മലപ്പുറം: വേങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൽ നടന്ന മോഷണക്കേസിൽ പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി വേങ്ങര പോലീസ്. ഐ.സി.ഡി.എസ്. വിഭാഗത്തിൽനിന്ന് പ്രധാനപ്പെട്ട ഡിജിറ്റൽ ഉപകരണങ്ങൾ മോഷ്ടിച്ച കേസിൽ കാട്ടീവീട്ടിൽ ഇഹാബ് ഹംസ (44) ആണ് പിടിയിലായത്.
നവംബർ മൂന്നിന് വൈകീട്ട് 5.30-നും നവംബർ നാലിന് രാവിലെയ്ക്കും ഇടയിലാണ് മോഷണം നടന്നത്. രാവിലെ ഓഫീസിലെത്തിയ ജീവനക്കാരാണ് കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും നഷ്ടപ്പെട്ട വിവരം ശ്രദ്ധിച്ചത്. ഓഫീസിലെ ഫയലുകൾ വാരിവലിച്ചിട്ട നിലയിലുമായിരുന്നു.
തുടർന്ന് ജീവനക്കാർ പോലീസിൽ വിവരമറിയിച്ചു. സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വേങ്ങര പോലീസിലെ പ്രത്യേക അന്വേഷണസംഘം പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഓഫീസ് പ്രവർത്തനസമയത്ത് കെട്ടിടത്തിന്റെ താക്കോലുകൾ അലക്ഷ്യമായി സൂക്ഷിച്ചതാണ് മോഷണം എളുപ്പമാക്കിയതെന്നും ഇത് ഗുരുതരമായ സുരക്ഷാവീഴ്ചയാണെന്നും നാട്ടുകാർ ആരോപിക്കുന്നു. അതേസമയം, പ്രതി വെങ്കുളം സ്വദേശിയാണെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ തെറ്റാണെന്നും ഇയാൾ വർഷങ്ങൾക്കുമുമ്പ് തന്നെ വേങ്ങര മാർക്കറ്റ് റോഡിലേക്ക് താമസം മാറിയതാണെന്നും പ്രദേശവാസികൾ പറയുന്നു.