ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ചരിത്രപ്രധാനമായ സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മദർ ഓഫ് ഓൾ ഡീൽസ് പ്രഖ്യാപിച്ചത്. ഏകദേശം രണ്ട് ദശാബ്ദത്തോളം ഇടവേളകളോടെ നടന്ന ചർച്ചകൾക്കൊടുവിലാണ് ‘മദർ ഓഫ് ഓൾ ഡീൽസ്’എന്ന് മോദി വിശേഷിപ്പിച്ച ഉടമ്പടി യാഥാർത്ഥ്യമായത്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ (താരിഫ്) നയങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ–EU കരാർ പ്രാധാന്യം നേടുന്നത്. 27 അംഗങ്ങളുള്ള യൂറോപ്യൻ യൂണിയനുമായി സ്വതന്ത്ര വ്യാപാരം സാധ്യമാക്കുന്നതിനായി ഇന്ത്യ തന്റെ വലിയതും കർശനമായി നിയന്ത്രിതവുമായ വിപണി ക്രമാനുഗതമായി തുറക്കാനാണ് കരാറിലൂടെ തീരുമാനിച്ചിരിക്കുന്നത്. EU ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ്.
അതുപോലെ ഈ അടുത്ത കാലത്ത് രാജ്യന്തര തലത്തിൽ പ്രഖ്യാപിക്കപ്പെട്ട ഏറ്റവും വലിയ വ്യാപാര കരാറുകളിലൊന്നാണിത്. ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന 99.5 ശമതാനം ഉൽപന്നങ്ങൾക്കും യൂറോപ്യൻ യൂണിയൻ തീരുവ ഇളവ് നൽകും. ഇറക്കുമതി ചെയ്യുന്ന 97 ശതമാനം ഉൽപന്നങ്ങൾക്ക് ഇന്ത്യയും തീരുവ ഇളവ് അനുവദിക്കും. ഡൽഹിയിൽ നടന്ന സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, യൂറോപ്യൻ കൗൺസിൽ പ്രസിഡൻറ് അൻറോണിയോ സാൻറോസ് ഡി കോസ്റ്റ, യൂറോപ്യൻ കമ്മിഷൻ പ്രസിഡൻറ് ഉർസുല ഫോൺ ഡെർ ലെയിൻ എന്നിവർ ചേർന്നാണ് പ്രഖ്യാപനം നടത്തിയത്.
അതേസമയം ഇന്ത്യയുമായി കരാറിലെത്തിയതോടെ യൂറോപ്യൻ രാജ്യങ്ങൾ റഷ്യ– യുക്രെയ്ൻ യുദ്ധത്തെ സഹായിക്കുകയാണെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബസൻറ് കുറ്റപ്പെടുത്തി. റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിനാണ് ഇന്ത്യക്ക് മേൽ 25 ശതമാനം തീരുവ ചുമത്തിയത്. എന്നാൽ ഇതിന് പിന്നാലെ യൂറോപ്യൻ യൂണിയൻ ഇന്ത്യയുമായി കരാറിലെത്തി. ഇന്ത്യയിലെത്തുന്ന റഷ്യൻ ക്രൂഡ് ഓയിൽ ശുദ്ധീകരിച്ച് യൂറോപിന് വിൽക്കുകയാണ്. യൂറോപിനെതിരായ യുദ്ധത്തിന് യൂറോപ് തന്നെ ഫണ്ട് ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുഎസുമായുള്ള വ്യാപാര കരാർ പാതിവഴിയിൽ നിൽക്കെ, യൂറോപ്യൻ യൂണിയനുമായി ചരിത്ര കരാറിൽ ഒപ്പിടാൻ ഇന്ത്യ ഒരുങ്ങുന്നതിനിടെയാണ് പ്രതികരണം.
