റിയാദ്: സൗദി അറേബ്യയിലെ ജിസാൻ മേഖലയിലുള്ള പെട്രോളിയം റിഫൈനറിക്ക് നേരെ മിസൈൽ ആക്രമണം. വ്യാഴാഴ്ചയുണ്ടായ ആക്രമണത്തെത്തുടർന്ന് റിഫൈനറിയിൽ തീപിടിത്തമുണ്ടായി. അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടലിലൂടെ തീ നിയന്ത്രണവിധേയമാക്കി.
ആക്രമണത്തിൽ നേപ്പാൾ സ്വദേശിയായ ഒരു തൊഴിലാളി മരിച്ചതായാണ് പ്രാഥമിക വിവരം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സയും വൈദ്യസഹായവും നൽകിവരികയാണ്.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി റിഫൈനറിയിലെ ചില പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. സംഭവമറിഞ്ഞയുടൻ രക്ഷാപ്രവർത്തകരും സാങ്കേതിക വിദഗ്ധരും സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു.
മരിച്ച തൊഴിലാളിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായും സൗദി ഊർജ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം ആശംസിച്ചു.
ആക്രമണത്തെത്തുടർന്നുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും റിഫൈനറിയുടെ മറ്റ് ഭാഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ബന്ധപ്പെട്ട അധികൃതരുമായി ചേർന്ന് നടപടികൾ പുരോഗമിക്കുകയാണ്.