കോഴിക്കോട്: കൂളിമാടിന് സമീപം പാഴൂർ- മുന്നൂരിൽ ബൈക്ക് യാത്രക്കാരെ ഇടിച്ച് തെറിപ്പിച്ച് കാര്‍. സംഭവത്തിന് പിന്നില്‍ മുന്‍ വൈരാഗ്യം. സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നതിന് പിന്നാലെയാണ് സംഭവത്തിന്റെ ചുരുൾ അഴിയുന്നത്. അപകടം നടക്കുന്നതിന് തൊട്ടുമുൻപ് ബൈക്കിൽ എത്തിയവർ കാറിന് നേരെ വടിവാൾ വീശുന്നത് ദൃശ്യങ്ങളിൽ കാണാം. ഇന്ന് രാവിലെയാണ് അപകടം നടന്നത്.
റോഡിന് മധ്യത്തിൽ നിർത്തിയിട്ട ബൈക്കിനെ എതിർദിശയിൽ വന്ന കാർ അമിതവേഗത്തിൽ എത്തി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിലുണ്ടായിരുന്ന രണ്ട് പേരും റോഡിലേക്ക് തെറിച്ചുവീണു. ഉടൻതന്നെ പരിസരത്ത് ഉണ്ടായിരുന്നവർ പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇതുവരെയുള്ള കാര്യങ്ങളാണ് ആദ്യഘട്ടത്തിൽ പുറത്തുവന്നത്.
പിന്നീടാണ് ഇത് അപകടമല്ലെന്നും പക തീർക്കലാണെന്നും വ്യക്തമാകുന്നത്. ഇന്ന് രാവിലെ ഒൻപത് മണിയോടെ കറുത്തേടത്ത് തൻസീഫ് എന്നയാളെ അയൽക്കാരനായ ഇർഫാൻ മർദ്ദിച്ചിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. പരിക്കേറ്റ തൻസീഫിനെ ഉമ്മയും സഹോദരങ്ങളും ചേർന്ന് മുക്കത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നിന്നും സഹോദരൻമാർ മടങ്ങി വരുന്ന വഴി ഇവർ ഇർഫാന്റെ കാർ വരുന്നത് കാണുന്നു. പിന്നാലെ ബൈക്ക് റോഡിന് മദ്ധ്യത്തിൽ നിർത്തി വടിവാൾ കൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.













































