തിരുവനന്തപുരം: നഗരത്തില്‍ വെള്ളക്കെട്ട് ഇല്ലെന്നും വൃത്തിയാക്കാന്‍ സംവിധാനമുണ്ടെന്നും പറഞ്ഞ് മല്ലികാ സുകുമാരന്‍ മേയര്‍ വി വി രാജേഷിനെ പുകഴ്ത്തി അടുത്ത ദിവസം തിരുവനന്തപുരത്ത് മഴ പെയ്യുകയും തമ്പാനൂര്‍ ഉള്‍പ്പെടെ വെള്ളത്തില്‍ മുങ്ങുകയും ചെയ്തു. ഇതോടെ മല്ലികയ്‌ക്കെതിരെ ട്രോള്‍ മഴ. ‘നിങ്ങളടക്കമുള്ളവരൊക്കെ പറഞ്ഞു, തമ്പാനൂരില്‍ വെള്ളം കുറയുന്നില്ല, പോകുന്നില്ലെന്ന്. എന്തിനാ മോനെ ഈ നുണയൊക്കെ പറയുന്നത്..ഞാനെന്റെ സാരിയും പൊക്കിക്കൊണ്ട് എത്രയോ പ്രാവശ്യം നടന്നിരിക്കുന്നു. ഇപ്പോഴാണവിടെ വൃത്തിയാക്കാന്‍ സംവിധാനമുണ്ടായത്. ഇങ്ങനെയൊക്കെ ഭരിക്കാമെന്ന് ജനം മനസിലാക്കുന്നുണ്ട്’, എന്ന് ഇക്കഴിഞ്ഞ 26-നാണ് മല്ലിക മാധ്യമങ്ങളോട് പറഞ്ഞത്. മേയര്‍ വി വി രാജേഷും ഡെപ്യൂട്ടി മേയര്‍ ആശാനാഥും ഒപ്പമുള്ളപ്പോഴായിരുന്നു പുകഴ്ത്തല്‍. മേയറുടെ ഓഫീസിലെത്തി കാര്‍ത്തിക ദീപം തെളിയിക്കലില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു മല്ലിക.
ഇന്നലെ ഒന്നരമണിക്കൂര്‍ പെയ്ത മഴയില്‍ തലസ്ഥാനത്തിന്‌റെ ഹൃദയഭാഗങ്ങള്‍ വെള്ളക്കെട്ടിലായി. ‘പ്രകൃതിക്കുപോലും മല്ലിക ചേച്ചിയുടെ പുകഴ്ത്തല്‍ അത്ര ഇഷ്ടപ്പെട്ടില്ല’, ‘ഒന്ന് തള്ളി വന്നപ്പോഴേക്കും മഴ ചതിച്ചു’, യാഗം ചെയ്ത് മഴ പെയ്യിക്കുന്നത് വൈശാലി സിനിമയില്‍ കണ്ടിട്ടുണ്ട്, ആദ്യമായിട്ടാ ഒരാള് തള്ളി മഴ പെയ്യിക്കുന്നത് കാണുന്നത്’ തുടങ്ങി നിരവധി ട്രോളുകളാണ് മല്ലികയ്‌ക്കെതിരെ വരുന്നത്. അതേസമയം, തലസ്ഥാന നഗരത്തിൽ ഇന്നലെ പലയിടങ്ങളിലും വെള്ളം കയറിയെന്നും കോർപ്പറേഷൻ ജീവനക്കാരും പൊലീസും സംയുക്തമായി ഇടപെട്ടുവെന്നും മേയർ വി വി രാജേഷ് പ്രതികരിച്ചു.
ഒരുദിവസം പെയ്യേണ്ട മഴ ഒരു മണിക്കൂർ കൊണ്ട് പെയ്തതുകൊണ്ടാണ് പ്രശ്നങ്ങൾ ഉണ്ടായത്. പല ഭാഗങ്ങളിലെയും മാലിന്യം ഒഴുകി വന്നതാണ് പ്രശ്നമായത്. മാലിന്യത്താൽ ഡ്രൈനേജുകളിൽ വെള്ളം ഇറങ്ങേണ്ട ഭാഗങ്ങൾ അടഞ്ഞു. വെള്ളം ഇറങ്ങിപ്പോകേണ്ട ഭാഗങ്ങളിലെ ഗ്രില്ലുകൾ ചെറുതാണ്. അതൊക്കെ നിർമ്മാണം നടക്കുമ്പോഴേ ശ്രദ്ധിക്കണമായിരുന്നുവെന്നും വി വി രാജേഷ് പ്രതികരിച്ചു.