മധുര: വർഷങ്ങളായി മധുരയിൽ ചെറിയൊരു ചായക്കട നടത്തിവരികയാണ് കടുത്ത രജനി ആരാധകനായ രജനീ ശേഖർർ. രജനീ ശേഖറിന്റെ കടയിൽ വില്ക്കപ്പെടുന്ന സാധനങ്ങൾക്കെല്ലാം വിലയും വളരെക്കുറവാണ്. കാലങ്ങളായി അഞ്ച് രൂപയ്ക്കാണ് പൊറോട്ട വിൽക്കുന്നത്. കഴിഞ്ഞ ദിവസം ഈ ചായക്കടക്കാരന്റെ ജീവിതത്തിൽ മറക്കാനാവാത്ത ഒരു സംഭവം നടന്നു. താൻ പ്രാണനോളം സ്നേഹിച്ചാരാധിക്കുന്ന സാക്ഷാൽ സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ വീട്ടിലേയ്ക്ക് തികച്ചും അപ്രതീക്ഷിതമായി രജനി ശേഖറിന് ക്ഷണനം ലഭിച്ചു; അതും താരത്തിന്റെ നേരിട്ടുള്ള ക്ഷണം!
താരത്തിന്റെ ക്ഷണനത്തിനു പിന്നിലെ കാര്യം എന്താണെന്ന് രജനീ ശേഖറിന് ഒരു എത്തും പിടിയുമില്ലായിരുന്നു. എന്നാൽ, തന്റെ വീട്ടിലെത്തിയ ആരാധകനെയും കുടുംബത്തേയും സ്വർണമാലയും സമ്മാനങ്ങളുമേകിയാണ് രജനികാന്ത് സ്വീകരിച്ചത്. ഇക്കാര്യം സോഷ്യൽ മീഡിയയിൽ ഏറെശ്രദ്ധനേടിയെടുത്തുകൊണ്ടിരിക്കുകയാണ്. നിരവധി പേരാണ് രജനികാന്തിന്റെ പ്രവൃത്തിയെ പ്രശംസിക്കുന്നത്.
നെൽസൺ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ ആണ് രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം. രജനിക്കൊപ്പം വമ്പൻ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആദ്യ ഭാഗത്തിൽ മാത്യു എന്ന കഥാപാത്രമായെത്തിയ മോഹൻലാൽ രണ്ടാം ഭാഗത്തിലുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ബോളിവുഡിൽ നിന്നും ഷാരൂഖ് ഖാൻ രജനിക്കൊപ്പം കൈകോർക്കുന്നുവെന്നതു സംബന്ധിച്ചും ചില റിപ്പോർട്ടുകൾ പുറത്തുവരികയുണ്ടായി.



















































