ന്യൂഡൽഹി: പണമിടപാടുകൾക്കിടയിൽ ചില്ലറ ഒപ്പിക്കാൻ ഇനി പാടുപെടേണ്ടി വരില്ല. ചില്ലറ ക്ഷാമം പരിഹരിക്കാൻ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും പ്രത്യേക പദ്ധതി യാഥാർത്ഥ്യമാക്കാൻ പോവുകയാണ്. ‘ഹൈബ്രിഡ് എടിഎം‘ എന്ന പുതു സംവിധാനമാണ് ഈ പദ്ധതി വഴി രാജ്യമെമ്പാടും സജ്ജീകരിക്കപ്പെടുക. ഈ എടിഎമ്മുകളിൽ നിന്നും 10, 20, 50 രൂപ പോലുള്ള ചെറിയ മൂല്യമുള്ള നോട്ടുകളടക്കം ലഭ്യമാകും.
ഇന്ന് യുപിഐ, ഡിജിറ്റൽ ഇടപാടുകൾ കൂടിയെങ്കിലും ചില്ലറയുടെ ആവശ്യം കുറഞ്ഞിട്ടില്ല. നിലവിലുള്ള എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുമ്പോൾ മിക്കപ്പോഴും 500 രൂപ നോട്ടുകളാണ് ലഭിക്കുന്നത്. 50, 100 രൂപയുടെ ചില്ലറകളായി തുക പിൻവലിക്കാൻ പ്രയാസമാണ്.
ഈ സാഹചര്യത്തിലാണ് ചെറിയ മൂല്യമുള്ള നോട്ടുകൾ ജനങ്ങളിലേക്ക് എളുപ്പത്തിൽ എത്തിക്കാൻ പുതിയ തരം എടിഎമ്മുകൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാരും റിസർവ്വ് ബാങ്കും പദ്ധതിയിട്ടിരിക്കുന്നത്.
ഈ പദ്ധതിയുടെ പൈലറ്റ് പ്രോജക്റ്റ് മുംബൈയിൽ ആരംഭിച്ചതായി റിസർവ് ബാങ്ക് വൃത്തങ്ങൾ അറിയിച്ചു. ഇത് വിജയിച്ചാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹൈബ്രിഡ് എടിഎമ്മുകൾ സ്ഥാപിക്കും. പണം പിൻവലിക്കാൻ മാത്രമല്ല, വലിയ നോട്ടുകൾക്ക് ചില്ലറ നൽകാനും ഹൈബ്രിഡ് എടിഎം മെഷീനിൽ സൗകര്യമുണ്ടാകും. നിലവിൽ രാജ്യത്ത് പ്രചാരത്തിലുള്ള കറൻസിയുടെ വലിയൊരു ഭാഗം 500 രൂപ നോട്ടുകളാണ്. 10, 20, 50 രൂപ നോട്ടുകളുടെ എണ്ണം വളരെ കുറവാണ്. ഇതിനാലാണ് പുതിയ നീക്കം.
ആദ്യ ഘട്ടത്തിൽ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയുള്ള പൊതുവിടങ്ങളിലാകും ഇത്തരം എടിഎമ്മുകൾ സ്ഥാപിക്കുക. പിന്നീട് ഗ്രാമപ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും.
ഉയർന്ന മൂല്യമുള്ള നോട്ടുകളും മൂല്യം കുറഞ്ഞ നോട്ടുകളും ഒരുപോലെ പ്രചാരത്തിലാക്കാൻ ഈ പദ്ധതി വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹൈബ്രിഡ് എടിഎം വരുന്നതോടെ ജനങ്ങളുടെ ദൈനംദിന ഇടപാടുകൾ എളുപ്പമാകും. ഹൈബ്രിഡ് എടിഎമ്മുകൾ വ്യാപകമാക്കുന്നതിനൊപ്പം ചെറിയ മൂല്യമുള്ള നോട്ടുകളുടെ അച്ചടി വർദ്ധിപ്പിക്കാനും ആർബിഐ ലക്ഷ്യമിടുന്നുണ്ട്.














































