ഒകാന: കൊളംബിയൻ സർക്കാർ ഉടമസ്ഥതയിലുള്ള സറ്റെന എയർലൈൻസ് വിമാനം തകർന്നുവീണ് 15 പേർക്ക് ദാരുണാന്ത്യം. വെനസ്വേല അതിർത്തിക്കു സമീപമാണ് വിമാനം തകർന്നുവീണത്. 13 യാത്രികരും രണ്ട് ജീവനക്കാരുമടക്കം 15 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 15 പേരും മരിച്ചതായി കൊളംബിയ സിവിൽ എവിയേഷൻ അതോറിറ്റി അറിയിച്ചു.
ഒരു നിയമസഭാ സാമാജികനും ഒരു നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയും വിമാനത്തിൽ യാത്ര ചെയ്തിരുന്നതായി റിപ്പോർട്ടുണ്ട്. കൊളംബിയ ചെംബർ ഓഫ് ഡെപ്യൂട്ടീസ് അംഗം ഡിയോജൻസ് ക്വിൻ്ററോയും വിമാനത്തിൽ യാത്രചെയ്തിരുന്നതായാണ് വിവരം.
കൊളംബിയയുടെ അതിർത്തി നഗരമായ കുകൂട്ടയിൽനിന്ന് പുറപ്പെട്ട വിമാനം ഉച്ചയോയെ സമീപത്തെ ഒകാനയിൽ ഇറങ്ങേണ്ടതായിരുന്നു. എന്നാൽ, ലാൻഡിംഗിന് മുൻപായി ടവറുമായുള്ള ബന്ധം നഷ്ടപ്പെട്ടു. വനനിബിഡമായ പ്രദേശമാണ് കുകൂട്ട . അതിനാൽ അവിടുത്തെ കാലാവസ്ഥ അതിവേഗം മാറും. കൊളംബിയയിലെ ഏറ്റവും വലിയ ഗറില്ല വിഭാഗമായ നാഷണൽ ലിബറേഷൻ ആർമിയുടെ നിയന്ത്രണത്തിലുള്ള മേഖലയാണിത്. വിമാനത്തിനായി തിരച്ചിൽ നടത്താനും മൃതദേഹങ്ങൾ വീണ്ടെടുക്കാനും സർക്കാർ വ്യോമസേനയെ വിന്യസിച്ചു.
ബുധനാഴ്ച മഹാരാഷ്ട്രയിലുണ്ടായ വിമാന അപകടത്തിനു പിന്നാലെയാണ് കൊളംബിയയിലും സമാന സംഭവം ഉണ്ടായിരിക്കുന്നത്. ബാരാമതിൽ സ്വകാര്യ വിമാനം ലാൻഡിംഗിന് തൊട്ടു മുൻപ് തകർന്നു വീണ സംഭവത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറും ഒപ്പം യാത്ര ചെയ്ത പൈലറ്റ് ഉൾപ്പെടെ മറ്റ് അഞ്ചു പേരുമാണ് കൊല്ലപ്പെട്ടത്.
















































