ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹിന്ദുവാണെന്ന് തെളിയിക്കണമെന്ന് സന്യാസി സ്വാമി അവിമുക്തേശ്വരാനന്ദ്. പ്രയാഗ് രാജിൽ നടക്കുന്ന മാഘ് മേളയിൽ പുണ്യസ്നാനം നടത്താൻ അനുവദിക്കാത്തതിനെതുടർന്ന് മടങ്ങിയതിനുശേഷമാണ് പ്രമുഖ്യ സന്യാസി യോഗി ആദിത്യനാഥിനെതിരെ കടുത്ത വിമർശനങ്ങൾ നടത്തിയത്. കാവി ധരിച്ച് പ്രസംഗിച്ചതുകൊണ്ടുമാത്രം ഒരാൾ സന്യാസിയാകില്ല.
അതിന് ഗോ സേവ നടത്തുകയും, ധർമസേവ നടത്തുകയും ചെയ്യണം. ഇന്ത്യയിൽനിന്ന് കയറ്റുമതി ചെയ്യുന്ന ബീഫിന്റെ 40 ശതമാനവും യു.പി.യിൽനിന്നാണ്. രാമരാജ്യം കെട്ടിപ്പടുക്കുന്നത് ബീഫ് വിറ്റുകിട്ടുന്ന പണം കൊണ്ടാണോയെന്നും സ്വാമി ചോദിച്ചു. ജനുവരി 18ന് ത്രിവേണി സംഗമത്തിൽ പുണ്യ സ്നാനത്തിന് പ്രത്യേക പല്ലക്കിലാണ് സ്വാമി എത്തിയത്.
പല്ലക്കിൽ പോകുന്നതിന് പൊലീസ് അനുവദിച്ചില്ല. തിരക്കുകാരണമാണിതെന്നും മറ്റൊരു ദിവസം പല്ലക്കുമായി വരുന്നതിന് തടസമില്ലെന്നും പൊലീസ് പറഞ്ഞെങ്കിലും സ്വാമി മടങ്ങുകയായിരുന്നു.














































