഖേര കൂട്ടിച്ചേർത്തു.
പ്രതിഷേധങ്ങൾക്ക് വിലക്കുള്ളതിനാൽ ഡൽഹി പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മാർച്ച് കണക്കിലെടുത്ത് വിവിധയിടങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ച് ബെംഗളൂരുവിലെ ഫ്രീഡം പാർക്കിലും പ്രതിഷേധം ആരംഭിച്ചു. സിജെപി നേതാക്കൾക്കൊപ്പം ആക്ടിവിസ്റ്റും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ധ്രുവ് റാഠി, നടൻ പ്രകാശ് രാജ് എന്നിവരും പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.
പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടിയായ എസ്.ഐ.ആർ. റദ്ദാക്കണമെന്നാണ് പ്രകാശ് രാജിന്റെ ആവശ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നിർദേശപ്രകാരമാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, ഭരണമാറ്റം ആവശ്യപ്പെട്ടല്ല താൻ പ്രതിഷേധത്തിൽ പങ്കെടുക്കുന്നതെന്ന് ധ്രുവ് റാഠി വ്യക്തമാക്കി.




