ബെംഗളൂരു: ആദായ നികുതി വകുപ്പിന്റെ റെയ്ഡിനിടെ സ്വയം വെടിവച്ചു മരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ.സി.ജെ.റോയിയുടെ (57) പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. വെടിയുണ്ട ഇടതു നെഞ്ചിൽ തുളച്ചു കയറി റോയി തൽക്ഷണം മരിച്ചതായി പോസ്റ്റുമോർട്ടം നടത്തിയ ബൗറിങ് ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് എം.എൻ. അരവിന്ദ് പറഞ്ഞു.
നെഞ്ചിൽ തുളച്ചു കയറിയ വെടിയുണ്ട ഹൃദയത്തെയും ശ്വാസകോശത്തെയും കീറിമുറിച്ച് പിൻഭാഗത്തുകൂടി പുറത്തു കടന്നു. നെഞ്ചിൽ തോക്ക് ചേർത്തുവച്ച് ഒറ്റത്തവണയാണ് വെടിയുതിർത്തത്. 6.35 എംഎം വലുപ്പമുള്ള വെടിയുണ്ട കണ്ടെത്തി. അതേസമയം വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി കാക്കുകയാണ് പോലീസ്. കൂടാതെ സംഭവസ്ഥലത്തുനിന്ന് ശേഖരിച്ച രക്ത സാംപിളുകളുടെയും മറ്റും പരിശോധന നടത്തിവരികയാണ്. അതുപോലെ റോയിയുടെ മരണം ജോ. കമ്മിഷണറും 2 എസ്പിമാരും ഉൾപെടുന്ന പ്രത്യേക സംഘം അന്വേഷിക്കും.
ആദായ നികുതി ഉദ്യോഗസ്ഥർ നോട്ടിസ് നൽകിയതിനെ തുടർന്നാണ് ദുബായിൽനിന്ന് ദിവസങ്ങൾക്ക് മുൻപ് റോയി ബെംഗളൂരുവിലെത്തിയത്. മൊഴിയെടുക്കുന്നതിനിടയിൽ മുറിയിലേക്ക് പോയ റോയിയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ലാങ്ഫഡ് ടൗണിലെ കമ്പനി ആസ്ഥാനത്ത് ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നേകാലിനായിരുന്നു സംഭവം. കൊച്ചിയിൽനിന്നുള്ള എട്ടംഗ സംഘമാണ് റെയ്ഡ് നടത്തിയത്.
അതേസമയം ആദായ നികുതി ഉദ്യോഗസ്ഥരാണ് റോയിയുടെ മരണത്തിനു കാരണമെന്ന് സഹോദരൻ സി.ജെ.ബാബു ആരോപിച്ചു. ഉദ്യോഗസ്ഥർ സമ്മർദത്തിലാക്കിയതിനെ തുടർന്നാണ് റോയ് ജീവനൊടുക്കിയതെന്ന് ലീഗൽ അഡ്വൈസർ പ്രകാശ് ആരോപിച്ചു. ആദായ നികുതിയുമായി ബന്ധപ്പെട്ട് അപ്‌ലറ്റ് ട്രൈബ്യൂണലിലും കർണാടക ഹൈക്കോടതിയിലും കോൺഫിഡൻസ് ഗ്രൂപ്പിനു കേസുകളുണ്ടായിരുന്നുവെന്നാണ് വിവരം.














































