ചെന്നൈ: തമിഴ്നാട്ടിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പിന്തുണ നൽകുന്നതിനെക്കുറിച്ച് TVK പരിഗണിക്കുന്നുണ്ടെന്ന് സൂചിപ്പിച്ച് വിജയ്‌യുടെ അച്ഛനും നിർമാതാവും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖർ. ചരിത്രവും പാരമ്പര്യവുമുള്ള പാർട്ടിയായ കോൺഗ്രസ് നിലവിൽ ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്നും പാർട്ടിയെ പഴയ പ്രതാപത്തിലേയ്ക്ക് തിരികെ കൊണ്ടുവരാൻ വിജയ്ക്കാകുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കവെയാണ് ചന്ദ്രശേഖർ ഇക്കാര്യങ്ങൾ പരാമർശിച്ചത്.
‘കോൺഗ്രസ് സ്വാതന്ത്ര്യത്തിനായി പോരാടി. എന്നാൽ ഇപ്പോൾ ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഒരു പാർട്ടിയായി അതു മാറി.അവർ മറ്റ് പാർട്ടികൾക്ക് പിന്തുണ നൽകുകയാണ്. ദിനംപ്രതി ക്ഷയിച്ചുകൊണ്ടിരിക്കുന്ന പാർട്ടിയാണത്. വിജയ് അവരെ പിന്തുണയ്ക്കാനും പഴയ പ്രതാപം വീണ്ടെടുക്കാനും തയ്യാറാണ്‘. അദ്ദേഹം വ്യക്തമാക്കി.
കരൂരിൽ നടന്നത് എന്താണെന്ന് ജനങ്ങൾക്ക് വ്യക്തമായി അറിയാമെന്നും ചന്ദ്രശേഖർ പറഞ്ഞു. TVKയുടെ വിജയ സാധ്യത തിളക്കമാർന്നതാണ്. ആദ്യമായി രാഷ്ട്രീയത്തിലേക്ക് വരുന്ന ഒരാൾക്ക് തടസ്സങ്ങൾ നേരിടുന്നത് സ്വാഭാവികമാണ്. വിജയ്ക്ക് അത്തരം എത്ര വലിയ തടസ്സങ്ങളെയും നേരിടാൻ കഴിയും. ജനങ്ങൾ വിജയ്‌യെ ഒറ്റയ്ക്ക് മത്സരിക്കാൻ പ്രേരിപ്പിക്കുന്നു. അദ്ദേഹം സ്വതന്ത്രമായി മത്സരിച്ചാൽ വിജയം ഉറപ്പാണെന്നും ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
‘ജനനായകൻ’ സിനിമയ്ക്ക് ‘യു/എ’ സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് അടുത്തിടെ മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, ജസ്റ്റിസ് ജി. അരുൾ മുരുകൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ചൊവ്വാഴ്ച ഈ ഉത്തരവിട്ടത്. സ്വാഭാവികനീതി പാലിക്കപ്പെട്ടില്ലെന്ന് നിരീക്ഷിച്ച കോടതി, വിഷയം വീണ്ടും പരിഗണിക്കാൻ സിംഗിൾ ബെഞ്ചിന് തിരിച്ചയച്ചു.
സെൻസർ ബോർഡിന് (CBFC) മറുപടി നൽകാൻ മതിയായ അവസരം നൽകിയശേഷം സിംഗിൾ ബെഞ്ച് പുതിയ തീരുമാനമെടുക്കണമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിൽ പറയുന്നു. ഹർജിയിൽ ഭേദഗതി വരുത്താൻ നിർമാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസിനും കോടതി അനുമതി നൽകിയിട്ടുണ്ട്. ഈ സാഹചര്യം നിലനിൽക്കുമ്പോഴാണ് TVK-കോൺഗ്രസ് സഖ്യസാധ്യതയേക്കുറിച്ച് എസ്.എ. ചന്ദ്രശേഖർ അഭിപ്രായപ്പെട്ടിരിക്കുന്നത്.

















































