ദുബായ്∙ ഇസ്‌ലാമാബാദ് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം ഏറ്റെടുക്കാനുള്ള കരാറിൽ നിന്നും യുഎഇ പിന്മാറി.2025 ഓഗസ്റ്റ് മുതൽ ചർച്ചയിലായിരുന്ന കരാറിന് അങ്ങനെ തിരശ്ശീല വീണു . യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ന്യൂഡൽഹിയിൽ നടത്തിയ മൂന്നു മണിക്കൂർ നീണ്ട സന്ദർശനത്തിനു പിന്നാലെയാണ് ഈ നീക്കം.
വിമാനത്താവള പ്രവർത്തനങ്ങൾക്കായി പ്രാദേശിക പങ്കാളിയെ കണ്ടെത്താൻ കഴിയാത്തതാണ് കരാർ ഉപേക്ഷിക്കാൻ കാരണമെന്നു പാക്കിസ്ഥാൻ ദിനപത്രമായ ‘ദി എക്സ്പ്രസ് ട്രിബ്യൂൺ’ റിപ്പോർട്ട് ചെയ്തു. എന്നാൽ കരാറിന്റെ തകർച്ചയ്ക്ക് പിന്നിലെ രാഷ്ട്രീയ കാരണങ്ങൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. യുഎഇയും സൗദി അറേബ്യയും തമ്മിലുള്ള വർധിച്ചുവരുന്ന അഭിപ്രായവ്യത്യാസങ്ങളാണ് കാരണമെന്നും സൂചനയുണ്ട്. യെമൻ വിഷയത്തിലടക്കം ഇരുരാജ്യങ്ങളും തമ്മിൽ ഭിന്നതകൾ നിലനിൽക്കുന്നുണ്ട്.
പാക്കിസ്ഥാൻ സൗദി അറേബ്യയുമായി കൂടുതൽ അടുക്കാനുള്ള ശ്രമങ്ങളിലാണ്. സൗദി അറേബ്യയുമായി ചേർന്ന് ‘ഇസ്‌ലാമിക് നാറ്റോ’ സഖ്യം രൂപീകരിക്കാൻ പാക്കിസ്ഥാൻ ശ്രമിക്കുകയാണ്. 2025 സെപ്റ്റംബറിൽ പാക്കിസ്ഥാനും സൗദിയും ഒപ്പിട്ട പ്രതിരോധ കരാർ പ്രകാരം ഒരാൾക്ക് നേരെയുള്ള ആക്രമണം ഇരു രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കും.
അതേസമയം, യുഎഇ – ഇന്ത്യ ബന്ധം കൂടുതൽ ഊഷ്മളമാവുകയാണ്. പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്താണ് യുഎഇ ഇന്ത്യയുമായി പുതിയ പ്രതിരോധ, വ്യാപാര കരാറുകളിൽ ഒപ്പുവയ്ക്കാൻ ഒരുങ്ങുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഇരട്ടിയാക്കാനും ധാരണയായിട്ടുണ്ട്.
പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഡൽഹി സന്ദർശനത്തോടനുബന്ധിച്ച് നിരവധി പദ്ധതികളാണ് ഇന്ത്യയും യുഎഇയും തമ്മിൽ ധാരണയിലായിരിക്കുന്നത്. യുഎഇയിൽനിന്ന് പ്രതിവർഷം 5 ലക്ഷം ടൺ ദ്രവീകൃത പ്രകൃതി വാതകം (എൽഎൻജി) വാങ്ങാൻ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ കരാറിൽ ഒപ്പിട്ടിരുന്നു. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനും (എച്ച്പിസി) അബുദാബി നാഷനൽ ഓയിൽ കമ്പനി ഗ്യാസുമായാണ് (അഡ്നോക് ഗ്യാസ്) 10 വർഷത്തെ കരാറിൽ ഒപ്പിട്ടത്. 2028 മുതലാണു എൽഎൻജി ലഭിക്കുക. ഇന്ത്യയുടെ ഊർജ സുരക്ഷ ഉറപ്പാക്കാനും വർധിച്ചുവരുന്ന ഊർജാവശ്യങ്ങൾ നിറവേറ്റാനും ഈ കരാർ സഹായമാകും.
ഡൽഹി സന്ദർശനത്തിനു പിന്നാലെ 900 ഇന്ത്യൻ തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ് ഉത്തരവിട്ടത് ഇന്ത്യയുമായുള്ള ശക്തമായ ബന്ധത്തിന്റെ തെളിവായി വിലയിരുത്തപ്പെടുന്നു. പതിറ്റാണ്ടുകൾക്ക് മുൻപ് പാക്കിസ്ഥാന്റെ വലിയ വ്യാപാര പങ്കാളിയായിരുന്ന യുഎഇ പാക്കിസ്ഥാനിലെ ഭരണപരമായ കെടുകാര്യസ്ഥതയും തുടർച്ചയായ സുരക്ഷാ പ്രശ്നങ്ങളും കാരണം ഇപ്പോൾ ഈ രാജ്യവുമായി അകലം പാലിക്കുകയാണ്.അതിന്റെ ഭാഗമായാണ് ഇസ്‌ലാമാബാദ് വിമാനത്താവള ഏറ്റെടുക്കലിൽ നിന്നുള്ള പിന്മാറ്റമെന്നും വിലയിരുത്തപ്പെടുന്നു\

















































