ടെഹ്‌റാൻ: യുഎസ്–ഇറാൻ സംഘർഷം തുടരുന്നതിനിടെ ഇറാൻ തലസ്ഥാനമായ തെഹ്‌റാന്റെ ആകാശത്ത് തിളങ്ങുന്ന നിഗൂഢ വസ്തുവിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. സെപ്റ്റംബർ 20ന് പകർത്തിയതെന്ന് പറയപ്പെടുന്ന വിഡിയോകളിലാണ് രാത്രിയിലെ ആകാശത്ത് വിവിധ നിറങ്ങളിലുള്ള വെളിച്ചവുമായി താഴ്ന്നുപറക്കുന്ന വസ്തുവിനെ കാണുന്നത്. തെഹ്‌റാനിലെ അസാദേഗൻ എക്‌സ്‌പ്രസ്‌വേയ്ക്ക് സമീപമാണ് ദൃശ്യം പകർത്തിയതെന്നാണ് സമൂഹമാധ്യമങ്ങളിലെ അവകാശവാദം.
വസ്തു എന്താണെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല. ഇറാൻ അധികൃതരും സംഭവത്തിൽ പ്രതികരിച്ചിട്ടില്ല. അതിനിടെ, ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ വസ്തുവിന്റെ സ്വഭാവത്തെക്കുറിച്ച് പലതരത്തിലുള്ള ഊഹാപോഹങ്ങളാണ് ഉയരുന്നത്.
ഇത് ഡ്രോണായിരിക്കാമെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രധാന വാദം. ഒന്നിലധികം സൈനിക ഡ്രോണുകൾ ഒരുമിച്ച് പറക്കുന്നതായിരിക്കാമെന്നും ചിലർ അഭിപ്രായപ്പെടുന്നു. അതേസമയം, ബലൂണുകളോ മറ്റ് ആകാശവസ്തുക്കളോ ആയിരിക്കാമെന്ന വാദങ്ങളും ഉയർന്നിട്ടുണ്ട്. പ്രചരിക്കുന്ന ദൃശ്യങ്ങളിൽനിന്ന് മാത്രം വസ്തുവിന്റെ വലുപ്പമോ ഉയരമോ വേഗമോ കൃത്യമായി നിർണയിക്കാനാകില്ലെന്നാണ് റിപ്പോർട്ടുകൾ.
ഇതിനിടെ, 1976ൽ തെഹ്‌റാനിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സമാനമായ അജ്ഞാത ആകാശവസ്തു ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുകയാണ്. 1976 സെപ്റ്റംബർ 19ന് തെഹ്‌റാനിലെ ഷെമിറാൻ മേഖലയിൽനിന്ന് പ്രകാശമുള്ള അജ്ഞാത വസ്തുവിനെ കണ്ടതായി നിരവധി പേർ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ഇറാൻ വ്യോമസേന എഫ്–4 യുദ്ധവിമാനങ്ങളെ പരിശോധനയ്ക്കായി അയച്ചതായും അമേരിക്കൻ പ്രതിരോധ രേഖകളിൽ പറയുന്നു.
അന്നത്തെ സംഭവവുമായി ബന്ധപ്പെട്ട അമേരിക്കൻ ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയുടെ രേഖയിൽ, വസ്തുവിനെ പിന്തുടർന്ന യുദ്ധവിമാനത്തിന് സമീപമെത്തിയപ്പോൾ ഉപകരണങ്ങളുടെയും ആശയവിനിമയ സംവിധാനങ്ങളുടെയും പ്രവർത്തനത്തിൽ തകരാർ സംഭവിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. 1976ലെ ഈ സംഭവം അമേരിക്കൻ സർക്കാർ രേഖകളിലും ഉൾപ്പെട്ടിട്ടുണ്ട്.
എന്നാൽ 2026ലെ ഇപ്പോഴത്തെ ദൃശ്യങ്ങളും 1976ലെ സംഭവവും തമ്മിൽ നേരിട്ടുള്ള ബന്ധമുണ്ടെന്നതിന് തെളിവുകളില്ല. നിലവിൽ വൈറലായ വിഡിയോകളിലുള്ള വസ്തു എന്താണെന്ന കാര്യത്തിലും ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല.