കയറ്റുമതിക്ക് വൻ സാധ്യത
സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തലിൽ, ഈ കരാർ ഇന്ത്യയുടെ കയറ്റുമതി മേഖലയ്ക്ക് ശക്തമായ ഉണർവ് നൽകും. Emkay Global-ലെ ലീഡ് ഇക്കണോമിസ്റ്റ് മാധവി അറോറയുടെ അഭിപ്രായത്തിൽ, EU ഇന്ത്യയുടെ ചരക്ക് കയറ്റുമതിയിലെ ഏകദേശം 17% പങ്കുവഹിക്കുന്നു. കരാർ നടപ്പിലായാൽ 2031 ഓടെ ഇന്ത്യയുടെ EU കയറ്റുമതി ഏകദേശം 50 ബില്യൺ ഡോളർ വരെ ഉയരാൻ സാധ്യതയുണ്ട്. മിഡ്-ടെക് നിർമ്മാണ മേഖലയാകും ഇതിന്റെ പ്രധാന ഗുണഭോക്താവ്.
ഇറക്കുമതി കാര്യക്ഷമത വർധിക്കുക, വിദേശ നിക്ഷേപം (FDI) ഉയരുക, സാങ്കേതിക കൈമാറ്റം ശക്തമാകുക എന്നിവയും കരാറിൽ പ്രതീക്ഷിക്കുന്നു. ഫാർമസ്യൂട്ടിക്കൽസ്, വസ്ത്രവ്യവസായം, കെമിക്കൽ മേഖലകൾക്ക് പുറമേ IT സേവന മേഖലക്കും കരാർ ഗുണകരമാകും.
യുഎസ് തീരുവകളുടെ ആഘാതം കുറയ്ക്കും
Anand Rathi Group-ന്റെ ചീഫ് ഇക്കണോമിസ്റ്റ് സുജൻ ഹാജ്രയുടെ അഭിപ്രായത്തിൽ, യുഎസ് തീരുവകൾ ഇന്ത്യയ്ക്ക് സൃഷ്ടിക്കുന്ന സമ്മർദ്ദം കുറയ്ക്കാൻ ഇന്ത്യ–ഇ യു കരാർ സഹായകരമാകും. ജെംസ് ആൻഡ് ജ്വല്ലറി, സമുദ്രോൽപ്പന്നങ്ങൾ, വസ്ത്ര-ഗാർമെന്റ് മേഖലകൾ എന്നിവയിൽ യുഎസ്, EU വിപണികളിൽ സാമ്യമുള്ളതിനാൽ നഷ്ടം ഭാഗികമായി പരിഹരിക്കാനാകും.
വിപണി പ്രതികരണം മിതം
എന്നാൽ ദീർഘകാല നേട്ടമാണെങ്കിലും ഓഹരി വിപണിയിൽ ഉടനടി വലിയ ചലനം ഉണ്ടായില്ല. വിദേശ നിക്ഷേപ പിൻവലിക്കൽ, ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾ, മിശ്രമായ മൂന്നാം പാദ ഫലങ്ങൾ എന്നിവ വിപണിയെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. കരാർ നേരത്തേ തന്നെ വിപണി കണക്കിലെടുത്തിരുന്നതിനാൽ പ്രഖ്യാപനത്തിന് പിന്നാലെ വലിയ റാലി ഉണ്ടായില്ല. ചൊവ്വാഴ്ച ഉച്ചയോടെ സെൻസെക്സ് ഏകദേശം 60 പോയിന്റ് താഴ്ന്ന് 81,476 നിലയിലാണ് വ്യാപാരം നടന്നത്.
എല്ലാവർക്കും അവസരം- മോദി
ഇന്ത്യ–ഇയു വ്യാപാര കരാർ ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് വലിയ അവസരമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ഇന്നലെ ഇന്ത്യയും യൂറോപ്യൻ യൂണിയനും വലിയൊരു കരാറിലെത്തി. ആളുകൾ ഇതിനെ കരാറുകളുടെ മാതാവെന്നാണ് വിളിക്കുന്നത്. ലോകത്തിലെ രണ്ട് പ്രധാന സാമ്പത്തിക ശക്തികൾ തമ്മിലുള്ള പരസ്പര ബന്ധത്തിൻറെ ഉദാഹരണമാണിത്. ലോകത്തിൻറെ ആകെ ജിഡിപിയുടെ 25 ശതമാനവും രാജ്യാന്തര വ്യാപാരത്തിൻറെ മൂന്നിലൊന്നും പ്രതിനിധീകരിക്കുന്ന കരാറാണിതെന്നും അദ്ദേഹം പറഞ്ഞു.















































